പരിശീലന മത്സരത്തിലും നിരാശപ്പെടുത്തി വിരാട് കോലിയും റിഷഭ് പന്തും, കെ എല്‍ രാഹുലിന് പരിക്ക്

ഓപ്പണര്‍ കെ എല്‍ രഹുലാകട്ടെ പ്രസിദ്ധ് കൃഷ്ണയുടെ പന്ത് കൈക്കുഴയില്‍ കൊണ്ട് പരിക്കേറ്റ് മടങ്ങിയത് ഇന്ത്യക്ക് മറ്റൊരു തിരിച്ചടിയായി.

India vs India A Simulation Match Live Updates, Virat Kohli and Rishabh Pant out cheaply

പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇന്ത്യൻ ടീം അംഗങ്ങളും ഇന്ത്യ എ താരങ്ങളും തമ്മില്‍ നടന്ന പരിശീലന മത്സരത്തിലും വിരാട് കോലിക്ക് നിരാശ. മനോഹരമായ കവര്‍ ഡ്രൈവിലൂടെ ബൗണ്ടറി നേടി തുടങ്ങിയ കോലി വീണ്ടുമൊരു ബൗണ്ടറി കൂടി നേടിയെങ്കിലും മുകേഷ് കുമാറിന്‍റെ പന്തില്‍ 15 റണ്‍സെടുത്ത് പുറത്തായി. ടെസ്റ്റ് പരമ്പരയിലെ ഇന്ത്യയുടെ ബാറ്റിംഗ് പ്രതീക്ഷയായ റിഷഭ് പന്തും നന്നായി തുടങ്ങിയെങ്കിലും 19 റണ്‍സെടുത്ത് നിതീഷ് റെഡ്ഡിയുടെ പന്തില്‍ പുറത്തായി. ഓപ്പണര്‍ യശസ്വി ജയ്സ്വാളും 15 റണ്‍സെടുത്ത് മടങ്ങി.

ഓപ്പണര്‍ കെ എല്‍ രഹുലാകട്ടെ പ്രസിദ്ധ് കൃഷ്ണയുടെ പന്ത് കൈക്കുഴയില്‍ കൊണ്ട് പരിക്കേറ്റ് മടങ്ങിയത് ഇന്ത്യക്ക് മറ്റൊരു തിരിച്ചടിയായി. രാഹുലിന്‍റെ പരിക്ക് ഗുരുതരമാണോ എന്ന് വ്യക്തമല്ല. ക്യാപ്റ്റന്‍ രോഹിത് ശര്‍മ വിട്ടു നിന്നാല്‍ ആദ്യ ടെസ്റ്റില്‍ യശസ്വി ജയ്സ്വാളിനൊപ്പം ഓപ്പണറാകുമെന്ന് കരുതുന്ന താരമാണ് രാഹുല്‍. പരിക്കേറ്റ് മടങ്ങിയ രാഹുല്‍ പിന്നീട് ബാറ്റിംഗിനിറങ്ങിയില്ല.

10ൽ 10, രഞ്ജിയിൽ ചരിത്രനേട്ടം; ആരാണ് കേരളത്തെ തകര്‍ത്ത അൻഷുൽ കാംബോജ്

അതേസമയം, പുറത്തായതിന് പിന്നാലെ നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനത്തിനിറങ്ങിയ വിരാട് കോലിയും ഇടക്ക് സ്കാനിംഗിന് വിധേയനായെന്ന് സിഡ്നി മോര്‍ണിംഗ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തെങ്കിലും കോലിക്ക് പരിക്കുണ്ടെന്ന വാര്‍ത്ത ഇന്ത്യൻ ടീം മാനേജ്മെന്‍റ് തള്ളിക്കളഞ്ഞു. ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ എ ബൗളര്‍മാരായാ പ്രസിദ്ധ് കൃഷ്ണക്കും നവദീപ് സെയ്നിക്കും മുകേഷ് കുമാറിനും മുന്നില്‍ എളുപ്പം മുട്ടുമടക്കിയ ഇന്ത്യ വീണ്ടും രണ്ടാം ഇന്നിംഗ്സ് ആരഭിച്ചിട്ടുണ്ട്.

രണ്ടാം ഇന്നിംഗ്സില്‍ രാഹുലിന് പകരം ശുഭ്മാന്‍ ഗില്ലാണ് യശസ്വി ജയ്സ്വാളിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനെത്തിയത്. ആദ്യ ടെസ്റ്റില്‍ രാഹുലും രോഹിത്തും ഇല്ലെങ്കില്‍ ഗില്‍ ഓപ്പണറായി ഇറങ്ങാനുള്ള സാധ്യതകളാണ് ഇത് സൂചിപ്പിക്കുന്നത്. അഭിമന്യു ഈശ്വരനാണ ടീമിലെ മൂന്നാം ഓപ്പണര്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios