IPL 2022: അവസാന ഓവര്‍വരെ ആവേശം, ലഖ്നൗവിനെ വീഴ്ത്തി ഗുജറാത്തിന് ജയത്തുടക്കം

അവസാന അഞ്ചോവറില്‍ 58 റണ്‍സായിരുന്നു ഗുജറാത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ദീപക് ഹൂഡ എറിഞ്ഞ പതിനാറാം ഓവറില്‍ 22 റണ്‍സടിച്ച ഡേവിഡ് മില്ലറും രാഹുല്‍ തിവാട്ടിയയും ചേര്‍ന്ന് രവി ബിഷ്ണോയ് എറിഞ്ഞ പതിനേഴാം ഓവറില്‍ 17 റണ്‍സടിച്ച് ജയത്തിലേക്കുള്ള അകലം കുറച്ചു.

IPL 2022: Gujarat Titans beat Lucknow Super Giants in last over thriller

മുംബൈ: ഐപിഎല്ലില്‍(IPL 2022) ആവേശം അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന്(Gujarat Titans vs Lucknow Super Giants) ജയത്തുടക്കം. 159 റണ്‍സ് വിജലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് ടൈറ്റന്‍സ് രണ്ട് പന്ത് ബാക്കി നിര്‍ത്ത് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 24 പന്തില്‍ 40 റണ്‍സെടുത്ത് പുറത്താകാതെ നിന്ന രാഹുല്‍ തിവാട്ടിയയുടെയും ഏഴ് പന്തില്‍ 15 റണ്‍സുമായി പുറത്താകാതെ നിന്ന അഭിനവ് മനോഹറിന്‍റെയും പോരാട്ടമാണ് ഒരുഘട്ടത്തില്‍ കൈവിട്ടുവെന്ന് കരുതിയ കളി ഗുജറാത്തിന് അനുകൂലമാക്കിയത്. സ്കോര്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് 20 ഓവറില്‍ 158-6, ഗുജറാത്ത് ടൈറ്റന്‍സ് 19.4 ഓവറില്‍ 161-5.

അവസാന അഞ്ചോവറില്‍ 58 റണ്‍സായിരുന്നു ഗുജറാത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ദീപക് ഹൂഡ എറിഞ്ഞ പതിനാറാം ഓവറില്‍ 22 റണ്‍സടിച്ച ഡേവിഡ് മില്ലറും രാഹുല്‍ തിവാട്ടിയയും ചേര്‍ന്ന് രവി ബിഷ്ണോയ് എറിഞ്ഞ പതിനേഴാം ഓവറില്‍ 17 റണ്‍സടിച്ച് ജയത്തിലേക്കുള്ള അകലം കുറച്ചു. ആവേശ് ഖാന്‍ എറിഞ്ഞ പതിനെട്ടാം ഓവറില്‍ 9 റണ്‍സെടുത്തെങ്കിലും ഡേവിഡ് മില്ലറെ(21 പന്തില്‍ 30) നഷ്ടമായതോടെ ഗുജറാത്ത് സമ്മര്‍ദ്ദത്തിലായി. അവസാന രണ്ടോവറില്‍ 20 റണ്‍സും ആവേശ് ഖാന്‍ എറിഞ്ഞ അവസാന ഓവറില്‍ 11 റണ്‍സുമായിരുന്നു ഗുജറാത്തിന് ജയത്തിലേക്ക് വേണ്ടിയിരുന്നത്.

ആവേശ് ഖാന്‍റെ അവസാന ഓവറിലെ ആദ്യ രണ്ട് പന്തുകള്‍ തന്നെ ബൗണ്ടറി കടത്തി അഭിനവ് മനോഹര്‍ ഗുജറാത്തിന്‍റെ സമ്മര്‍ദ്ദം അകറ്റി. ഒടുവില്‍ നാലാം പന്ത് ബൗണ്ടറിയടിച്ച് തിവാട്ടിയ ഗുജറാത്തിന്‍റെ ഐപിഎല്‍ അരങ്ങേറ്റം ഗംഭീരമാക്കി. നേരത്തെ പവര്‍പ്ലേയില്‍ ആദ്യ ഓവരിലെ മൂന്നാം പന്തില്‍ ശുഭ്മാന്‍ ഗില്ലിനെ(0)യും വണ്‍ ഡൗണായി എത്തിയ വിജയ് ശങ്കറെ(4)യും പുറത്താക്കി ദുഷ്മന്ത് ചമീര ഗുജറാത്തിനെ ഞെട്ടിച്ചിരുന്നു.

എന്നാല്‍ നാലാം നമ്പറില്‍ ക്രിസിലെത്തിയ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ചമീരയെയും മൊഹ്സിന്‍ ഖാനെയും രണ്ട് തവണ വീതവും ബൗണ്ടറി കടത്തി ഗുജറാത്ത് സ്കോറിന് മാന്യത നല്‍കി. മാത്യു വെയ്ഡിനെ(30) ദീപക് ഹൂഡയും ഹാര്‍ദ്ദിക് പാണ്ഡ്യയെ(28 പന്തില്‍ 33) സഹോദരന്‍ ക്രുനാല്‍ പാണ്ഡ്യയും പുറത്താക്കിയതോടെ 78-4ലേക്ക് വീണ ഗുജറാത്തിനെ മില്ലറും തിവാട്ടിയയും ചേര്‍ന്ന് കരകയറ്റി.

നേരത്തെ. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് തുടക്കത്തിലെ തകര്‍ച്ചക്കുശേഷം ദീപക് ഹൂഡയുടെയും ആയുഷ് ബദോനിയുടെയും ബാറ്റിംഗ് മികവിലാണ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തത്.  41 പന്തില്‍ 55 റണ്‍സെടുത്ത ഹൂഡയാണ് ലഖ്‌നൗവിന്‍റെ ടോപ് സ്കോറര്‍. യുവതാരം ആയുഷ് ബദോനി 41 പന്തില്‍ 54 റണ്‍സെടുത്തു. പവര്‍ പ്ലേയില്‍ തന്നെ മൂന്ന് വിക്കറ്റുമായി ലഖ്‌നൗവിന്‍റെ മുന്‍നിര തകര്‍ത്ത മുഹമ്മദ് ഷമിയാണ് ഗുജറാത്തിനാിയ ബൗളിംഗില്‍ തിളങ്ങിയത്. പവര്‍ പ്ലേയില്‍ മൂന്നോവറില്‍ പത്ത് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ഷമി നാലോവറില്‍ 25 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ വരുണ്‍ ആരോണ്‍ 45 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി.

Latest Videos
Follow Us:
Download App:
  • android
  • ios