IPL 2022: എറിഞ്ഞിട്ട് പ്രസിദ്ധും ബോള്‍ട്ടും, പവര്‍ പ്ലേയില്‍ രാജസ്ഥാനെതിരെ തകര്‍ന്നടിഞ്ഞ് ഹൈദരാബാദ്
ഹൈദരാബാദിന്‍റെ പ്രതീക്ഷയായ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ രണ്ടാം ഓവറില്‍ പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ നല്‍കിയ ക്യാച്ച് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിന്‍റെയ ഗ്ലൗസില്‍ തട്ടിത്തെറിച്ചെങ്കിലും സ്ലിപ്പില്‍ നില്‍ക്കുകയായിരുന്ന ദേവ്ദത്ത് പടിക്കല്‍ പറന്നു പിടിച്ചു.
പൂനെ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 211 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിന് ബാറ്റിംഗ് തകര്‍ച്ച. പവര്‍പ്ലേയില്‍ മൂന്ന് വിക്കറ്റ് നഷ്ടമായ ഹൈദരാബാദ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴോവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 21 റണ്‍സെന്ന നിലയിലാണ്. നാലു റണ്‍സെടുത്ത അഭിഷേക് ശര്‍മയും ഒമ്പത് റണ്‍സെടുത്ത ഏയ്ഡന്‍ മാക്രമും ക്രീസില്‍. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍, രാഹുല്‍ ത്രിപാഠി, നിക്കൊളാസ് പുരാന്‍ എന്നിവരുടെ വിക്കറ്റുകളാണ് ഹൈദരാബാദിന് നഷ്ടമായത്. രാജസ്ഥാനുവേണ്ടി പ്രസിദ്ധ് കൃഷ്ണ രണ്ടും ട്രെന്‍റ് ബോള്‍ട്ട് ഒരു വിക്കറ്റുമെടുത്തു.
സഞ്ജു വിട്ടു, പടിക്കല്‍ പിടിച്ചു
ഹൈദരാബാദിന്‍റെ പ്രതീക്ഷയായ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ രണ്ടാം ഓവറില്‍ പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ നല്‍കിയ ക്യാച്ച് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിന്‍റെയ ഗ്ലൗസില്‍ തട്ടിത്തെറിച്ചെങ്കിലും സ്ലിപ്പില്‍ നില്‍ക്കുകയായിരുന്ന ദേവ്ദത്ത് പടിക്കല്‍ പറന്നു പിടിച്ചു. രണ്ട് റണ്‍സായിരുന്നു വില്യംസണ്‍ന്‍റെ സംഭാവന. രാഹുല്‍ ത്രിപാഠിയെ(0) പൂജ്യനാക്കി മടക്കിയ പ്രസിദ്ധ് ഇരട്ട പ്രഹമേല്‍പ്പിച്ചതിന് പിന്നാലെ നിക്കൊളാസ് പുരാനെ(0) ബോള്‍ട്ട് വിക്കറ്റിന് മുന്നില്‍ കുടുക്കി ഹൈദരാബാദിന്‍റെ തലയറുത്തു.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ സഞ്ജുവിന്‍റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെയും ദേവ്ദത്ത് പടിക്കലിന്‍റയെും ഇന്നിംഗ്സിന്‍റെ അവസാനം ഷിമ്രോണ്‍ ഹെറ്റ്മെയറിന്‍റെയും ബാറ്റിംഗ് വെടിക്കെട്ടിന്‍റെ കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തു. 27 പന്തില്‍ 55 റണ്‍സെടുത്ത സഞ്ജുവാണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. ഹൈദരാബാദിനായി ഉമ്രാന്‍ മാലിക്ക് രണ്ടും ഭുവനേശ്വര്‍ കുമാര്‍, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റുമെടുത്തു.