ഉമ്രാന്‍ മാലിക് ലോകകപ്പ് ടീമില്‍ വേണമായിരുന്നു; സെലക്‌ടര്‍മാരെ പൊരിച്ച് ദിലീപ് വെങ്‌സര്‍ക്കര്‍

'മാലിക്കിനെ ടീമിലെടുക്കേണ്ട സമയമാണിത്. വേഗം 130 കിലോമീറ്ററിലേക്ക് താഴ്‌ന്നുകഴിഞ്ഞ് ടീമിലെടുത്തിട്ട് കാര്യമില്ല'.

Ex Selector Dilip Vengsarkar wants Umran Malik in Team India squad for T20 World Cup 2022

മുംബൈ: ഐപിഎല്ലില്‍ പേസ് കൊണ്ട് അമ്പരപ്പിച്ച ഉമ്രാന്‍ മാലിക്കിനെ ഓസ്ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പിനുള്ള പ്രധാന സ്ക്വാഡില്‍ ഉള്‍പ്പെടുത്തണമായിരുന്നു എന്ന് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റനും ചീഫ് സെലക്ടറുമായിരുന്ന ദിലീപ് വെങ്‌സര്‍ക്കര്‍. പരിക്കേറ്റ പേസര്‍ ജസ്പ്രീത് ബുമ്രയുടെ ലോകകപ്പ് പങ്കാളിത്തം സംബന്ധിച്ച സംശയങ്ങള്‍ നിലനില്‍ക്കേക്കൂടിയാണ് വെങ്‌സര്‍ക്കറുടെ പ്രതികരണം.  

ഉമ്രാന്‍ മാലിക്കിന്‍റെ കാര്യത്തില്‍ ഔട്ട് ഓഫ് ദി ബോക്സ് ചിന്തയല്ല. ഐപിഎല്ലിൽ സൺറൈസേഴ്‌‌സ് ഹൈദരാബാദ് താരമായ ഉമ്രാൻ മാലിക് 150 കിലോമീറ്റർ വേഗത്തിൽ പന്തെറിയുന്ന താരമാണ്. ഓസ്ട്രേലിയയിലെ പേസും ബൗൺസുമുള്ള വിക്കറ്റിൽ ലോകകപ്പ് കളിക്കുമ്പോൾ ഉമ്രാൻ മാലിക് ടീമിൽ വേണമായിരുന്നു. മാലിക്കിനെ ടീമിലെടുക്കേണ്ട സമയമാണിത്. വേഗം 130 കിലോമീറ്ററിലേക്ക് താഴ്‌ന്നുകഴിഞ്ഞ് ടീമിലെടുത്തിട്ട് കാര്യമില്ല. താൻ സെലക്ഷൻ കമ്മിറ്റിയിൽ ഉണ്ടായിരുന്നുവെങ്കിൽ സൺറൈസേഴ്സ് താരത്തെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തുമായിരുന്നു. ദുബായിലെ ഫ്ലാറ്റ് വിക്കറ്റ് പോലുള്ള സാഹചര്യമല്ല ഓസ്ട്രേലിയയിലേത്. പേസുള്ള വിക്കറ്റുകളില്‍ ബാറ്റര്‍മാരെ കീഴ്‌പ്പെടുത്തണമെങ്കില്‍ നല്ല വേഗക്കാര്‍ വേണം എന്നും വെംഗ്സാർക്കർ പറഞ്ഞു. 

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ 150 കിലോമീറ്ററിലേറെ വേഗത്തില്‍ തുടര്‍ച്ചയായി പന്തുകളെറിഞ്ഞ് അമ്പരപ്പിച്ച താരമാണ് ഉമ്രാന്‍ മാലിക്. 14 ഐപിഎൽ മത്സരത്തിൽ ഉമ്രാൻ മാലിക് 22 വിക്കറ്റ് വീ‌ഴ്‌ത്തിയിരുന്നു. ഇതിന് പിന്നാലെ അയർലൻഡിനെതിരായ പരമ്പരയിൽ ഇന്ത്യൻ ടീമില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ടി20 ലോകകപ്പ് ടീമില്‍ ശ്രേയസ് അയ്യര്‍, മുഹമ്മദ് ഷമി, ശുഭ്‌മാന്‍ ഗില്‍ എന്നിവര്‍ കൂടി വേണമായിരുന്നു എന്ന് വെങ്‌സര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു. 

കളിക്കുമോ ഉമ്രാന്‍ ലോകകപ്പില്‍?

അതേസമയം ഇന്ത്യന്‍ ടീമിനൊപ്പം ടി20 ലോകകപ്പിനായി ഓസ്ട്രേലിയയിലേക്ക് ഉമ്രാന്‍ മാലിക്കും പോകും എന്നാണ് പുതിയ റിപ്പോര്‍ട്ട്. പരിക്കേറ്റ ജസ്പ്രീത് ബുമ്ര ലോകകപ്പില്‍ കളിക്കുന്ന കാര്യം സംശയത്തിലായതോടെ ബാക്ക് അപ്പ് പേസര്‍മാരായി മുഹമ്മദ് സിറാജിനെയും ഉമ്രാന്‍ മാലിക്കിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുഹമ്മദ് ഷമി നിലവില്‍ സ്റ്റാന്‍ഡ് ബൈ താരമായി സ്ക്വാഡിലുണ്ട്. ബുമ്ര ലോകകപ്പില്‍ കളിക്കില്ല എന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നെങ്കിലും താരം ഓസ്ട്രേലിയയിലുണ്ടായേക്കും എന്ന നേരിയ പ്രതീക്ഷ ബിസിസിഐയ്ക്ക് ഇപ്പോഴുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കതിരായ ആദ്യ ടി20ക്ക് മുമ്പുള്ള പരിശീലനത്തിനിടെയാണ് ബുമ്രക്ക് പരിക്കേറ്റത്. ഇതോടെ പരമ്പരയിലെ അവസാന രണ്ട് ടി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് പകരക്കാരനായി പേസര്‍ മുഹമ്മദ് സിറാജിനെ ഉള്‍പ്പെടുത്തിയിരുന്നു.

ടി20 ലോകകപ്പ്: ഉമ്രാന്‍ മാലിക്കും മുഹമ്മദ് സിറാജും ഇന്ത്യന്‍ ടീമിനൊപ്പം ഓസ്ട്രേലിയയിലേക്ക്

Latest Videos
Follow Us:
Download App:
  • android
  • ios