IPL 2022 : ഇനി ഐപിഎല്‍ പൂരദിനങ്ങള്‍; ചെന്നൈ-കൊല്‍ക്കത്ത ഉദ്ഘാടന മത്സരം ഇന്ന്

കൊവിഡ് ഇടവേളയ്‌ക്ക് ശേഷം ഐപിഎൽ ആവേശം ഇന്ത്യയിലേക്ക് തിരിച്ചെത്തുകയാണ്

IPL 2022 Chennai Super Kings vs Kolkata Knight Riders Preview Team News

മുംബൈ: ഐപിഎൽ പതിനഞ്ചാം സീസണ് (IPL 2022) ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തിൽ കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും (Chennai Super Kings) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും (Kolkata Knight Riders) ഏറ്റുമുട്ടും. മുംബൈയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. 

കൊവിഡ് ഇടവേളയ്‌ക്ക് ശേഷം ഐപിഎൽ ആവേശം ഇന്ത്യയിലേക്ക് തിരിച്ചെത്തുകയാണ്. 'തല'മാറിയാണ് ലോകത്തെ ഏറ്റവും വലിയ ടി20 ലീഗിന്‍റെ പുതിയ എഡിഷനിലേക്ക് ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ വരവ്. അതേസമയം മുഖംമിനുക്കിയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സീസണിന് തയ്യാറെടുത്തത്. രവീന്ദ്ര ജഡേജ ചെന്നൈയുടെ നായകനായി അരങ്ങേറ്റം കുറിക്കുമ്പോൾ ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് കൊൽക്കത്തൻ ജഴ്സിയിൽ ആദ്യ മത്സരമാണിന്ന്. പരിക്ക് മാറാത്ത ദീപക് ചാഹറും ക്വാറന്‍റീനിലായ മൊയീൻ അലിയും ചെന്നൈ നിരയിലുണ്ടാവില്ല. ആരോൺ ഫിഞ്ച്, പാറ്റ് കമ്മിൻസ് എന്നിവരില്ലാതെയാണ് കൊൽക്കത്ത കളത്തിലെത്തുക. 

സിഎസ്‌കെയുടെ ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞെങ്കിലും ധോണി തന്നെയാവും ശ്രദ്ധാകേന്ദ്രം. ബാറ്റിംഗ് ഫോമിനെ ആശ്രയിച്ചായിരിക്കും ധോണിയുടെ ഐപിഎൽ ഭാവി. അരങ്ങേറ്റമുറപ്പിച്ച ഡെവോൺ കോൺവേ, റുതുരാജ് ഗെയ്‌ക്‌വാദ്, റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായുഡു എന്നിവരുടെ ബാറ്റിലേക്കാണ് ചെന്നൈ ഉറ്റുനോക്കുന്നത്. ഓൾറൗണ്ട് മികവുമായി ഡ്വെയ്‌ന്‍ ബ്രാവോയും ശിവം ദുബേയും ടീമിനെ സന്തുലിതമാക്കും. അതേസമയം ചെന്നൈയുടെ ബൗളിംഗ് കരുത്തിലാണ് സംശയവും ആശങ്കയും. 

വെങ്കടേഷ് അയ്യർ, അജിങ്ക്യ രഹാനെ, നിതീഷ് റാണ, സാം ബില്ലിംഗ്സ്, ആന്ദ്രേ റസൽ, സുനിൽ നരൈൻ, വരുൺ ചക്രവർത്തി തുടങ്ങിയവരിലാണ് കൊൽക്കത്തയുടെ പ്രതീക്ഷ. കഴിഞ്ഞ വർഷം ഫൈനലിലേറ്റ തോൽവിക്ക് പകരം വീട്ടാൻ കൂടിയുണ്ട് കൊൽക്കത്തയ്ക്ക്. 

IPL 2022 : ആര്‍സിബിയില്‍ കോലി ഓപ്പണിംഗില്‍ തുടരണോ? കാത്തിരുന്ന പ്രതികരണവുമായി രവി ശാസ്‌ത്രി

Latest Videos
Follow Us:
Download App:
  • android
  • ios