സീനിയർ താരങ്ങൾക്ക് ആവശ്യമില്ലെങ്കിൽ വേണ്ട, യുവതാരങ്ങള്‍ക്കെങ്കിലും സന്നാഹ മത്സരം വേണമെന്ന് ഗവാസ്കര്‍
ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇന്ത്യ എയുമായി കളിക്കാനിരുന്ന സന്നാഹ മത്സരം റദ്ദാക്കിയതായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്നലെ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര തോല്‍വിക്കുശേഷം പറഞ്ഞിരുന്നു.
മുംബൈ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പും ടെസ്റ്റ് പരമ്പരക്കിടയിലും സന്നാഹ മത്സരങ്ങള്‍ വേണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് മുന്‍ താരം സുനില്‍ ഗവാസ്കര്‍. സീനിയര്‍ താരങ്ങള്‍ക്ക് ആവശ്യമില്ലെങ്കിലും ഓസ്ട്രേലിയയില്‍ ആദ്യമായി കളിക്കാനിറങ്ങുന്ന ടീമിലെ യുവതാരങ്ങളായ യശസ്വി ജയ്സ്വാള്‍, ധ്രുവ് ജുറെല്‍, സര്‍ഫറാസ് ഖാന്‍ തുടങ്ങിയവർക്ക് സന്നാഹ മത്സരങ്ങള്‍ ആവശ്യമാണെന്നും ഗവാസ്കര്‍ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ടെസ്റ്റ് പരമ്പരക്കിടയില്‍ ഓസ്ട്രേലിയ എ ടീമുമായോ ക്യൂൻസ്‌ലാന്‍ഡ് ടീമുമായോ എങ്കിലും സന്നാഹമത്സരം കളിക്കേണ്ടതുണ്ടെന്നും ഇതുവഴി ഓസ്ട്രേലിയന്‍ പിച്ചുകളുടെ ബൗണ്‍സും പേസും മനസിലാക്കാനും അതുമായി പൊരുത്തപ്പെടാനും യുവതാരങ്ങള്‍ക്ക് അവസരം കിട്ടുമെന്നും ഗവാസ്കര്‍ പറഞ്ഞു.
ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇന്ത്യ എയുമായി കളിക്കാനിരുന്ന സന്നാഹ മത്സരം റദ്ദാക്കിയതായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്നലെ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര തോല്‍വിക്കുശേഷം പറഞ്ഞിരുന്നു. ആദ്യ ടെസ്റ്റിനും സന്നാഹ മത്സരത്തിനും മുമ്പ് മൂന്ന് ദിവസത്തെ ഇടവേള മാത്രമാകും ലഭിക്കുകയെന്നും അതുകൊണ്ട് തന്നെ സന്നാഹ മത്സരത്തിന് പകരം മത്സരത്തിന് സമാനമായ സാഹചര്യത്തില്‍ സെന്‍റര്‍ വിക്കറ്റില്‍ ബാറ്റര്‍മാര്‍ക്ക് കൂടുതല്‍ സമയം ബാറ്റ് ചെയ്യാനും ബൗള്‍ ചെയ്യാനുമുള്ള സാഹചര്യം ഒരുക്കാനാണ് താല്‍പര്യമെന്നും രോഹിത് ഇന്നലെ പറഞ്ഞിരുന്നു. സന്നാഹ മത്സരത്തെക്കാള്‍ ടീം അംഗങ്ങള്‍ക്ക് കൂടുതല്‍ സൗകര്യം ഇതാണെന്നും രോഹിത് വ്യക്തമാക്കിയിരുന്നു.
22ന് ആണ് ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് പെര്‍ത്തില്‍ തുടങ്ങുക. 10, 11 തീയതികളിലാണ് ഇന്ത്യൻ ടീം രണ്ട് സംഘങ്ങളായി ഓസ്ട്രേലിയയിലേക്ക് തിരിക്കുക. നിലവില്‍ ഓസ്ട്രേലിയയിലുള്ള ഇന്ത്യ എ ടീമിന്‍റെ ഭാഗമായുള്ള ടെസ്റ്റ് ടീം അംഗങ്ങള്‍ ഓസ്ട്രേലിയയില്‍ തുടരും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക