റിങ്കു സിംഗിന് നിരാശ, ടോപ് സ്കോററായി മലയാളി താരം; ഇംഗ്ലണ്ട് ലയൺസിനെതിരെ ഇന്ത്യ എക്ക് ബാറ്റിംഗ് തകർച്ച
ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ എക്ക് ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരനെ(0) നഷ്ടമായി.
അഹമ്മദാബാദ്: ഇംഗ്ലണ്ട് ലയണ്‍സിനെിരായ മൂന്നാമത്തെ അനൗദ്യോഗിക ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ എ192 റണ്‍സിന് പുറത്ത്. ഇന്ത്യന്‍ താരങ്ങളായ റിങ്കു സിംഗും തിലക് വര്‍മയുമെല്ലാം നിരാശപ്പെടുത്തിയ മത്സരത്തില്‍ മലയാളി താരം ദേവ്ദത്ത് പടിക്കലാണ് 65 റണ്‍സുമായി ഇന്ത്യ എയുടെ ടോപ് സ്കോററായത്. സാരാൻശ് ജെയിന്‍ 64 റണ്‍സടിച്ചപ്പോള്‍ 22 റണ്‍സെടുത്ത തിലക് വര്‍മയും 11 റണ്‍സെടുത്ത ഷംസ് മുലാനിയും മാത്രമെ ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നുള്ളു. ഇംഗ്ലണ്ട് ലയണ്‍സിനായി മാത്യു പോട്സ് ആറ് വിക്കറ്റെടുത്തപ്പോള്‍ ബ്രൈഡന്‍ കാഴ്സ് നാലു വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ എക്ക് ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരനെ(0) നഷ്ടമായി. അഭിമന്യു ഈശ്വരനെ പോട്സ് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ഏഴ് റണ്‍സെടുത്ത സായ് സുദര്‍ശനെയും പോട്സ് വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഇന്ത്യ എ 19-2ലേക്ക് വീണു. തിലക് വര്‍മയും ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് ഇന്ത്യയെ 50 കടത്തിയെങ്കിലും തിലക് വര്‍മയെയും പിന്നീടെത്തിയ റിങ്കു സിംഗിനെയും(0) പുറത്താക്കി മാത്യു പോട്സ് ഇന്ത്യയുടെ നടുവൊടിച്ചു.
സര്‍ഫറാസിനെയല്ല, രണ്ടാം ടെസ്റ്റില്‍ കളിപ്പിക്കേണ്ടത് രജത് പാടീദാറിനെ, കാരണം വ്യക്തമാക്കി മുന്‍ സെലക്ടര്‍
കുമാര്‍ കുശാഗ്ര(4) കൂടി പെട്ടെന്ന് മടങ്ങിയതോടെ 82-5ലേക്ക് വീണ ഇന്ത്യയെ പടിക്കലും സാരാന്‍ശ് ജെയിനും ചേര്‍ന്ന് 150 കടത്തിയെങ്കിലും പടിക്കലിനെ പോട്സും ജെയിനിനെ(64) കഴ്സും പുറത്താക്കിയതോടെ ഇന്ത്യ തകര്‍ന്നടിഞ്ഞു. സര്‍ഫറാസ് ഖാനും രജത് പാടീദാറും ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ കളിക്കാനായി ഇന്ത്യൻ ടീമിനൊപ്പം ചേര്‍ന്നതിനാലാണ് ദേവ്ദത്ത് പടിക്കലിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചത്. മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം സമനിലയായപ്പോള്‍ രണ്ടാം മത്സരത്തില്‍ ജയിച്ച ഇന്ത്യ എ പരമ്പയില്‍ 1-0ന് മുന്നിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക