IPL 2022 : 'തോല്‍വിക്ക് സഞ്ജു മറുപടി പറയണം'; ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി
അവസാന 42 പന്തില്‍ ആര്‍സിബിക്ക് ജയിക്കാന്‍ ആവശ്യമായ റണ്‍റേറ്റ് ഒരു ഓവറില്‍ 12 റണ്‍സ് എന്ന നിലയിലായിരുന്നു. അഞ്ച് വിക്കറ്റും അവര്‍ക്കും നഷ്ടമായിരുന്നു. എന്നാല്‍ അശ്വിന്‍ എറിഞ്ഞ 14-ാം ഓവറില്‍ 21 റണ്‍സാണ് കാര്‍ത്തിക് അടിച്ചെടുത്തത്.
മുംബൈ: ഐപിഎല്ലില്‍ (IPL 2022) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ (RCB) മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സി വിമര്‍ശിക്കപ്പെട്ടിരുന്നു. ആര്‍സിബിയെ വിജയത്തിലേക്ക് നയിച്ച ദിനേശ് കാര്‍ത്തികിനെതിരെ സഞ്ജു ഉപയോഗിച്ചത് മോശം തന്ത്രങ്ങളായിരുന്നുവെന്നായിരുന്നു ഒരു വാദം. എന്നാല്‍ സഞ്ജു (Sanju Samson) ഫീല്‍ഡ് സെറ്റ് ചെയ്തത് അനുസരിച്ച് ബൗളര്‍മാര്‍ പന്തെറിഞ്ഞിരുന്നില്ലെന്ന എതിര്‍വാദവുമുണ്ട്. മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു ആര്‍സിബിയുടെ ജയം. ബാറ്റിംഗിലും സഞ്ജു മോശമായിരുന്നു.
അവസാന 42 പന്തില്‍ ആര്‍സിബിക്ക് ജയിക്കാന്‍ ആവശ്യമായ റണ്‍റേറ്റ് ഒരു ഓവറില്‍ 12 റണ്‍സ് എന്ന നിലയിലായിരുന്നു. അഞ്ച് വിക്കറ്റും അവര്‍ക്കും നഷ്ടമായിരുന്നു. എന്നാല്‍ അശ്വിന്‍ എറിഞ്ഞ 14-ാം ഓവറില്‍ 21 റണ്‍സാണ് കാര്‍ത്തിക് അടിച്ചെടുത്തത്. പിന്നീട് അവസാന ആറ് ഓവറില്‍ വേണ്ടിയിരുന്നത് 61 റണ്‍സും. യൂസ്‌വേന്ദ്ര ചാഹലിന് പകരം നവ്ദീപ് സൈനിയാണ് പന്തെറിയാനെത്തിയത്. ആ ഓവറില്‍ 17 റണ്‍സ് പിറന്നു. എന്നിട്ടും ചാഹലിന് പന്ത് നല്‍കിയില്ല. പ്രസിദ്ധിന്റെ അടുത്ത ഓവറില്‍ 13 റണ്‍സും അടിച്ചെടുത്തു.
ആ തന്ത്രം പാളി പോയെന്നാണ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി പറയുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരശേഷം സഞ്ജുവിന്റെ നേതൃപാടവത്തെ പുകഴ്ത്തിയ ശാസ്ത്രി കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്. ശാസ്ത്രി പറയുന്നതിങ്ങനെ... ''അശ്വിന്റെ ഒരോവറാണ് കളിയുടെ ഗതിമാറ്റിയത്. കാര്‍ത്തികിന് ഒരു ഫ്രീഹിറ്റ് ലഭിച്ചു. ആ പന്ത് ഇഷ്ടം പോലെ കളിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ടായിരുന്നു. അവിടെ വച്ച് കാര്‍ത്തികിന്റെ ആത്മവിശ്വാസം വര്‍ധിച്ചു. 21 റണ്‍സാണ് ആ ഓവറില്‍ പിറന്നത്.
