വഴിവിട്ട ജീവിതവും, അച്ചടക്കമില്ലായ്മയും! പൃഥ്വി ഷാ പുതിയ കാലത്തെ വിനോദ് കാംബ്ലിയെന്ന് ക്രിക്കറ്റ് ആരാധകര്‍
ക്രിക്കറ്റുമായി ബന്ധമില്ലാത്ത ഫീല്‍ഡിന് പുറത്തുള്ള പ്രശ്‌നങ്ങള്‍ പൃഥ്വിയെ കരിയറിനെ താറുമാറാക്കി.
മുംബൈ: രഞ്ജി ട്രോഫി മത്സരങ്ങള്‍ക്കുള്ള മുംബൈ ടീമില്‍ നിന്ന് യുവതാരം പൃഥ്വി ഷായെ ഒഴിവാക്കിയിരുന്നു. അച്ചടക്ക നടപടിയുടെ ഭാഗമായിട്ടാണ് ഒഴിവാക്കല്‍. കൃത്യമായി പരിശീലന സെഷനില്‍ പങ്കെടുത്താതും ഫിറ്റ്‌നെസ് സൂക്ഷിക്കാത്തതുമാണ് ടീമീല്‍ നിന്നുള്ള പുറത്താകലിന് വഴിവച്ചത്. ശരീരഭാരം കൂടിയതിനാല്‍ കളിക്കാന്‍ യോഗ്യനല്ലെന്നാണ് സെലക്ഷന്‍ കമ്മിറ്റിയുടെ വിലയിരുത്തല്‍. അഞ്ച് ടെസ്റ്റുകളും ആറ് ഏകദിനങ്ങളും ഒരു ടി20 മത്സരവും പൃഥ്വി ഷാ ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട്.
2018ല്‍ രാജ്കോട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ തന്റെ അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടി പ്ലയര്‍ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നിരുന്നാലും, ക്രിക്കറ്റുമായി ബന്ധമില്ലാത്ത ഫീല്‍ഡിന് പുറത്തുള്ള പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന്റെ കരിയറിനെ താറുമാറാക്കി. ഇപ്പോള്‍ അദ്ദേഹത്തെ മുന്‍ ഇന്ത്യന്‍ താരം വിനോദ് കാംബ്ലിയുമായിട്ട് താരതമ്യം ചെയ്യുകയാണ് ക്രിക്കറ്റ് ആരാധകര്‍. കുത്തഴിഞ്ഞ ജീവിതമായിരുന്നു കാംബ്ലിയുടേതും. ഇന്ത്യക്കായി 17 ടെസ്റ്റുകളും 97 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. അസാമാന്യ പ്രതിഭ ആയിരുന്നിട്ട് കൂടി ക്രിക്കറ്റിലെങ്ങുമെത്താന്‍ കാംബ്ലിക്ക് കഴിഞ്ഞിരുന്നില്ല. വഴിവിട്ട ജീവിതം തന്നെയായിരുന്നു ക്ലാംബ്ലിയെ ചതിച്ചത്. അതേ പാതയിലാണ് പൃഥ്വിയും നീങ്ങുന്നതെന്നാണ് ക്രിക്കറ്റ് ആരാധകര്‍ കുറ്റപ്പെടുന്നത്. രണ്ടാം വിനോദ് കാംബ്ലി എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. ഇതുമായി ബന്ധപ്പെട്ട് വന്ന ചില പോസ്റ്റുകള്‍ വായിക്കാം...
സഞ്ജയ് പാട്ടീല്‍ (ചെയര്‍മാന്‍), രവി താക്കര്‍, ജീതേന്ദ്ര താക്കറെ, കിരണ്‍ പൊവാര്‍, വിക്രാന്ത് യെലിഗെതി എന്നിവരടങ്ങുന്ന മുംബൈ സെലക്ഷന്‍ കമ്മിറ്റി ഒരു മത്സരത്തിനെങ്കിലും പൃഥ്വി ഷായെ ഒഴിവാക്കണമെന്ന നിലപാട് സ്വീകരിച്ചു. പിന്നീടുള്ള മത്സരങ്ങളില്‍ അദ്ദേഹത്തെ കളിപ്പിക്കുമോ എന്നുള്ള കാര്യത്തില്‍ ഉറപ്പില്ല. എന്നാല്‍ ഈയൊരു ഇടവേള 24കാരന് പാഠമാകുമെന്നാണ് സെലക്ഷന്‍ കമ്മിറ്റിയുടെ വിലയിരുത്തല്‍. ടീമിലെ മറ്റ് ഇന്ത്യന്‍ താരങ്ങളായ ശ്രേയസ് അയ്യര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ എന്നിവരെല്ലാം കൃത്യമായി പരിശീലനത്തില്‍ പങ്കെടുക്കാറുണ്ട്.
അതേസമയം പൃഥ്വി ഷാ സെഷനുകളില്‍ നിന്ന വിട്ടുനില്‍ക്കുകയാണ്. മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, പൃഥ്വി ഷായെ ടീമില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനത്തില്‍ സെലക്ടര്‍മാരും ക്യാപ്റ്റനും പരിശീലകനും ഉള്‍പ്പെടെ ടീം മാനേജ്മെന്റ് ഒറ്റക്കെട്ടായിരുന്നുവെന്നാണ്. അഖില്‍ ഹെര്‍വാദ്കറാണ് പൃഥ്വിക്ക് പകരം ടീമിലെത്തിയത്. 41 രഞ്ജി മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് അദ്ദേഹം. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യ എ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തനുഷ് കോട്ടിയന് പകരം കര്‍ഷ് കോത്താരിയും ടീമിലെത്തി.