Asianet News MalayalamAsianet News Malayalam

ആദ്യം മടങ്ങിയത് സഞ്ജു, പിന്നാലെ അഭിഷേകും സൂര്യകുമാറും, ബംഗ്ലാദേശിനെതിരെ പവര്‍ പ്ലേയില്‍ ഇന്ത്യക്ക് തകര്‍ച്ച

പവര്‍ പ്ലേയില്‍ മൂന്ന് വിക്കറ്റ് നഷ്ടമായതോടെ കരുത്തു ചോര്‍ന്ന ഇന്ത്യ നേടിയത് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സ്.

India vs Bangladesh 2nd T20 9 October 2024 live updates India loss 3 wickets in power play
Author
First Published Oct 9, 2024, 7:49 PM IST | Last Updated Oct 9, 2024, 7:49 PM IST

ദില്ലി: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെ. മെഹ്ദി ഹസന്‍ മിറാസ് എറിഞ്ഞ ആദ്യ ഓവറില്‍ രണ്ട് ബൗണ്ടറിയടിച്ച് സഞ്ജു സാംസണും ഒരു ബൗണ്ടറി നേടിയ അഭിഷേക് ശര്‍മയും ചേര്‍ന്ന് 15 റണ്‍സടിച്ചെങ്കിലും ടസ്കിന്‍ അഹമ്മദ് എറിഞ്ഞ രണ്ടാം ഓവറിലെ അവസാന പന്തില്‍ ഏഴ് പന്തില്‍ 10 റണ്‍സെടുത്ത് സഞ്ജു മടങ്ങി. ടസ്കിന്‍റെ സ്ലോ ബോള്‍ മനസിലാക്കുന്നതില്‍ പിഴച്ച സഞ്ജു മിഡോഫില്‍ നജ്മുള്‍ ഹൊസൈൻ ഷാന്‍റോക്ക് ക്യാച്ച് നല്‍കി മടങ്ങി.

തന്‍സിം ഹസനെറിഞ്ഞ മൂന്നാം ഓവറില്‍ തുടര്‍ച്ചയായി രണ്ട് ബൗണ്ടറി നേടി പ്രതീക്ഷ നല്‍കിയ അഭിഷേക് ശര്‍മയാകട്ടെ അവസാന പന്തില്‍ ക്ലീന്‍ ബൗള്‍ഡായി.11 പന്തില്‍ 15 റണ്‍സാണ് അഭിഷേക് നേടിയത്. പന്ത് അപ്രതീക്ഷിതമായി താഴ്ന്നു വരുന്ന പിച്ചില്‍ ബാറ്റിംഗ് അനായാസമല്ലെന്ന് ക്യാപ്റ്റന്‍ സൂര്യകുമാറിന് ക്രീസിലെത്തിയപ്പോഴെ മനസിലായി. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ മുസ്തഫിസുര്‍ റഹ്മാനെതിരെ ബൗണ്ടറി നേടിയതിന് പിന്നാലെ സൂര്യകുമാര്‍ യാദവും ഷാന്‍റോക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി. 10 പന്തില്‍ എട്ട് റണ്‍സായിരുന്നു ക്യാപ്റ്റന്‍റെ സമ്പാദ്യം.

വനിതാ ടി20 ലോകകപ്പ്: ജീവന്‍മരണപ്പോരില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് ടോസ്; രണ്ട് മലയാളി താരങ്ങള്‍ ടീമില്‍

പവര്‍ പ്ലേയില്‍ മൂന്ന് വിക്കറ്റ് നഷ്ടമായതോടെ കരുത്തു ചോര്‍ന്ന ഇന്ത്യ നേടിയത് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സ്. നാലാം നമ്പറിലെത്തിയ നിതീഷ് റെഡ്ഡിയും സ്ഥാനക്കയറ്റം കിട്ടിയ റിങ്കു സിംഗുമാണ് ഇപ്പോള്‍ ക്രീസില്‍. ഒടുവില്‍ വിവരം ലഭിക്കുമ്പോല്‍ ഇന്ത്യ പത്തോവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെടുത്തിട്ടുണ്ട്. 36 റണ്‍സോടെ നിതീഷ് റെഡ്ഡിയും 17 റണ്‍സോടെ റിങ്കു സിംഗും ക്രീസില്‍.

നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് ഫീല്‍ഡിംഗ് തെര‍ഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗിന് അനുകൂലമാകുമെന്ന് കരുതിയ പിച്ചില്‍ പന്ത് സ്ലോ ആയി ബാറ്റിലേക്ക് വന്നതോടെ റണ്ണടിക്കാന്‍ ഇന്ത്യൻ മുന്‍നിര ബുദ്ധിമുട്ടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios