IPL 2022 : ധോണിക്കും റെയ്‌നയ്‌ക്കും ശേഷം എലൈറ്റ് പട്ടികയിലേക്ക് ജഡേജ; ജഡ്ഡുവിന് നാളെ ചരിത്ര മത്സരം
പതിറ്റാണ്ടുകാലം നീണ്ട സിഎസ്‌കെ കരിയറില്‍ ജഡ്ഡു മികച്ച ഓള്‍റൗണ്ടായി പേരെടുത്തതിന് പുറമെ ടീമിന്‍റെ നിലവിലെ ക്യാപ്റ്റനുമായി
നവി മുംബൈ: ഐപിഎല്ലില്‍ (IPL 2022) ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി (Chennai Super Kings) 150-ാം മത്സരം കളിക്കാന്‍ രവീന്ദ്ര ജഡേജ (Ravindra Jadeja). ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ( DY Patil Stadium, Navi Mumbai) സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ (Sunrisers Hyderabad) നാളെ ഇറങ്ങുമ്പോഴാണ് ജഡേജ നാഴികക്കല്ല് കുറിക്കുക. മുന്‍ നായകന്‍ എം എസ് ധോണിയും(217), മുന്‍താരം സുരേഷ് റെയ്‌നയും(200) മാത്രമാണ് 150ലധികം മത്സരങ്ങള്‍ സിഎസ്‌കെ (CSK) കുപ്പായത്തില്‍ കളിച്ചിട്ടുള്ളൂ.
2012ലാണ് രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ എത്തിയത്. പതിറ്റാണ്ടുകാലം നീണ്ട സിഎസ്‌കെ കരിയറില്‍ ജഡ്ഡു മികച്ച ഓള്‍റൗണ്ടായി പേരെടുത്തതിന് പുറമെ ടീമിന്‍റെ നിലവിലെ ക്യാപ്റ്റനുമായി. ചെന്നൈക്കായി കൂടുതല്‍ വിക്കറ്റ് നേടിയ മൂന്നാമത്തെ താരമാണ് ജഡേജ. 149 മത്സരങ്ങളില്‍ 110 പേരെ പുറത്താക്കി. ഇതിനൊപ്പം 1,523 റണ്‍സും മഞ്ഞക്കുപ്പായത്തില്‍ പേരിലെഴുതി. നിരവധി മാച്ച് വിന്നിംഗ് പ്രകടനങ്ങള്‍ ജഡേജയുടെ ബാറ്റില്‍ നിന്നുണ്ടായി.
'സിഎസ്‌കെയാണ് എനിക്കെല്ലാം. ഇതെന്‍റെ കുടുംബമാണ് എന്‍റെ വീട് പോലെയാണീ ടീം. 10 വര്‍ഷമായി ടീമിന്‍റെ ഭാഗമാണ്. മറ്റൊരു ടീമിനായി കളിക്കുന്നത് പോലും ആലോചനയിലില്ല' എന്നും ചരിത്ര മത്സരത്തിന് മുമ്പ് ജഡേജ പറഞ്ഞു.
എന്നെന്നും വിശ്വസ്‌തന്‍
കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ 28 പന്തില്‍ പുറത്താകാതെ 62 റണ്‍സ് അടിച്ചുകൂട്ടി ടീമിന് 69 റണ്‍സിന്‍റെ വിജയം സമ്മാനിച്ചിരുന്നു രവീന്ദ്ര ജഡേജ. ഹര്‍ഷല്‍ പട്ടേലിന്‍റെ ഒരോവറില്‍ 36 റണ്‍സ് നേടിയതായിരുന്നു ഈ ഇന്നിംഗ്‌സിലെ ഏറ്റവും ആകര്‍ഷണം. ഈ സീസണില്‍ ആദ്യ മൂന്ന് മത്സരങ്ങളും തോറ്റെങ്കിലും ക്യാപ്റ്റന്‍ ജഡേജയ്‌ക്ക് കീഴില്‍ തിരിച്ചുവരവാണ് സണ്‍റൈസേഴ്‌സിനെതിരെ ചെന്നൈ ലക്ഷ്യമിടുന്നത്. നിലവില്‍ പോയിന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് സിഎസ്‌കെ.
IPL 2022: പഞ്ചാബിനെതിരെ ഗുജറാത്തിന് ടോസ്; മാറ്റങ്ങളോടെ ഇരു ടീമും