IPL 2022 : തോല്‍വികളുടെ ക്ഷീണം മാറ്റാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്; എതിരാളികള്‍ പഞ്ചാബ് കിംഗ്‌സ്

ചരിത്രത്തിലാദ്യമായി രണ്ട് തോൽവികളോടെ സീസൺ തുടങ്ങിയതിന്‍റെ ഞെട്ടലിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്

IPL 2022 Chennai Super Kings vs Punjab Kings Preview

മുംബൈ: ഐപിഎല്ലിൽ (IPL 2022) ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- പഞ്ചാബ് കിംഗ്‌സ് (CSK vs PBKS) പോരാട്ടം. മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ(Brabourne Stadium) രാത്രി ഏഴരയ്ക്കാണ് മത്സരം. 

ചരിത്രത്തിലാദ്യമായി രണ്ട് തോൽവികളോടെ സീസൺ തുടങ്ങിയതിന്‍റെ ഞെട്ടലിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ടീമിന്‍റെ നിയന്ത്രണം എം എസ് ധോണിക്കോ രവീന്ദ്ര ജഡേജയ്ക്കോ എന്ന ചോദ്യങ്ങൾ ഉയരുന്നതും സിഎസ്കെ ആരാധകര്‍ക്കിടയിൽ ചര്‍ച്ചയാണ്. രാത്രിയിലെ മഞ്ഞുവീഴ്‌ച കാരണം സ്‌പിന്നര്‍മാരെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാത്തതും ദീപക് ചാഹറിന് പരിക്കേറ്റതോടെ യുവ പേസര്‍മാരെ ആശ്രയിക്കേണ്ടിവരുന്നതും സിഎസ്കെയുടെ ദൗര്‍ബല്യം. റുതുരാജ് ഗെയ്‌ക്‌വാദ് പോയ സീസണിലെ മികവിലേക്ക് ഉയരാത്തതും വെല്ലുവിളിയാണ്. എം എസ് ധോണി ഫിനിഷിംഗ് മികവ് ആവര്‍ത്തിക്കുന്നത് ടീമിന് ആശ്വാസം. 

ബാംഗ്ലൂരിനെ വീഴ്ത്തുകയും കൊൽക്കത്തയ്ക്ക് മുന്നിൽ അടിതെറ്റുകയും ചെയ്ത പഞ്ചാബ് കിംഗ്സ് വിജയവഴിയിൽ തിരിച്ചെത്താന്‍ മോഹിക്കും. ബാറ്റിംഗിൽ വമ്പന്‍ പേരുകാര്‍ മികവുകാട്ടാതെ പഞ്ചാബിന് രക്ഷയില്ല. രാഹുല്‍ ചാഹറിനും കാഗിസോ റബാഡയ്ക്കും ബൗളിംഗ് നിരയിൽ പിന്തുണ കിട്ടേണ്ടതും അനിവാര്യം. 25 നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ 15ൽ ജയിച്ച ചെന്നൈക്കാണ് മേൽക്കൈ. ടോസ് നേടുന്ന നായകന്‍ ബൗളിംഗ് തെരഞ്ഞെടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കില്ല.

ഇന്നലെ നടന്ന മത്സരത്തോടെ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് തുട‍‌‌ർച്ചയായ രണ്ടാം തോൽവി നേരിട്ടു. രാജസ്ഥാൻ റോയൽസ് 23 റൺസിന് മുംബൈയെ തോൽപിച്ചു. രാജസ്ഥാന്‍റെ 193 റൺസ് പിന്തുട‌ർന്ന മുംബൈയ്ക്ക് എട്ട് വിക്കറ്റിന് 170 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. അതേസമയം ഗുജറാത്ത് ടൈറ്റൻസ് തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി. ഡൽഹി ക്യാപിറ്റൽസിനെ 14 റൺസിന് തോൽപിച്ചു. ഗുജറാത്തിന്‍റെ 171 റൺസ് പിന്തുട‍ർന്ന ഡൽഹിക്ക് 157 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 

EPL : ജയത്തോടെ പോരാട്ടം കടുപ്പിച്ച് സിറ്റിയും ലിവര്‍പൂളും! ചെൽസിക്ക് ഞെട്ടിക്കുന്ന തോൽവി, യുണൈറ്റഡിന് സമനില

Latest Videos
Follow Us:
Download App:
  • android
  • ios