'ഓഫ്‌സൈഡ് ദേവത'; പിങ്ക് പന്തിലെ സെഞ്ചുറിയില്‍ മന്ദാനയ്‌ക്ക് അഭിനന്ദനപ്രവാഹം
ഇതില്‍ ഏറെ ശ്രദ്ധേയം ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വസീം ജാഫറിന്‍റെ ട്വീറ്റായിരുന്നു
ക്വീന്‍സ്ലന്‍ഡ്: ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരായ(AUSW vs INDW) പിങ്ക് ബോള്‍ ടെസ്റ്റില്‍(Pink-ball Test) ചരിത്ര സെഞ്ചുറിയുമായി തിളങ്ങിയിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ സ്‌മൃതി മന്ദാന(Smriti Mandhana). ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ സുവര്‍ണ നിമിഷങ്ങളിലൊന്ന്. നിരവധി റെക്കോര്‍ഡുകളാണ് തകര്‍പ്പന്‍ ശതകത്തിലൂടെ മന്ദാന സ്വന്തമാക്കിയത്. ഓസ്‌ട്രേലിയയില്‍ ചരിത്ര സെഞ്ചുറി നേടിയ മന്ദാനയ്‌ക്ക് വലിയ അഭിനന്ദന പ്രവാഹമാണ് ക്രിക്കറ്റ് ലോകത്തുനിന്ന് ലഭിക്കുന്നത്.
ഇതില്‍ ഏറെ ശ്രദ്ധേയം ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വസീം ജാഫറിന്‍റെ ട്വീറ്റായിരുന്നു. 'ഓഫ്‌സൈഡിലെ ദേവത' എന്നായിരുന്നു ജാഫര്‍ മന്ദാനയ്‌ക്ക് നല്‍കിയ വിശേഷണം. ഇനിയുമേറെ സെഞ്ചുറികള്‍ മന്ദാനയുടെ ബാറ്റില്‍ നിന്ന് പിറക്കുമെന്നും ജാഫര്‍ കുറിച്ചു. ഐസിസിയും ബിസിസിഐയും ക്രിക്കറ്റ് ഓസ്‌ട്രേലിയയും മന്ദാനയെ അഭിനന്ദിച്ചു.
ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 52-ാം ഓവറില്‍ എലിസി പെറിക്കെതിരെ ബൗണ്ടറി നേടി മന്ദാന കന്നി ടെസ്റ്റ് ശതകം പൂര്‍ത്തിയാക്കുകയായിരുന്നു. 170 പന്തില്‍ 18 ഫോറും ഒരു സിക്‌സും സഹിതം മന്ദാന 100 റണ്‍സിലെത്തി. പുറത്താകുമ്പോള്‍ 216 പന്തില്‍ 22 ബൗണ്ടറിയും ഒരു സിക്‌സും സഹിതം 127 റണ്‍സെടുത്തിരുന്നു താരം. ആദ്യ ദിനത്തിന് പിന്നാലെ രണ്ടാം ദിവസവും അതിസുന്ദരമായി ബൗണ്ടറികള്‍ നിറഞ്ഞൊഴുകുകയായിരുന്നു ആ ബാറ്റില്‍ നിന്ന്. രണ്ടാം വിക്കറ്റില്‍ 102 റണ്‍സ് കൂട്ടുകെട്ട് മന്ദാന-പൂനം സഖ്യം ചേര്‍ത്തു.
റെക്കോര്‍ഡ് വാരി മന്ദാന
പകല്‍-രാത്രി ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം എന്ന നേട്ടവും ഓസ്‌ട്രേലിയയില്‍ ശതകം നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന റെക്കോര്‍ഡും സ്‌മൃതി മന്ദാന പേരിലാക്കി.
ഇന്ത്യ ഒരു വിക്കറ്റിന് 132 റൺസെന്ന നിലയിലാണ് രണ്ടാം ദിനം ആരംഭിച്ചത്. 80 റൺസുമായി സ്‌മൃതി മന്ദാനയും 16 റൺസോടെ പൂനം റൗത്തും ആയിരുന്നു ക്രീസിൽ. രണ്ടാം ദിനം പുരോഗമിക്കുമ്പോള്‍ 231-3 എന്ന നിലയിലാണ് ഇന്ത്യ. ഇന്ന് മന്ദാനയ്‌ക്ക് പുറമെ പൂനം റൗത്തിന്‍റെ(36) വിക്കറ്റാണ് ഇന്ത്യക്ക് നഷ്‌ടമായത്. 64 പന്തില്‍ നാല് ബൗണ്ടറി സഹിതം 31 റൺസെടുത്ത ഷഫാലി വര്‍മ്മയെ ആദ്യ ദിനം ഇന്ത്യക്ക് നഷ്‌ടമായിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ വനിതകള്‍ പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കുന്നത്.
പിങ്ക് ബോളില്‍ ആളിക്കത്തി മന്ദാന, തകര്‍പ്പന്‍ സെഞ്ചുറി; ഇന്ത്യ കുതിക്കുന്നു