IPL 2022 : ഡല്‍ഹി കാപിറ്റല്‍സിനോടേറ്റ അവിശ്വസനീയ തോല്‍വിക്ക് പിന്നാലെ മുംബൈ ഇന്ത്യന്‍സിന് തിരിച്ചടി
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഡല്‍ഹി 18.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
മുംബൈ: പതിവുപോലെ തോല്‍വിയോടെയാണ് മുംബൈ ഇന്ത്യന്‍സ് (Mumbai Indians) ഇത്തവണയും ഐപിഎല്ലില്‍ അരങ്ങേറിയത്. ഇന്നിലെ ഡല്‍ഹി കാപിറ്റല്‍സിനെതിരായ (Delhi Capitals) മത്സരത്തില്‍ നാല് വിക്കറ്റിനായിന്നു മുംബൈയുടെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഡല്‍ഹി 18.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
ആദ്യ തോല്‍വിക്ക് പിന്നാലെ രോഹിത് ശര്‍മ (Rohit Sharma) നയിക്കുന്ന മുംബൈ ഇന്ത്യന്‍സിന് മറ്റൊരു തിരിച്ചടികൂടിയുണ്ടായി. കുറഞ്ഞ ഓവര്‍ നിരക്കിന് നായകന്‍ രോഹിത് ശര്‍മയ്ക്ക് പിഴ ചുമത്തി. 12 ലക്ഷം രൂപ പിഴ അടയ്ക്കണമെന്ന് ഐപിഎല്‍ അധികൃതര്‍ അറിയിച്ചു. രണ്ടാമതും പിഴവ് വരുത്തിയാല്‍, നായകന് 24 ലക്ഷം രൂപയും ടീമിലെ മറ്റ് അംഗങ്ങള്‍ക്ക് 6 ലക്ഷം രൂപ വീതവും പിഴ ചുമത്തും. തുടര്‍ന്നും നിശ്ചിത സമയത്ത് 20 ഓവര്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഒരു മത്സരത്തില്‍ നിന്ന് വിലക്ക് നേരിടേണ്ടിവരും.
പുറത്താവാതെ നിന്ന ലളിത് യാദവ് (48), അക്സര്‍ പട്ടേല്‍ (38) എന്നിവരാണ് ഡല്‍ഹിയെ വിജയിപ്പിച്ചത്. 18-ാം ഓവറാണ് ഡല്‍ഹിയുടെ വിജയത്തില്‍ നിര്‍ണായകമായത്. ഡാനിയേല്‍ സാംസിന്റെ ഈ ഓവറില്‍ 24 റണ്‍സാണ് അക്സര്‍- ലളിത് സഖ്യം അടിച്ചെടുത്തത്. മൂന്ന് വിക്കറ്റ് നേടിയ മലയാളി താരം ബേസില്‍ തമ്പി മുംബൈക്കായി തിളങ്ങി.
മുരുഗന്‍ അശ്വിന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ, 48 പന്തില്‍ പുറത്താവാതെ 81 റണ്‍സ് നേടിയ ഇഷാന്‍ കിഷനാണ് മുന്‍ ചാംപ്യന്മായ മുംബൈയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (41) മികച്ച പ്രകടനം പുറത്തെടുത്തു. കുല്‍ദീപ് യാദവ് ഡല്‍ഹിക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഡല്‍ഹിയുടെ മധ്യനിരയാണ് ബേസില്‍ തകര്‍ത്തത്. കൂടാതെ ഓപ്പണര്‍ പൃഥ്വിയേയും ബേസില്‍ കൂടാരം കയറ്റി. പൃഥ്വിയെയാണ് (38) ബേസില്‍ ആദ്യം മടക്കിയത്. ബേസിലിന്റെ പന്ത് പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ ഇശാന്‍ കിഷന് ക്യാച്ച് നല്‍കിയാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍ മടങ്ങുന്നത്. രണ്ട് പന്തുകള്‍ക്ക് ശേഷം അപകടകാരിയായ റോവ്മാന്‍ പവലിനേയും (0) മടക്കിയയച്ചു. ഇത്തവണ ഡാനിയേല്‍ സാംസിന് ക്യാച്ച്. പുള്‍ ഷോട്ടിലാണ് പവലും മടങ്ങുന്നത്. ഠാക്കൂറിനെ (22) ബേസില്‍ രോഹിത്തിന്റെ കൈകളിലെത്തിക്കുകയായിരുന്നു.
ഇതോടെ 13.2 ഓവറില്‍ ആറിന് 104 എന്ന നിലയിലായി ഡല്‍ഹി. എന്നാല്‍ ശരിക്കുമുള്ള കളി വരാനിരിക്കുന്നേ ഉണ്ടായിരുന്നുള്ളൂ. ക്രീസില്‍ ഒത്തുചേര്‍ന്ന ലളിത്- അക്സര്‍ സഖ്യം 75 റണ്‍സ് സഖ്യം കൂട്ടിച്ചേര്‍ത്തു. കൂടെ വിജയവും. സാംസിന്റെ ആദ്യ പന്ത് അക്സര്‍ സിക്സര്‍ പായിച്ചു. പിന്നാലെ സിംഗിള്‍. അടുത്ത രണ്ട് പന്തില്‍ സിക്സും ഒരു ഫോറും. അഞ്ചാം പന്തില്‍ വീണ്ടും സിംഗിള്‍. അവസാന പന്തില്‍ അക്സറിന്റെ വക മറ്റൊരു സിക്സ് കൂടി. മത്സരം ഡല്‍ഹിയുടെ കയ്യില്‍.