IPL 2022 : ചെന്നൈയുടെ തോല്‍വിക്കിടയിലും മിന്നിത്തിളങ്ങി ഡ്വെയ്ന്‍ ബ്രാവോ; ചരിത്ര നേട്ടത്തിനൊപ്പം
ഒരു വിക്കറ്റ് കൂടി നേടിയാല്‍ അദ്ദേഹത്തിന് ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ബൗളറാവാം. നിലവില്‍ 170 വിക്കറ്റുമായി മുന്‍ മുംബൈ ഇന്ത്യന്‍സ് താരം ലസിത് മലിംഗയ്്‌ക്കൊപ്പമാണ് ബ്രാവോ.
മുംബൈ: ഐപിഎല്ലിലെ (IPL 2022) ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് (KKR) തോറ്റെങ്കിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (CSK) വെറ്ററന്‍ താരം ഡ്വെയ്ന്‍ ബ്രാവോയെ (Dwayne Bravo) തേടി അപൂര്‍വ നേട്ടം. ഒരു വിക്കറ്റ് കൂടി നേടിയാല്‍ അദ്ദേഹത്തിന് ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ബൗളറാവാം. നിലവില്‍ 170 വിക്കറ്റുമായി മുന്‍ മുംബൈ ഇന്ത്യന്‍സ് താരം ലസിത് മലിംഗയ്ക്ക് ഒപ്പമാണ് ബ്രാവോ. ഇന്ന് മൂന്ന് വിക്കറ്റ് പ്രകടനത്തോടെയാണ് മുന്‍ വിന്‍ഡീസ് ചരിത്ര നേട്ടത്തിലെത്തിയത്.
ഇക്കാര്യത്തില്‍ ഇന്ത്യന്‍ വെറ്ററന്‍ സ്പിന്നര്‍ അമിത് മിശ്രയാണ് രണ്ടാമത്. അദ്ദേഹത്തിന് 166 വിക്കറ്റുണ്ട്. പിയൂഷ് ചൗള 157 വിക്കറ്റുമായി മൂന്നാം സ്ഥാനത്താണ്. ഇരുവരെയും ഇത്തവണ ടീമിലെടുക്കാന്‍ ഏതെങ്കിലും ഫ്രാഞ്ചൈസികള്‍ തയ്യാറായിരുന്നില്ല. 150 വിക്കറ്റ് നേടിയിട്ടുള്ള ഹര്‍ഭജന്‍ സിംഗ് നാലാമതാണ്. അദ്ദേഹം സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയും ചെയ്തു. മലിംഗ നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ബൗളിംഗ് പരിശീലകനാണ്. അതുകൊണ്ടുതന്നെ അടുത്ത കാലത്തൊന്നും ബ്രാവോയുടെ അടുത്തൊന്നും മറ്റു ബൗളര്‍മാരെത്തില്ല.
കൊല്‍ക്കത്ത താരങ്ങളായ വെങ്കടേഷ് അയ്യര്‍, നിതീഷ് റാണ, സാം ബില്ലിംഗ്‌സ് എന്നിവരെയാണ് ബ്രാവോ ഇന്ന് പുറത്താക്കിയത്. അതേസമയം ചെന്നൈ പരാജയപ്പെടുകയും ചെയ്തു. 132 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്ത 18.3 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 44 റണ്‍സ് നേടിയ അജിന്‍ക്യ രഹാനെയാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. ഡ്വെയ്ന്‍ ബ്രാവോ ചെന്നൈക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി.
നേരത്തെ എം എസ് ധോണി 38 പന്തില്‍ പുറത്താവാതെ നേടിയ 50 റണ്‍സാണ് ചെന്നൈയെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. റോബിന്‍ ഉത്തപ്പയും (28) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ നിലവിലെ ചാംപ്യന്മാരെ രണ്ട് വിക്കറ്റ് നേടിയ ഉമേഷ് യാദവും സ്പിന്നര്‍മാരുമാണ് തളച്ചത്.
മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ചെന്നൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളും പുതിയ ക്യാപ്റ്റന്റെ കീഴിലാണ് ഇറങ്ങുന്നത്. ചെന്നൈയെ രവീന്ദ്ര ജഡേജയാണ് നയിക്കുന്നത്.
എം എസ് ധോണിയില്‍ നിന്നാണ് ജഡേജ നായാകസ്ഥാനം ഏറ്റെടുത്തത്. ഓയിന്‍ മോര്‍ഗനായിരുന്നു അവസാന സീസണില്‍ കൊല്‍ക്കത്തയെ നയിച്ചിരുന്നത്. ശ്രയസ് അയ്യരാണ് കൊല്‍ക്കത്തയുടെ ക്യാപ്റ്റന്‍.