വയനാട്ടിൽ പ്രിയങ്കാ ഗാന്ധിക്കെതിരെ സിനിമാ താരത്തെ ഇറക്കാൻ ബിജെപി നീക്കം, ഖുശ്ബു അന്തിമപട്ടികയിൽ
തൃശ്ശൂരിന് സമാനമായ രീതിയിൽ സിനിമാ താരത്തെ മത്സരിപ്പിക്കുന്നതിൽ സംസ്ഥാന ഘടകത്തോട് കേന്ദ്രനേതൃത്വം അഭിപ്രായം ആരാഞ്ഞു
കൽപ്പറ്റ : വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിക്കെതിരെ നടിയും ബിജെപി നേതാവുമായ ഖുശ്ബുവിനെ പരീക്ഷിക്കാൻ ബിജെപി നീക്കം. വയനാട്ടിലേക്കുളള സ്ഥാനാർത്ഥിയായി നടി ഖുശ്ബുവും ബിജെപി അന്തിമപട്ടികയിൽ ഇടംപിടിച്ചതായാണ് വിവരം. തൃശ്ശൂരിന് സമാനമായ രീതിയിൽ സിനിമാ താരത്തെ മത്സരിപ്പിക്കുന്നതിൽ സംസ്ഥാന ഘടകത്തോട് കേന്ദ്രനേതൃത്വം അഭിപ്രായം ആരാഞ്ഞു. നാലുവർഷം മുൻപാണ് ഖുശ്ബു കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. നിലവിൽ ബിജെപി തമിഴ്നാട് ഘടകത്തിന്റെ ഭാഗമായാണ് ഖുശ്ബു പ്രവർത്തിക്കുന്നത്.
പ്രിയങ്കയ്ക്ക് ഒത്ത എതിരാളിയെ തിരയുകയാണ് ബിജെപി നേതൃത്വം. താര പരിവേഷമുള്ള കോൺഗ്രസ് നേതാവിന്, അതേ തലപ്പൊക്കമുള്ള മറ്റൊരു നേതാവിനെയാണ് പാർട്ടി തേടുന്നത്. അങ്ങനെയാണ് ഖുശ്ബു അന്തിമ പട്ടികയിലേക്ക് എത്തിയത്. തമിഴ്നാട് കേന്ദ്രീകരിച്ചാണ് രാഷ്ട്രീയ പ്രവർത്തനം എങ്കിലും മലയാളിക്ക് ഏറെ സുപരിചിതമായ സിനിമാ താരമാണ് ഖുശ്ബു. തമിഴ് വംശജർ കൂടി വോട്ടർമാരായുള്ള വയനാട് മണ്ഡലത്തിൽ ഖുശ്ബുവിന്റെ വരവ് വലിയ സ്വാധീനം ചെലുത്തും എന്നാണ് കണക്കുകൂട്ടൽ.
ബിജെപി സംസ്ഥാന ഘടകം അനുകൂലമായ മറുപടിയാണ് നൽകിയത്. തൃശ്ശൂരിൽ പരീക്ഷിച്ചു വിജയിച്ച ഫോർമുലയ്ക്ക് ഒരു തുടർച്ചയെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്. എന്നാൽ ബിജെപിയുടെ തമിഴ്നാട് ഘടകത്തിന്റെ നിലപാട് സ്ഥാനാർത്ഥത്തിൽ നിർണായകമാണ്. സംസ്ഥാന അധ്യക്ഷൻ അണ്ണാമലയുമായുള്ള അസ്വാരസ്യം നിലനിൽക്കുന്നുണ്ട്.
അതേസമയം മൂന്ന് പേരുകളാണ് ബിജെപി കേരള ഘടകം സ്ഥാനാർത്ഥി പട്ടികയിലേക്ക് കേന്ദ്രത്തിന് അയച്ചത്. സംസ്ഥാന വക്താവായിരുന്ന സന്ദീപ് വാര്യർ, ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി, മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യ ഹരിദാസ് എന്നീ പേരുകളാണ് നൽകിയത്.
<