IPL 2022: പഞ്ചാബിനെതിരെ ഡല്‍ഹിക്ക് ടോസ്, കൊവിഡ് ഭീതിയിലും ഡല്‍ഹി ടീമില്‍ ഒരു മാറ്റം മാത്രം
പഞ്ചാബ് ടീമിലും ഒരു മാറ്റമുണ്ട്. നായകസ്ഥാനത്ത് മായങ്ക് അഗര്‍വാള്‍ തിരിച്ചെത്തിയപ്പോള്‍ ഒഡീന്‍ സ്മിത്തിന് പകരം നഥാന്‍ എല്ലിസ് പഞ്ചാബിന്‍റെ അന്തിമ ഇലവനിലെത്തി. സ്പിന്നര്‍ രാഹുല്‍ ചാഹര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി.
മുംബൈ: ഐപിഎല്ലില്‍ (IPL 2022) കൊവിഡ് (Covid-19) ആശങ്കകൾക്കിടെ നടക്കുന്ന ഡൽഹി ക്യാപിറ്റല്‍സ് -പഞ്ചാബ് കിംഗ്‌സ് (Delhi Capitals vs Punjab Kings) മത്സരത്തില്‍ ടോസ് നേടിയ ഡല്‍ഹി ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കൊവിഡ് ഭീതിക്കിടയിലും കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരേയൊരു മാറ്റവുമായാണ് ഡല്‍ഹി ടീം ഇന്ന് പഞ്ചാബിനെതിരെ ഇറങ്ങുന്നത്. കൊവിഡ് ബാധിതനായ മിച്ചല്‍ മാര്‍ഷിന് പകരം സര്‍ഫ്രാസ് ഖാന്‍ ഡല്‍ഹിയുടെ അന്തിമ ഇലവനിലെത്തി.
പഞ്ചാബ് ടീമിലും ഒരു മാറ്റമുണ്ട്. നായകസ്ഥാനത്ത് മായങ്ക് അഗര്‍വാള്‍ തിരിച്ചെത്തിയപ്പോള്‍ ഒഡീന്‍ സ്മിത്തിന് പകരം നഥാന്‍ എല്ലിസ് പഞ്ചാബിന്‍റെ അന്തിമ ഇലവനിലെത്തി. സ്പിന്നര്‍ രാഹുല്‍ ചാഹര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ഡല്‍ഹി ടീം ക്യാംപില്‍ ആറോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പുനെയില്‍ നടക്കേണ്ടിയിരുന്ന മത്സരം മുംബൈയിലേക്ക് മാറ്റുകയായിരുന്നു. ഡൽഹി താരം മിച്ചൽ മാർഷ്, ടിം സീഫര്‍ട്ട് എന്നിവരുൾപ്പെടെ ആറ് പേർക്ക് കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് സ്ഥിരീകരിച്ചതോടെ മത്സരം അനിശ്ചിതത്വത്തിലായിരുന്നു.
ഏപ്രില്‍ 15ന് ടീം ഫിസിയോ പാട്രിക്ക് ഫർഹാര്‍ടിനാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. സ്‌പോര്‍ട്‌സ് മസാജ് തെറാപ്പിസ്റ്റായ ചേതന്‍ കുമാറിന് ഏപ്രില്‍ 16ന് വൈറസ് ബാധ കണ്ടെത്തി. ഓസീസ് ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ്, ടീം ഡോക്‌ടര്‍ അഭിജിത്ത് സാല്‍വി, സോഷ്യല്‍ മീഡിയ കണ്ടന്‍റ് ടീം മെമ്പര്‍ ആകാശ് മാനെ എന്നിവര്‍ക്ക് ഏപ്രില്‍ 18നും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ടിം സീഫര്‍ട്ടിന് കൊവിഡ് സ്ഥീരീകരിച്ചത്.
നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് മിച്ചര്‍ മാര്‍ഷിന് കൊവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്‌ച രാവിലെ നടത്തിയ റാപ്പിഡ് ആന്‍റിജന്‍ പരിശോധനയില്‍ താരത്തിന് കൊവിഡ് കണ്ടെത്തി. നേരിയ പനിയും ലക്ഷണങ്ങളും പ്രകടിപ്പിച്ച മാര്‍ഷിന് പിന്നാലെ നടത്തിയ ആര്‍ടി-പിസിആര്‍ പരിശോധനയില്‍ ആദ്യ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ വൈകിട്ടോടെ മാര്‍ഷടക്കമുള്ള മൂന്ന് പേരുടെ ഫലം പോസിറ്റീവാകുകയായിരുന്നു.
Punjab Kings (Playing XI): Mayank Agarwal(c), Shikhar Dhawan, Jonny Bairstow, Liam Livingstone, Jitesh Sharma(w), Shahrukh Khan, Kagiso Rabada, Nathan Ellis, Rahul Chahar, Vaibhav Arora, Arshdeep Singh.
Delhi Capitals (Playing XI): Prithvi Shaw, David Warner, Rishabh Pant(w/c), Rovman Powell, Lalit Yadav, Sarfaraz Khan, Shardul Thakur, Axar Patel, Kuldeep Yadav, Mustafizur Rahman, Khaleel Ahmed.