Asianet News MalayalamAsianet News Malayalam

നാല് മണിക്കൂറിനിടെ രണ്ട് തവണ പുറത്തായി! സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കെയ്ന്‍ വില്യംസണ്‍

രണ്ടാം ഇന്നിംഗ്‌സില്‍ അദ്ദേഹത്തിന് വീണ്ടും ബാറ്റിംഗിന് ഇറങ്ങേണ്ടി വന്നു. ഉച്ച തിരിഞ്ഞ് 2.15ന് ഒരിക്കല്‍ താരം പുറത്തായി.

kane williamson  got out second time in four hours difference
Author
First Published Sep 28, 2024, 8:08 PM IST | Last Updated Sep 28, 2024, 8:08 PM IST

ഗോള്‍: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണ് ആഗ്രഹിച്ച ഫോമിലേക്ക് ഉയരാന്‍ സാധിച്ചിരുന്നില്ല. നാല് ഇന്നിംഗ്‌സില്‍ നിന്ന് 138 റണ്‍സാണ് വില്യംസണ്‍ നേടിയത്. ആദ്യ ടെസ്റ്റില്‍ 55, 30 എന്നിങ്ങനെയായിരുന്നു വില്യംസണിന്റെ സ്‌കോര്‍. രണ്ടാം ഇന്നിംഗ്‌സില്‍ യഥാക്രമം 7, 46 എന്നിങ്ങനെയാണ് വില്യംസണ്‍ നേടിയത്. 

ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ് വില്യംസണ്‍. ഗോള്‍ ടെസ്റ്റില്‍ വില്യംസണ്‍ രണ്ട് ഇന്നിംഗ്‌സിലും പുറത്തായതാണ് ചര്‍ച്ചാവിഷയം. നാല് മണിക്കൂറിനിടെ രണ്ട് തവണയാണ് വില്യംസണ്‍ പുറത്തായത്. ഗോള്‍ ടെസ്റ്റിന്റെ മൂന്നാം ദിനം ആദ്യ ഇന്നിംഗ്‌സില്‍ ന്യൂസിലന്‍ഡ് കേവലം 88 റണ്‍സിന് പുറത്തായിരുന്നു. ഇന്നിംഗ്‌സില്‍ ഏഴ് റണ്‍സ് മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം. രാവിലെ 10.25നാണ് വില്യംസണ്‍ പുറത്താവുന്നത്. പിന്നീട് ഫോളോഓണ്‍ ചെയ്യാന്‍ നിര്‍ബന്ധിരായി ന്യൂസിലന്‍ഡ്. രണ്ടാം ഇന്നിംഗ്‌സില്‍ അദ്ദേഹത്തിന് വീണ്ടും ബാറ്റിംഗിന് ഇറങ്ങേണ്ടി വന്നു. ഉച്ച തിരിഞ്ഞ് 2.15ന് ഒരിക്കല്‍ താരം പുറത്തായി. 46 റണ്‍സാണ് വില്യംസണ്‍ നേടിയത്. അങ്ങനെ നാല് മണിക്കൂറിനിടെ രണ്ട് തവണ വില്യംസണ്‍ മടങ്ങുകയായിരുന്നു. ചില പോസ്റ്റുകള്‍ വായിക്കാം...

അതേസമയം, ടെസ്റ്റില്‍ തോല്‍വിയിലേക്ക് നീങ്ങുകയാണ് ന്യൂസിലന്‍ഡ്. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 602 റണ്‍സിനെതിരെ ന്യൂസിലന്‍ഡ് ഫോളോഓണ്‍ ചെയ്യാന്‍ നിര്‍ബന്ധിതമായിരുന്നു. പിന്നീട് 88 റണ്‍സിന് പുറത്തായ കിവീസ് രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ചിന് 199 എന്ന നിലയിലാണ്. രണ്ട് ദിവസം ശേഷിക്കെ ലങ്കയെ വീണ്ടും ബാറ്റിംഗിനയക്കണമെങ്കില്‍ ഇനിയും 315 റണ്‍സ് കൂടി വേണം. ടോം ബ്ലണ്ടല്‍ (47), ഗ്ലെന്‍ ഫിലിപ്‌സ് (32) എന്നിവരാണ് ക്രീസില്‍. രണ്ടാം ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റ് നേടിയ നിഷാന്‍ പെയ്‌രിസാണ് ന്യൂസിലന്‍ഡിനെ തകര്‍ത്തത്. 

ടോം ലാഥം (0) ആദ്യ ഓവറില്‍ തന്നെ പുറത്തായിരുന്നു. പിന്നാലെ ഡെവോണ്‍ കോണ്‍വെ (61) - കെയ്ന്‍ വില്യംസണ്‍ (46) എന്നിവര്‍ 96 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ കോണ്‍വെയെ പുറത്താക്കി ധനഞ്ജയ ഡി സില്‍വ ആതിഥേയര്‍ക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നീട് വില്യംസണെ നിഷാന്‍ മടക്കി. തുടര്‍ന്നെത്തിയ ഡാരില്‍ മിച്ചല്‍ (1), രചിന്‍ രവീന്ദ്ര (12) എന്നിവര്‍ക്കും തിളങ്ങാനായില്ല. തുടര്‍ന്ന് ബ്ലണ്ടല്‍ - ഫിലിപ്‌സ് സഖ്യം 78 റണ്‍സ് കൂട്ടിചേര്‍ത്തു. എങ്കിലും നാളെയും പിടിച്ചുനില്‍ക്കുക ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും. 

ആദ്യ ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റ് നേടിയ പ്രഭാത് ജയസൂര്യയാണ് കിവീസിനെ തകര്‍ത്തത്. 29 റണ്‍സ് നേടിയ മിച്ചല്‍ സാന്റ്‌നറാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. ഡാരില്‍ മിച്ചല്‍ (13), രചിന്‍ രവീന്ദ്ര (10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ലാതം (2), കോണ്‍വെ (9), വില്യംസണ്‍ (7), ബ്ലണ്ടല്‍ (1), ഫിലിപ്‌സ് (0) എന്നിവര്‍ക്ക് തിളങ്ങാനായില്ല. അജാസ് പട്ടേല്‍ (8), ടിം സൗത്തി (2) എന്നിവരും പുറത്തായി. വില്യം റൗര്‍ക്കെ (2) പുറത്താവാതെ നിന്നു. പ്രഭാതിന് പുറമെ പെയ്‌രിസ് മൂന്ന് വിക്കറ്റ് നേടി.

Latest Videos
Follow Us:
Download App:
  • android
  • ios