അടുത്ത ഓവര്‍ ടീമില്‍ ഏറ്റവും നന്നായി പന്തെറിഞ്ഞ ബൗളര്‍ക്ക് കൊടുക്കണമായിരുന്നു. ചാഹല്‍ പന്തെറിയുമെന്നാണ് ഞാന്‍ കരുതിയത്. പകരമെത്തിയത് പരിചയസമ്പത്തില്ലാത്ത സൈനി. ആ ഓവറില്‍ 17 റണ്‍സാണ് സൈനി വിട്ടുകൊടുത്തത്. മാത്രമല്ല, ഫീല്‍ഡ് സെറ്റിനനുസരിച്ച് ബൗളര്‍മാര്‍ പന്തെറിഞ്ഞതുമില്ല.'' ശാസ്ത്രി വിലയിരുത്തി.
രാജസ്ഥാന്‍ മുന്നോട്ടുവച്ച 170 റണ്‍സ് വിജയലക്ഷ്യം ആര്‍സിബി 19.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. ദിനേശ് കാര്‍ത്തിക് (23 പന്തില്‍ പുറത്താവാതെ 44), ഷഹ്ബാസ് അഹമ്മദ് (26 പന്തില്‍ 45) എന്നിവരുടെ മികവിലാണ് ആര്‍സിബിയുടെ ജയം. അനുജ് റാവത്തും ഫാഫ് ഡുപ്ലസിസും ഗംഭീര തുടക്കം ആര്‍സിബിക്ക് നല്‍കി. പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 48 റണ്‍സ് ഇരുവരും ചേര്‍ത്തു.
പിന്നാലെ തൊട്ടടുത്ത ഓവറില്‍ യുസ്വേന്ദ്ര ചാഹല്‍ രാജസ്ഥാന് ബ്രേക്ക് ത്രൂ നല്‍കി. 20 പന്തില്‍ 29 റണ്‍സെടുത്ത ഫാഫ്, ബോള്‍ട്ടിന്റെ കൈകളിലവസാനിച്ചു. റാവത്തിനെയാവട്ടെ (25 പന്തില്‍ 26) തൊട്ടടുത്ത ഓവറില്‍ സെയ്നി വിക്കറ്റിന് പിന്നില്‍ സഞ്ജുവിന്റെ കൈകളിലെത്തിച്ചു. കോലിയുടെ റണ്ണൗട്ട് കൂടിയായപ്പോള്‍ 10 ഓവറില്‍ 68-4 എന്ന നിലയില്‍ പരുങ്ങി ആര്‍സിബി. 10 പന്തില്‍ അഞ്ച് റണ്‍സെടുത്ത ഷെറഫൈന്‍ റൂഥര്‍ഫോര്‍ഡ്, ബോള്‍ട്ടിന്റെ പന്തില്‍ സെയ്നിയുടെ പറക്കും ക്യാച്ചില്‍ മടങ്ങി.
എന്നാല്‍ ഷഹ്ബാസിനെ കൂട്ടുപിടിച്ച് കാര്‍ത്തിക് ബൗണ്ടറികളുമായി കളംനിറഞ്ഞതോടെ പോരാട്ടം മുറുകി. ഇരുവരും സിക്സറുകളും ഫോറുകളുമായി രാജസ്ഥാന് കനത്ത വെല്ലുവിളിയുയര്‍ത്തി. 18-ാം ഓവറിലെ അഞ്ചാം പന്തില്‍ ഷഹ്ബാസിനെ (26 പന്തില്‍ 45) ബൗള്‍ഡാക്കി ബോള്‍ട്ടാണ് കൂട്ടുകെട്ട് പൊളിച്ചത്. എങ്കിലും അവസാന ഓവറില്‍ ആര്‍സിബി വിജയം സ്വന്തമാക്കി. കാര്‍ത്തിക് 23 പന്തില്‍ 44 ഉം ഹര്‍ഷല്‍ നാല് പന്തില്‍ ഒമ്പത് റണ്‍സുമായി പുറത്താവാതെ നിന്നു.