ICC Test Rankings: പന്ത് ആദ്യ പത്തില്‍ നിന്ന് പുറത്ത്, കോലിക്കും രോഹിത്തിനും തിരിച്ചടി
ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ശരാശരി പ്രകടനമാണ് ഇരുവര്‍ക്കും തിരിച്ചടിയായത്. ശ്രീലങ്കക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ രോഹിത് 90 റണ്‍സും കോലി 81 റണ്‍സും മാത്രമാണ് നേടിയത്.
ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍(ICC Test Rankings) ഇന്ത്യന്‍ താരങ്ങള്‍ക്ക് തിരിച്ചടി. ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്ത്(Rishabh Pant) ആദ്യ പത്തില്‍ നിന്ന് പുറത്തായി. പുതിയ റാങ്കിംഗില്‍ പതിനൊന്നാം സ്ഥാനത്താണ് റിഷഭ് പന്ത്. ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തില്‍ സ്ഥാനം നിലനിര്‍ത്തിയെങ്കിലും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും(Rohit Sharma) മുന്‍ നായകന്‍ വിരാട് കോലിയും(Virat kohli) ഓരോ സ്ഥാനം താഴേക്കിറങ്ങി. രോഹിത് ഏഴാം സ്ഥാനത്തു നിന്ന് എട്ടാം സ്ഥാനത്തേക്ക് ഇറങ്ങിയപ്പോള്‍ വിരാട് കോലി പത്താം സ്ഥാനത്താണ്.
ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ശരാശരി പ്രകടനമാണ് ഇരുവര്‍ക്കും തിരിച്ചടിയായത്. ശ്രീലങ്കക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ രോഹിത് 90 റണ്‍സും കോലി 81 റണ്‍സും മാത്രമാണ് നേടിയത്. ശ്രീലങ്കക്കെതിരെ രണ്ട് അര്‍ധസെഞ്ചുറി ഉള്‍പ്പെടെ 185 റണ്‍സടിച്ചെങ്കിലും പന്ത് ആദ്യ പത്തില്‍ നിന്ന് പുറത്തായി. ഒരു വര്‍ഷത്തിനിടെ ആദ്യമായാണ് പന്ത് ആദ്യ പത്തില്‍ നിന്ന് പുറത്തുപോവുന്നത്. ഓസ്ട്രേലിയയുടെ ഉസ്മാന്‍ ഖവാജയാണ് റാങ്കിംഗില്‍ നേട്ടമുണ്ടാക്കിയ ഒരു താരം.
പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നുന്ന പ്രകടനത്തിന്‍റെ കരുത്തില്‍ ഖവാജ ആദ്യ പത്തില്‍ തിരിച്ചെത്തി. ഡേവിഡ് വാര്‍ണര്‍, റിഷഭ് പന്ത്, വിരാട് കോലി, രോഹിത് ശര്‍മ എന്നിവരെ മറികടന്ന് ഖവാജ ബാറ്റിംഗ് റാങ്കിംഗില്‍ ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നു. പാക്കിസ്ഥാനെതിരായ മൂന്ന് മത്സര ടെസ്റ്റ് പരമ്പരയില്‍ 97, 160, 44*, 91, 104 * എന്നിങ്ങനെയായിരുന്നു ഖവാജയുടെ ബാറ്റിംഗ്.
ബാറ്റിംഗ് റാങ്കിംഗില്‍ ഓസ്ട്രേലിയയുടെ മാര്‍നസ് ലാബുഷെയ്ന്‍ ഒന്നാം സ്ഥാനത്തും സ്റ്റീവ് സ്മിത്ത് രണ്ടാം സ്ഥാനത്തും കെയ്ന്‍ വില്യംസണ്‍ മൂന്നാം സ്ഥാനത്തുമാണ്. ജോ റൂട്ട്(4), ബാബര്‍ അസം(5), ദിമുത് കരുണരത്നെ(6), ഉസ്മാന്‍ ഖവാജ(7), രോഹിത് ശര്‍മ(8), ട്രാവിസ് ഹെഡ്(9)വിരാട് കോലി(10) എന്നിവരാണ് ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തിലുള്ളത്.
ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യയുടെ ആര്‍ അശ്വിന്‍ വെസ്റ്റ് ഇന്‍ഡീസിന്‍റെ ജേസണ്‍ ഹോള്‍ഡറെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് കയറി. രവീന്ദ്ര ജഡേജയാണ് ഓള്‍ റൗണ്ടര്‍മാരില്‍ ഒന്നാം സ്ഥാനത്ത്.