ട്വിറ്ററില്‍ സ്വന്തം ക്യാപ്റ്റനെ ട്രോളി രാജസ്ഥാന്‍, പിന്നാലെ രാജസ്ഥാനെ അണ്‍ഫോളോ ചെയ്ത് സഞ്ജു ?
ടീം ബസില്‍ ഇരിക്കുന്ന സഞ്ജുവിന്‍റെ തലയില്‍ തലപ്പാവും കണ്ണടയും ചെവിയില്‍ തോരണങ്ങളുമെല്ലാം തൂക്കിയുള്ളതായിരുന്നു ട്വീറ്റ് ചെയ്ത ചിത്രം. ഇതിന് പിന്നാലെ സഞ്ജു ഇതിന് മറുപടിയുമായി എത്തി. സുഹൃത്തുക്കളെ,സംഭവമൊക്കെ കൊള്ളാം പക്ഷെ ടീം എന്ന നിലയില്‍ പ്രഫഷണലായിരിക്കണം എന്നായിരുന്നു രാജസഥാന്‍റെ ട്വീറ്റിന് സഞ്ജു നല്‍കിയ മറുപടി.
മുംബൈ: ഏതാനും ദിവസം മുമ്പ് യുസ്‌വേന്ദ്ര ചാഹലിനെ(Yuzvendra Chahal) ഒരു ദിവസത്തേക്ക് രാജസഥാന്‍ റോയല്‍സിന്‍റെ( Rajasthan Royals) ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിന്‍റെ അഡ്മിനാക്കിയതിന്‍റെ പുകിലൊന്ന് മാറുന്നതിന് മുമ്പെ ട്വിറ്ററില്‍ വീണ്ടും പുലിവാല് പിടിച്ച് രാജസ്ഥാന്‍. രാജസ്ഥാന്‍റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണെ ട്രോളിയുള്ള ചിത്രം എന്തൊരു സുന്ദരനാണെന്ന അടിക്കുറിപ്പോടെ ട്വീറ്റ് ചെയ്തതിന് പിന്നാലെ സഞ്ജു രാജസ്ഥാനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
ടീം ബസില്‍ ഇരിക്കുന്ന സഞ്ജുവിന്‍റെ തലയില്‍ തലപ്പാവും കണ്ണടയും ചെവിയില്‍ തോരണങ്ങളുമെല്ലാം തൂക്കിയുള്ളതായിരുന്നു ട്വീറ്റ് ചെയ്ത ചിത്രം. ഇതിന് പിന്നാലെ സഞ്ജു ഇതിന് മറുപടിയുമായി എത്തി. സുഹൃത്തുക്കളെ,സംഭവമൊക്കെ കൊള്ളാം പക്ഷെ ടീം എന്ന നിലയില്‍ പ്രഫഷണലായിരിക്കണം എന്നായിരുന്നു രാജസഥാന്‍റെ ട്വീറ്റിന് സഞ്ജു നല്‍കിയ മറുപടി. പിന്നാലെ ട്വീറ്റ് ഡീലിറ്റ് ചെയ്ത് രാജസ്ഥാന്‍ തടിയൂരിയെങ്കിലും സഞ്ജുവിന്‍റെ ട്വീറ്റ് അദ്ദേഹത്തിന്‍റെ പ്രൊഫൈലില്‍ ഇപ്പോഴും ഉണ്ട്.
ഇതിന് പിന്നാലെ സഞ്ജു രാജസ്ഥാനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്തുവെന്ന വാര്‍ത്തകളും വന്നു. ട്വിറ്ററില്‍ ആറ് ലക്ഷത്തിലധികം പേരാണ് സഞ്ജുവിനെ ഫോളോ ചെയ്യുന്നത്. അതില്‍ സഞ്ജു ഫോളോ ചെയ്യുന്നതാകട്ടെ 60 പേരെയും. കെ എല്‍ രാഹുലും, യുസ്‌വേന്ദ്ര ചാഹലും ശ്രേയസ് അയ്യരും സച്ചിനും ദുല്‍ഖര്‍ സല്‍മാനും ബേസില്‍ ജോസഫുമെല്ലാം സഞ്ജു ഫോളോ ചെയ്യുന്നവരുടെ ലിസ്റ്റിലുണ്ടെങ്കിലും സ്വന്തം ടീമായ രാജസ്ഥാന്‍ റോയല്‍സില്ല.
കളിയാക്കല്‍ ട്വീറ്റ് വന്നതിനുശേഷമാണ് സഞ്ജു രാജസ്ഥാനെ അണ്‍ഫോളോ ചെയ്തതെന്നും ഇതിന് പിന്നാലെയാണ് രാജസ്ഥാന്‍ ട്വീറ്റ് പിന്‍വലിച്ചതെന്നുമാണ് റിപ്പോര്‍ട്ട്. ഐപിഎല്ലില്‍ മാര്‍ച്ച് 29ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ആണ് രാജസ്ഥാന്‍റെ ആദ്യ മത്സരം.
കഴിഞ്ഞ സീസണില്‍ സഞ്ജുവിന്‍റെ കീഴിലിറങ്ങിയ രാജസ്ഥാന്‍ ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. എന്നാല്‍ ഇത്തവണ ടീം അടിമുടി ഉടച്ചുവാര്‍ത്താണ് രാജസ്ഥാന്‍റെ വരവ്.ഈ സീസണില്‍ സഞ്ജുവിനെയും ജോസ് ബട്‌ലറെയും യശസ്വി ജയ്‌സ്വാളിനെയും നിലനിര്‍ത്തിയ രാജസ്ഥാന്‍ ഇത്തവണ ഐപിഎല്‍ താരലേലത്തില്‍ 6.5 കോടി രൂപ നല്‍കി യുസ്‌വേന്ദ്ര ചാഹലിനെയും അഞ്ച് കോടി രൂപക്ക് ആര്‍ അശ്വിനെയും രാജസ്ഥാന്‍ ടീമിലെടുത്തിരുന്നു.
ഇരുവര്‍ക്കും പുറമെ പേസര്‍ പ്രസിദ്ധ് കൃഷ്ണ(10 കോടി), ട്രെന്‍റ് ബോള്‍ട്ട്(10 കോടി), ഷെമ്രോണ്‍ ഹെറ്റ്‌മെയര്‍(8.50 കോടി), ദേവ്‌ദത്ത് പടിക്കല്‍(7.75 കോടി), നേഥന്‍ കോള്‍ട്ടര്‍നൈല്‍(2 കോടി), നവദീപ് സെയ്നി(2.6 കോടി), ജെയിംസ് നീഷാം(1.5 കോടി), റാസി വാന്‍ഡര്‍ ഡസ്സന്‍(1 കോടി) എന്നിവരെയും രാജസ്ഥാന്‍ സ്വന്തമാക്കിയിരുന്നു.