സമയം അതിക്രമിച്ചു, രാഹുലിന്റെ പകരക്കാരന്‍ സഞ്ജു? ടെസ്റ്റ് ടീമില്‍ മലയാളി താരത്തെ ഉള്‍പ്പെടുത്തണമെന്ന് വാദം
രാഹുലിന്റെ ആത്മവിശ്വാസമില്ലായ്മയാണ് പ്രശ്‌നമെന്ന് മറ്റൊരു വാദം.
ബെംഗളൂരു: ന്യൂസിലന്‍ഡിനെതിരെ ഒന്നാം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഏറ്റുവാങ്ങിയ താരം കെ എല്‍ രാഹുലായിരുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ റണ്‍സെടുക്കാതെ പുറത്തായ താരത്തിന് രണ്ടാം ഇന്നിംഗ്‌സില്‍ 12 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. ഫീല്‍ഡിംഗിലും മോശം പ്രകടനമായിരുന്നു താരത്തിന്റേത്. രാഹുലിനോളം സാങ്കേതിക തികവുള്ള ഒരു ബാറ്റര്‍ ഇത്രത്തോളം മോശം ഫോമിലേക്ക് താഴ്ന്നതാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകരെ വിഷമത്തിലാക്കുന്നത്. ഓപ്പണിംഗ് പൊസിഷനില്‍ കൡച്ചിരുന്ന താരമാണ് രാഹുലിന്റെ സ്ഥാനം മാറ്റിയതാണ് പ്രശ്‌നമായതെന്ന് ഒരുപക്ഷം പറയുന്നു.
എന്നാല്‍ അതൊന്നുമല്ല, രാഹുലിന്റെ ആത്മവിശ്വാസമില്ലായ്മയാണ് പ്രശ്‌നമെന്ന് മറ്റൊരു വാദം. എന്തായാലും രാഹുലിനെ ടീമില്‍ നിന്ന് ഒഴിവാക്കണണെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്. പകരം മലയാളി താരം സഞ്ജു സാംസണെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഒരു വിഭാഗം ആരാധകരുടെ ആവശ്യം. ബംഗ്ലാദേശിനെതിരെ ടി20യില്‍ സെഞ്ചുറി നേടിയതോടെ സഞ്ജുവിന് ആരാധകപിന്തുണ ഏറിയിട്ടുണ്ട്. മാത്രമല്ല, അതിന് മുമ്പ് ദുലീപ് ട്രോഫിയില്‍ സെഞ്ചുറിയോടെ ഗംഭീര പ്രകടനം പുറത്തെടുക്കാനും സഞ്ജുവിന് സാധിച്ചിരുന്നു.
കേരളം-കര്‍ണാടക രഞ്ജി ട്രോഫി മത്സരം സമനിലയിലേക്ക്; സഞ്ജു-സച്ചിന്‍ സഖ്യം ക്രീസില്‍
ടീം മാനേജ്‌മെന്റിന്റെ പിന്തുണയും സഞ്ജുവിന് ലഭിച്ചേക്കും. ചുവന്ന പന്തിലുള്ള മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സഞ്ജുവിന് നിര്‍ദേശം നല്‍കിയിരുന്നു ടീം മാനേജ്‌മെന്റ്. ടെസ്റ്റ് ടീമിലേക്കും തന്നെ പരിഗണിക്കുന്നുവെന്ന സൂചനയാണ് ടീം അധികൃതര്‍ നല്‍കിയത്. സഞ്ജു തന്നെയാണ് ഇക്കാര്യം അടുത്തിടെ വ്യക്തമാക്കിയത്. എന്തായാലും സഞ്ജുവിനെ സംബന്ധിച്ചിടത്തോളം വലിയ അവസരമാണ് വന്നുചേര്‍ന്നിരിക്കുന്നത്. എന്നാല്‍ ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ തുടങ്ങിയവരില്‍ നിന്നെല്ലാം കടുത്ത വെല്ലുവിളി നേരിടേണ്ടി വരും. ഇപ്പോള്‍ പിന്തുണച്ചുകൊണ്ടുള്ള ചില പോസ്റ്റുകള്‍ വായിക്കാം...
ബെംഗളൂരു, ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുന്നത്. 107 റണ്‍സ് വിജയലക്ഷ്യവുമായി ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. രചിന്‍ രവീന്ദ്ര (39), വില്‍ യംഗ് (48) എന്നിവരാണ് ന്യൂസിലന്‍ഡിനെ വിജയത്തിലേക്ക് നയിച്ചത്. ഇന്ത്യയില്‍ ന്യൂസിലന്‍ഡിന്റെ മൂന്നാമത്തെ മാത്രം ടെസ്റ്റ് വിജയമാണിത്. സ്‌കോര്‍: ഇന്ത്യ 46, 462 & ന്യൂസിലന്‍ഡ് 402, 108. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലന്‍ഡ് മുന്നിലെത്തി.