IPL 2022 : ധോണി എന്തിന് നായകസ്ഥാനം ഒഴിഞ്ഞു, ജഡേജ എങ്ങനെ ക്യാപ്റ്റനായി; രഹസ്യം വെളിപ്പെടുത്തി സിഎസ്‌കെ സിഇഒ

എന്തുകൊണ്ടാണ് ക്യാപ്റ്റന്‍ പദവിയില്‍ എം എസ് ധോണിയുടെ പിന്‍ഗാമി രവീന്ദ്ര ജഡേജ തന്നെയെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ചിന്തിച്ചത്? ഉത്തരമിതാ...

IPL 2022 CSK CEO reveals Why MS Dhoni Stepped Down as captain and How Ravindra Jadeja names as new skipper

മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണിന് (IPL 2022) തിരശ്ശീല ഉയരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ ക്യാപ്റ്റന്‍സി മാറ്റവുമായി അമ്പരപ്പിച്ചിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (Chennai Super Kings). നായകപദവിയില്‍ എം എസ് ധോണി (MS Dhoni) യുഗത്തിന് വിരാമിട്ട് ക്യാപ്റ്റന്‍സി രവീന്ദ്ര ജഡേജയ്‌ക്ക് (Ravindra Jadeja) കൈമാറുകയായിരുന്നു സിഎസ്‌കെ (CSK). ധോണി ക്യാപ്റ്റന്‍ സ്ഥാനം കൈമാറാനെടുത്ത തീരുമാനത്തെ കുറിച്ച് വിശദീകരിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സിഇഒ കാശി വിശ്വനാഥന്‍ (Kasi Viswanathan). 

'ക്യാപ്റ്റന്‍സി മാറ്റത്തെ കുറിച്ച് എം എസ് ധോണി ചിന്തിക്കുന്നുണ്ടായിരുന്നു. ജഡ്ഡുവിന് ക്യാപ്റ്റന്‍ പദവി കൈമാറാനുള്ള ഏറ്റവും ഉചിതമായ സമയമാണിത് എന്ന് ധോണിക്ക് തോന്നി. കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ജഡേജയെന്നും ധോണിക്കറിയാം. അതിനാല്‍ സിഎസ്‌കെയെ ജഡേജ നയിക്കേണ്ട കൃത്യമായ സമയമാണിത്' എന്നും കാശി വിശ്വനാഥന്‍ പറഞ്ഞതായി ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്‌തു. 

സര്‍പ്രൈസല്ലിത്

'ജഡേജയെ ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം തന്നെ ഇങ്ങനെയൊരു പദ്ധതിയുണ്ടായിരുന്നു. എം എസ് ധോണിയുടെ പിന്‍ഗാമിയാവാന്‍ ഏറ്റവും ഉചിതനാണ് ജഡേജയെന്ന് നമുക്കറിയാം. രാജ്യാന്തര ക്രിക്കറ്റില്‍ വളര്‍ത്തിയെടുത്തതിന് ശേഷം വിരാട് കോലിക്ക് ഇന്ത്യന്‍ ക്യാപ്റ്റന്‍സി ധോണി കൈമാറിയതിന് സമാനമാണിത്. അതേപോലെ അനായാസം ക്യാപ്റ്റന്‍സി മാറ്റം ചെന്നൈ സൂപ്പര്‍ കിംഗ്‌സിലും ധോണി ആഗ്രഹിച്ചിരുന്നു. ഫ്രാഞ്ചൈസിക്കായി മികവ് കാട്ടാന്‍ ജഡേജയ്‌ക്കാകും. മികച്ച ഓള്‍റൗണ്ടറാണ് അദേഹം. ടീമിനെ ഒന്നിച്ച് കൊണ്ടുപോകാന്‍ സാധിക്കും. ധോണിയുടെ പിന്തുണ എപ്പോഴുമുണ്ടാകും' എന്നും സിഎസ്‌കെ സിഇഒ കൂട്ടിച്ചേര്‍ത്തു. 

എം എസ് ധോണിക്കും സുരേഷ് റെയ്നക്കും ശേഷം ചെന്നൈയുടെ നായകനാകുന്ന മൂന്നാമത്തെ മാത്രം കളിക്കാരനാണ് രവീന്ദ്ര ജഡേജ. 2010ല്‍ ധോണിയുടെ അഭാവത്തില്‍ ചെന്നൈയെ റെയ്ന നാലു മത്സരങ്ങളില്‍ നയിച്ചിരുന്നു. 2012 മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ താരമാണ് രവീന്ദ്ര ജഡേജ. 

ക്യാപ്റ്റന്‍സിയില്‍ യുഗാന്ത്യം

2008ല്‍ ഐപിഎല്ലിലെ അരങ്ങേറ്റ സീസണ്‍ മുതല്‍ ചെന്നൈയുടെ നായകനായിരുന്നു എം എസ് ധോണി. ചെന്നൈയെ നാലു തവണ കിരീടത്തിലേക്ക് നയിച്ച ധോണി, രോഹിത് ശര്‍മ്മക്ക് ശേഷം ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ നായകനാണ്. ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും കളിക്കാരനെന്ന നിലയില്‍ ഈ സീസണിലും വരും സീസണിലും ധോണി ടീമിലുണ്ടാവുമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ധോണിക്ക് കീഴില്‍ ചെന്നൈ 204 മത്സരങ്ങള്‍ കളിച്ചപ്പോള്‍ ഇതില്‍ 121 എണ്ണത്തില്‍ ടീം ജയിച്ചു. വിജയശതമാനം 59.60. പന്ത്രണ്ട് സീസണില്‍ ചെന്നൈയെ നയിച്ച ധോണിക്ക് കീഴില്‍ 2020ല്‍ മാത്രമാണ് ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്തായത്.

IPL 2022: ആരാധകരെ ഞെട്ടിച്ച് വീണ്ടും ധോണി, നായകസ്ഥാനം ഒഴിഞ്ഞു; പുതിയ നായകനെ പ്രഖ്യാപിച്ച് ചെന്നൈ
 

Latest Videos
Follow Us:
Download App:
  • android
  • ios