Asianet News MalayalamAsianet News Malayalam

മഴ കളിച്ചു, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഓസ്‌ട്രേലിയക്ക്! നിര്‍ണായക മത്സരത്തില്‍ ഓസീസിന് ജയം

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസിന് മികച്ച തുടക്കമാണ് ലഭിച്ചത്.

australia won over england in fifth odi and series
Author
First Published Sep 29, 2024, 11:47 PM IST | Last Updated Sep 29, 2024, 11:47 PM IST

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഓസ്‌ട്രേലിയക്ക്. നിര്‍ണായകമായ അഞ്ചാം ഏകദിനത്തില്‍ ആതിഥേയരെ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 49 റണ്‍സിന് തോല്‍പ്പിച്ചാണ് ഓസീസ് 3-2ന് പരമ്പര സ്വന്തമാക്കുന്നത്. ബ്രിസ്റ്റല്‍, കൗണ്ടി ഗ്രൗണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് 310 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. മറുപടി ബാറ്റിംഗില്‍ ഓസീസ് 20.4 ഓവറില്‍ രണ്ടിന് 165 എന്ന നിലയിലെത്തുമ്പോള്‍ മഴ ഇടപെടുകയായിരുന്നു. പിന്നീട് മത്സരം തുടരാനും സാധിച്ചില്ല. ഇതോടെ ഓസീസ് ജേതാക്കളായി. ആദ്യ രണ്ട് ഏകദിനങ്ങളും ഓസ്‌ട്രേലിയയാണ് ജയിച്ചത്. അടുത്ത രണ്ട് മത്സരങ്ങള്‍ ജയിച്ച് ഇംഗ്ലണ്ട് ഒപ്പമെത്തുകയായിരുന്നു.

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ മാത്യൂ ഷോര്‍ട്ട് (58) - ട്രാവിസ് ഹെഡ് (31) സഖ്യം 78 റണ്‍സ് ചേര്‍ത്തു. ഹെഡിനെ പുറത്താക്കി ബ്രൈഡന്‍ കാര്‍സെയാണ് ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കുന്നത്. വൈകാതെ ഷോര്‍ട്ടും പുറത്തായി. 30 പന്തുകള്‍ മാത്രം നേരിട്ട താരം നാല് സിക്‌സും ഏഴ് ഫോറും നേടിയിരുന്നു. തുടര്‍ന്ന് സ്റ്റീവന്‍ സ്മിത്ത് (36) - ജോഷ് ഇന്‍ഗ്ലിസ് (28) സഖ്യം 47 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതിനിടെയാണ് മഴയെത്തിയത്.

മോശമല്ലാത്ത തുടക്കാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഫിലിപ് സാള്‍ട്ട് (45) - ഡക്കറ്റ് സഖ്യം 58 റണ്‍സ് ചേര്‍ത്തു. ഏഴാം ഓവറിന്റെ അവസാന പന്തിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. സാള്‍ട്ടിനെ പുറത്താക്കി ആരോണ്‍ ഹാര്‍ഡി ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കി. മൂന്നാമെത്തിയ വില്‍ ജാക്ക്‌സിന് (0) തിളങ്ങാനായില്ല. ഹാര്‍ഡിയുടെ തന്നെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. ഇതോടെ രണ്ടിന് 70 എന്ന നിലയിലായി ഇംഗ്ലണ്ട്. പിന്നീട് ഡക്കറ്റ് - ബ്രൂക്ക് സഖ്യമാണ് ഇംഗ്ലണ്ടിന്റെ രക്ഷയ്‌ക്കെത്തുന്നത്.

മുഷീര്‍ ഖാന്‍ അപകടനില തരണം ചെയ്തു; തുടര്‍ചികിത്സയ്ക്കായി അദ്ദേഹത്തെ മുംബൈയിലേക്ക് മാറ്റും

132 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. എന്നാല്‍ ബ്രൂക്കിന്റെ വിക്കറ്റ് ആഡം സാംപ സ്വന്തമാക്കി. 52 പന്തുകള്‍ മാത്രം നേരിട്ട ബ്രൂക്ക് ഏഴ് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ബ്രൂക്കിന്റെ ഇന്നിംഗ്‌സ്. തുടര്‍ന്നെത്തിയ ജാമി സ്മിത്ത് (6), ലിയാം ലിവിംഗ്സ്റ്റണ്‍ (0), ജേക്കബ് ബേതല്‍ (13) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. ഇതിനിടെ ഡക്കറ്റും മടങ്ങി. 91 പന്തുകള്‍ നേരിട്ട ഡക്കറ്റ് രണ്ട് സിക്‌സും 13 ഫോറും നേടി. ഇതോടെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 250 എന്ന നിലയിലായി. 

പിന്നീട് ആദില്‍ റഷീദ് (36) നടത്തിയ പോരാട്ടമാണ് സ്‌കോര്‍ 300 കടത്തിയത്. ബ്രൈഡണ്‍ കാര്‍സെ (9), മാത്യൂ പോട്ട്‌സ് (6) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഒല്ലി സ്റ്റോണ്‍ (9) പുറത്താവാതെ നിന്നു. നാല് വിക്കറ്റ് നേടിയ ട്രാവിസ് ഹെഡാണ് ഓസ്‌ട്രേലിയന്‍ ബൗളര്‍മാരില്‍ മികച്ച പ്രകടനം പുറത്തെടുത്തത്. 

Latest Videos
Follow Us:
Download App:
  • android
  • ios