IPL 2022 : പഞ്ചാബിനെതിരെ കണക്കുകള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് അനുകൂലം; അതുമാത്രം മതിയോ?
ഐപിഎല്ലില്‍ ചെന്നൈയും പഞ്ചാബും മുമ്പ് 26 മത്സരങ്ങളിലാണ് പരസ്‌പരം ഏറ്റുമുട്ടിയിട്ടുള്ളത്
മുംബൈ: ഐപിഎല്ലില്‍ (IPL 2022) ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-പഞ്ചാബ് കിംഗ്‌സ് (Chennai Super Kings vs Punjab Kings) പോരാട്ടമാണ്. സീസണിലെ ആദ്യ രണ്ട് കളികളും തോറ്റ് എത്തുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (CSK) ശക്തമായ തിരിച്ചുവരവ് പഞ്ചാബിനെതിരെ (PBKS) കാഴ്‌ചവെക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇരു ടീമുകളും തമ്മിലുള്ള മുന്‍ കണക്കുകള്‍ ചെന്നൈക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍ നിലവിലെ സീസണിലെ പ്രകടനം ചെന്നൈയെ ആശങ്കയിലാക്കുന്നു.
ഐപിഎല്ലില്‍ ചെന്നൈയും പഞ്ചാബും മുമ്പ് 26 മത്സരങ്ങളിലാണ് പരസ്‌പരം ഏറ്റുമുട്ടിയിട്ടുള്ളത്. ഇതില്‍ 16 തവണയും ജയം സിഎസ്‌കെയ്‌ക്കൊപ്പം നിന്നു എന്നതാണ് ചരിത്രം. അവസാനം മുഖാമുഖം വന്ന അഞ്ചില്‍ മൂന്ന് വിജയം ചെന്നൈക്കും രണ്ടെണ്ണം പഞ്ചാബിനും ഒപ്പംനിന്നു. കഴിഞ്ഞ സീസണിലെ രണ്ട് മത്സരങ്ങളില്‍ ഓരോ മത്സരങ്ങള്‍ വീതം ഇരു ടീമും വിജയിച്ചു. മെഗാതാരലേലം കഴിഞ്ഞ് വമ്പന്‍ മാറ്റങ്ങളുമായി ടീമുകള്‍ വരുന്നതിനാല്‍ മുന്‍ കണക്കുകള്‍ ഏത് തരത്തിലാകും പ്രതിഫലിക്കുകയെന്ന് കളത്തില്‍ കാത്തിരുന്ന് തന്നെയറിയണം.
മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ രാത്രി ഏഴരയ്ക്കാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-പഞ്ചാബ് കിംഗ്‌സ് മത്സരം തുടങ്ങുക. ചരിത്രത്തിലാദ്യമായി രണ്ട് തോൽവികളോടെ സീസൺ തുടങ്ങിയതിന്‍റെ ഞെട്ടലിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ടീമിന്‍റെ നിയന്ത്രണം എം എസ് ധോണിക്കോ രവീന്ദ്ര ജഡേജയ്ക്കോ എന്ന ചോദ്യങ്ങൾ ഉയരുന്നതും സിഎസ്കെ ആരാധകര്‍ക്കിടയിൽ ചര്‍ച്ചയാണ്. രാത്രിയിലെ മഞ്ഞുവീഴ്‌ച കാരണം സ്‌പിന്നര്‍മാരെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാത്തതും ദീപക് ചാഹറിന് പരിക്കേറ്റതോടെ യുവ പേസര്‍മാരെ ആശ്രയിക്കേണ്ടിവരുന്നതും സിഎസ്കെയുടെ ദൗര്‍ബല്യം. റുതുരാജ് ഗെയ്‌ക്‌വാദ് പോയ സീസണിലെ മികവിലേക്ക് ഉയരാത്തതും വെല്ലുവിളിയാണ്.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ വീഴ്ത്തുകയും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് മുന്നിൽ അടിതെറ്റുകയും ചെയ്ത പഞ്ചാബ് കിംഗ്സ് വിജയവഴിയിൽ തിരിച്ചെത്താന്‍ മോഹിക്കും. ബാറ്റിംഗിൽ വമ്പന്‍ പേരുകാര്‍ മികവുകാട്ടാതെ പഞ്ചാബിന് രക്ഷയില്ല. രാഹുല്‍ ചാഹറിനും കാഗിസോ റബാഡയ്ക്കും ബൗളിംഗ് നിരയിൽ പിന്തുണ കിട്ടേണ്ടതും അനിവാര്യം. 25 നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ 15ൽ ജയിച്ച ചെന്നൈക്കാണ് മേൽക്കൈ. ടോസ് നേടുന്ന നായകന്‍ ബൗളിംഗ് തെരഞ്ഞെടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കില്ല.
IPL 2022 : തോല്‍വികളുടെ ക്ഷീണം മാറ്റാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്; എതിരാളികള്‍ പഞ്ചാബ് കിംഗ്‌സ്