IPL 2022 : സിഎസ്‌കെയില്‍ ധോണിക്കാലം തുടരാന്‍ രവീന്ദ്ര ജഡേജ; ആദ്യ പ്രതികരണം ആരാധകരെ ത്രസിപ്പിക്കുന്നത്
2012ൽ 9.8 കോടി രൂപയ്ക്ക് ചെന്നൈയിൽ എത്തിയ ജഡേജയെ ടീം ഇത്തവണത്തെ താരലേലത്തിൽ 16 കോടി രൂപയ്ക്കാണ് നിലനിർത്തിയത്
മുംബൈ: ഐപിഎല്ലില്‍ (IPL 2022) ചെന്നൈ സൂപ്പർ കിംഗ്‌സിൽ (Chennai Super Kings) എം എസ് ധോണിയുണ്ടാക്കിയ (MS Dhoni) നേട്ടങ്ങൾ നിലനിർത്തുകയാണ് ലക്ഷ്യമെന്ന് പുതിയ നായകൻ രവീന്ദ്ര ജഡേജ (Ravindra Jadeja). ധോണി (MSD) ടീമിലുള്ളതിനാൽ ആശങ്കയൊന്നുമില്ലെന്നും ജഡേജ പറഞ്ഞു.
ധോണിക്ക് തുല്യം ധോണി മാത്രം, ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ നായക പദവി ഒഴിഞ്ഞപ്പോഴും ധോണി ഇത് തെളിയിക്കുകയായിരുന്നു. ഐപിഎൽ പതിനഞ്ചാം സീസൺ തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേയാണ് ധോണി നായക പദവി രവീന്ദ്ര ജഡേജയ്ക്ക് കൈമാറിയത്. വലിയ ഉത്തരവാദിത്തമാണെങ്കിലും ധോണി ടീമിനൊപ്പമുള്ളതിനാൾ ആശങ്കയൊന്നുമില്ലെന്ന് ജഡേജ പറയുന്നു. 2020 ഓഗസ്റ്റ് 15ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ധോണി സിഎസ്കെയുടെ ഭാവി മുന്നിൽ കണ്ടാണ് നായക സ്ഥാനം ജഡേജയ്ക്ക് കൈമാറിയിരിക്കുന്നത്.
2012ൽ 9.8 കോടി രൂപയ്ക്ക് ചെന്നൈയിൽ എത്തിയ ജഡേജയെ ടീം ഇത്തവണത്തെ താരലേലത്തിൽ 16 കോടി രൂപയ്ക്കാണ് നിലനിർത്തിയത്. ജഡ്ഡു നായകനായേക്കുമെന്ന സൂചനകള്‍ അപ്പോള്‍ത്തന്നെ പുറത്തുവന്നിരുന്നു. എം എസ് ധോണിക്കും സുരേഷ് റെയ്നക്കും ശേഷം ചെന്നൈയുടെ നായകനാകുന്ന കളിക്കാരനാണ് രവീന്ദ്ര ജഡേജ. 2010ല്‍ ധോണിയുടെ അഭാവത്തില്‍ ചെന്നൈയെ റെയ്ന നാലു മത്സരങ്ങളില്‍ നയിച്ചിരുന്നു.
2008ല്‍ ഐപിഎല്ലിലെ അരങ്ങേറ്റ സീസണ്‍ മുതല്‍ ചെന്നൈയുടെ നായകനായിരുന്നു എം എസ് ധോണി. ചെന്നൈയെ നാലു തവണ കിരീടത്തിലേക്ക് നയിച്ച ധോണി, രോഹിത് ശര്‍മ്മക്ക് ശേഷം ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ നായകനാണ്. ധോണിക്ക് കീഴില്‍ ചെന്നൈ 204 മത്സരങ്ങള്‍ കളിച്ചപ്പോള്‍ ഇതില്‍ 121 എണ്ണത്തില്‍ ടീം ജയിച്ചു. വിജയശതമാനം 59.60. പന്ത്രണ്ട് സീസണില്‍ ചെന്നൈയെ നയിച്ച ധോണിക്ക് കീഴില്‍ 2020ല്‍ മാത്രമാണ് ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്തായത്.
'ക്യാപ്റ്റന്‍സി മാറ്റത്തെ കുറിച്ച് എം എസ് ധോണി ചിന്തിക്കുന്നുണ്ടായിരുന്നു. ജഡ്ഡുവിന് ക്യാപ്റ്റന്‍ പദവി കൈമാറാനുള്ള ഏറ്റവും ഉചിതമായ സമയമാണിത് എന്ന് ധോണിക്ക് തോന്നി. കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ജഡേജയെന്നും ധോണിക്കറിയാം. അതിനാല്‍ സിഎസ്‌കെയെ ജഡേജ നയിക്കേണ്ട കൃത്യമായ സമയമാണിത്' എന്നും സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍ പറഞ്ഞതായി ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്‌തു.