Asianet News MalayalamAsianet News Malayalam

ലഞ്ചിനുശേഷം ബുമ്രയുടെ ഇരട്ടപ്രഹരം, വിക്കറ്റുമായി സിറാജും ജഡേജയും; കാണ്‍പൂർ ടെസ്റ്റിൽ ബംഗ്ലാദേശ് 233ന് പുറത്ത്

ലഞ്ചിനുശേഷമുള്ള തന്‍റെ രണ്ടാം ഓവറില്‍ ബുമ്രക്കെതിരെ തുടര്‍ച്ചയായി രണ്ട് ബൗണ്ടറി നേടിയ മെഹ്ദി ഹസനെ തൊട്ടുപിന്നാലെ സ്ലിപ്പില്‍ ശുഭ്മാന്‍ ഗില്ലിന്‍റെ കൈകളിലെത്തിച്ച ബുമ്രയാണ് ആദ്യ അടി നല്‍കിയത്.

India vs Bangladesh, 2nd Test Live Updates Bangladesh All out for 233 runs
Author
First Published Sep 30, 2024, 1:22 PM IST | Last Updated Sep 30, 2024, 1:22 PM IST

കാണ്‍പൂര്‍: കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ബംഗ്ലാദേശിന്‍റെ ഒന്നാം ഇന്നിംഗ്സ് 233 റണ്‍സില്‍ അവസാനിച്ചു. നാലാം ദിനം 107-3 എന്ന സ്കോറില്‍ ക്രീസിലിറങ്ങിയ ബംഗ്ലാദേശ് ലഞ്ചിന് പിരിയുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെന്ന നിലയിലാണ് ക്രീസ് വിട്ടത്. 102  റണ്‍സോടെ മോനിമുള്‍ ഹഖും 12 റണ്‍സുമായി മെഹ്ദി ഹസന്‍ മിറാസുമായിരുന്നു ക്രീസില്‍. എന്നാല്‍ ലഞ്ചിനുശേഷമുള്ള ഏഴോവറില്‍ ഇന്ത്യ ബംഗ്ലാദേശിന്‍റെ ഒന്നാം ഇന്നിംഗ്സ് 233 റണ്‍സില്‍ അവസാനിപ്പിച്ചു.

ലഞ്ചിനുശേഷമുള്ള തന്‍റെ രണ്ടാം ഓവറില്‍ ബുമ്രക്കെതിരെ തുടര്‍ച്ചയായി രണ്ട് ബൗണ്ടറി നേടിയ മെഹ്ദി ഹസനെ(20) തൊട്ടുപിന്നാലെ സ്ലിപ്പില്‍ ശുഭ്മാന്‍ ഗില്ലിന്‍റെ കൈകളിലെത്തിച്ച ബുമ്രയാണ് ആദ്യ അടി നല്‍കിയത്. തന്‍റെ അടുത്ത ഓവറില്‍ തൈജുള്‍ ഇസ്ലാമിനെ(5) ബുമ്ര ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെ ഹസന്‍ മെഹ്മൂദിനെ(1) സിറാജ് വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ ഖാലിദ് അഹമ്മദിനെ(0) ജഡേജ സ്വന്തം ബൗളിംഗില്‍ പിടികൂടി. 107 റണ്‍സുമായി ഇന്ത്യയിലെ തന്‍റെ ആദ്യ സെഞ്ചുറി നേടിയ മോനിമുള്‍ ഹഖ് പുറത്താകാതെ നിന്നു.

നേരത്തെ മഴ മാറി നിന്ന നാലാം ദിനം107-3 എന്ന സ്കോറില്‍ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ബംഗ്ലാദേശിന് അധികം വൈകാതെ നാലാം വിക്കറ്റ് നഷ്ടമായി. നാലാം ദിനത്തിലെ ആറാം ഓവറില്‍ ജസ്പ്രീത് ബുമ്രയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. പിച്ച് ചെയ്തശേഷം അകത്തേക്ക് തിരിഞ്ഞ ബുമ്രയുടെ ഇന്‍സ്വിംഗര്‍ ലീവ് ചെയ്ത മുഷ്ഫീഖുറിന് പിഴച്ചു. പന്ത് മുഷ്പീഖുറിന്‍റെ ബെയില്‍സിളക്കി. പിന്നീട് ക്രീസിലെത്തിയ ലിറ്റണ്‍ ദാസ് ആക്രമിച്ച് കളിക്കാനാണ് തുടക്കത്തില്‍ ശ്രമിച്ചത്. ബുമ്രക്കെതിരെ തുടക്കത്തിലെ മൂന്ന് ബൗണ്ടറി നേടിയ ലിറ്റണ്‍ ദാസ് പ്രതീക്ഷ നല്‍കി.

വണ്ടർ ക്യാച്ചുകളുമായി രോഹിത്തും സിറാജും, സെഞ്ചുറിയുമായി പൊരുതി മൊനിമുൾ ഹഖ്; ബംഗ്ലാദേശിന് 6 വിക്കറ്റ് നഷ്ടം

പിന്നാലെ മൊനിമുള്‍ അര്‍ധസെഞ്ചുറിയിലെത്തി. ജഡേജക്കെതിരെ തുടര്‍ച്ചയായി ബൗണ്ടറി നേടി മൊനിമുളും തകര്‍ത്തടിക്കാന്‍ തുടങ്ങിയതിന് പിന്നാലെയാണ് സിറാജിന്‍റെ പന്തില്‍ ലിറ്റണ്‍ ദാസിനെ രോഹിത് വണ്ടര്‍ ക്യാച്ചിലൂടെ പുറത്താക്കിയത്. സിറാജിനെ ബൗണ്ടറി കടത്താന്‍ ശ്രമിച്ച ലിറ്റണ്‍ ദാസിനെ രോഹിത് മിഡ് ഓഫില്‍ ഒറ്റക്കൈ കൊണ്ട് ചാടിപ്പിടിക്കുകയായിരുന്നു.

പിന്നീട് ക്രീസിലെത്തിയ ഷാക്കിബ് അല്‍ ഹസനും ക്രീസില്‍ അധികം ആയുസുണ്ടായില്ല. അശ്വിനെ ബൗണ്ടി കടത്തിയതിന് പിന്നാലെ വീണ്ടും ക്രീസ് വിട്ടിറങ്ങി സിക്സ് പറത്താനുള്ള ഷാക്കിബിന്‍റെ ശ്രമം മുുഹമ്മദ് സിറാജ് പിന്നിലേക്ക് ഓടി പിടിച്ചു.  പിടിച്ചു നിന്ന മൊനിമുൾ ഹഖും മെഹ്ദി ഹസന്‍ മിറാസും ചേര്‍ന്നാണ് ബംഗ്ലാദേശിനെ 200 കടത്തിയത്. ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അശ്വിനും സിറാജും ആകാശ് ദിപും രണ്ട് വീതവും ജഡേജ ഒരു വിക്കറ്റുമെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios