IPL 2022 : കരിയറിലെ രണ്ടാംതവണ! സിഎസ്‌കെ കുപ്പായത്തില്‍ ധോണി ഇന്നിറങ്ങുക അപൂര്‍വ സംഭവം
ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ക്യാപ്റ്റന്‍സിയിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്ന് ഐപിഎല്‍ ഉദ്‌ഘാടന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടുക
മുംബൈ: കളിക്കളത്തിൽ ഉണ്ടായിട്ടും ചെന്നൈ സൂപ്പർ കിംഗ്‌സിനെ (Chennai Super Kings) എം എസ് ധോണി (MS Dhoni) നയിക്കാത്ത രണ്ടാമത്തെ മാത്രം മത്സരമായിരിക്കും ഇന്നത്തേത്. 2012ലെ ചാമ്പ്യൻസ് ട്രോഫിയിലാണ് (2012 Champions League Twenty20) ഇതിന് മുൻപ് നായകനല്ലാതെ ധോണി സിഎസ്കെയിൽ (CSK) കളിച്ചിട്ടുള്ളത്. അന്ന് സുരേഷ് റെയ്‌നയായിരുന്നു (Suresh Raina) നായകന്‍. വിക്കറ്റിന് പിന്നില്‍ വൃദ്ധിമാന്‍ സാഹയും (Wriddhiman Saha). മത്സരത്തില്‍ രണ്ട് ഓവറുകള്‍ പന്തെറിഞ്ഞും ആരാധകരുടെ 'തല' ശ്രദ്ധ നേടിയിരുന്നു. ബാറ്റിംഗില്‍ 23 പന്തില്‍ 31 റണ്‍സെടുത്ത ധോണി പക്ഷേ ബൗളിംഗില്‍ 25 റണ്‍സ് വഴങ്ങി.
ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ക്യാപ്റ്റന്‍സിയിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്ന് ഐപിഎല്‍ പതിനഞ്ചാം സീസണിലെ ഉദ്‌ഘാടന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടുക. എം എസ് ധോണിയും ഇന്ന് കളിക്കും. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളാണ് ചെന്നൈയും കൊല്‍ക്കത്തയും. പരിക്കേറ്റ് എം എസ് ധോണി കളിക്കാതിരുന്ന മത്സരങ്ങളിൽ സുരേഷ് റെയ്‌ന ടീമിനെ നയിച്ചിട്ടുണ്ട്. ധോണിയും റെയ്നയും അല്ലാതെ സിഎസ്കെയെ നയിക്കുന്ന ആദ്യ താരമാണ് രവീന്ദ്ര ജഡേജ. കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കവേയാണ് ജഡേജയെ തേടി സിഎസ്‌കെയുടെ ക്യാപ്റ്റന്‍സി എത്തിച്ചേര്‍ന്നിരിക്കുന്നത്.
ശ്രദ്ധാകേന്ദ്രം ധോണി
മുംബൈയിൽ വൈകിട്ട് ഏഴരയ്ക്കാണ് ചെന്നൈ-കൊല്‍ക്കത്ത കളി തുടങ്ങുക. രവീന്ദ്ര ജഡേജ ചെന്നൈയുടെ നായകനായി അരങ്ങേറ്റം കുറിക്കുമ്പോൾ ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് കൊൽക്കത്തൻ ജഴ്സിയിൽ ആദ്യ മത്സരമാണിന്ന്. സിഎസ്‌കെയുടെ ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞെങ്കിലും ധോണി തന്നെയാവും മത്സരത്തിലെ ശ്രദ്ധാകേന്ദ്രം.
2008ല്‍ ഐപിഎല്ലിലെ അരങ്ങേറ്റ സീസണ്‍ മുതല്‍ ചെന്നൈയുടെ നായകനായിരുന്നു എം എസ് ധോണി. ചെന്നൈയെ നാലു തവണ കിരീടത്തിലേക്ക് നയിച്ച ധോണി, രോഹിത് ശര്‍മ്മക്ക് ശേഷം ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ നായകനാണ്. ധോണിക്ക് കീഴില്‍ ചെന്നൈ 204 മത്സരങ്ങള്‍ കളിച്ചപ്പോള്‍ ഇതില്‍ 121 എണ്ണത്തില്‍ ടീം ജയിച്ചു. വിജയശതമാനം 59.60. പന്ത്രണ്ട് സീസണില്‍ ചെന്നൈയെ നയിച്ച ധോണിക്ക് കീഴില്‍ 2020ല്‍ മാത്രമാണ് ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്തായത്.
IPL 2022 : കരുത്ത് കൂടുതല്‍ ചെന്നൈയ്‌ക്കോ കൊല്‍ക്കത്തയ്‌ക്കോ? ടീമുകളുടെ ശക്തിദൗര്‍ബല്യങ്ങള്‍ അറിയാം