രോഹിത് മറന്നുപോയ ഒരു കാര്യമുണ്ട്! ഇന്ത്യന്‍ നായകന്റെ കഴിവിനെ കുറിച്ച് ഓര്‍മിപ്പിച്ച് ദിനേശ് കാര്‍ത്തിക്
ഇപ്പോള്‍ രോഹിത്തിന്റെ ഫോമിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്.
ചെന്നൈ: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും മോശം ഫോമില്‍ കളിച്ച ഒരു താരം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയായിരുന്നു. ആറ് ഇന്നിംഗ്‌സില്‍ നിന്ന് 91 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. 2, 52, 0, 8, 18, 11 എന്നിങ്ങനെയായിരുന്നു രോഹിത്തിന്റെ സ്‌കോറുകള്‍. വിരാട് കോലിയും ഇക്കാര്യത്തില്‍ വ്യത്യസ്തനല്ലായിരുന്നു. ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫി കളിക്കാന്‍ ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലേക്ക് പുറപ്പെടാനിരിക്കെ എല്ലാ കണ്ണുകളും ഇരുവരിലുമാണ്. ഫോമിലായില്ലെങ്കില്‍ ടീമില്‍ നിന്ന് സ്ഥാനം പോലും തെറിച്ചേക്കാം.
എന്തായാലും ഇപ്പോള്‍ രോഹിത്തിന്റെ ഫോമിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്. രോഹിത്തിന് തന്റെ സാങ്കേതിക തികവില്‍ വിശ്വാസമില്ലായിരുന്നുവെന്ന് കാര്‍ത്തിക് വ്യക്തമാക്കി. കാര്‍ത്തികിന്റെ വാക്കുകള്‍... ''രോഹിത് ഈ ടെസ്റ്റ് പരമ്പരയില്‍ ഉപയോഗിക്കാതെപോയ ഒരു കാര്യമുണ്ട്. അത് അദ്ദേഹം ഓപ്പണാറാവുമ്പോള്‍ എപ്പോഴും ആശ്രയിക്കുന്ന കാര്യമാണ്. പറഞ്ഞുവരുന്നത് അദ്ദേഹത്തിന്റെ അക്രമണ ശൈലിയെ കുറിച്ചാണ്. ന്യൂസിലന്‍ഡിനെതിരെ ഒരിക്കല്‍പോലും രോഹിത് ആക്രമിക്കാന്‍ മുതിര്‍ന്നില്ല. അതൊരു സാധ്യതയായിരുന്നു. എന്നാല്‍ തങ്ങളുടെ കഴിവിനെ വിശ്വസിച്ചാല്‍ അത് വിജയിക്കൂ.'' കാര്‍ത്തിക് പറഞ്ഞു.
കാര്‍ത്തിക് തുടര്‍ന്നു... ''രോഹിത് പ്രതിരോധിക്കുമ്പോള്‍ പുറത്താകുമെന്ന ആശങ്കയുള്ളതിനാലാണ് ആക്രമിക്കാന്‍ ശ്രമിക്കുകയാണ്. എന്നാലത് അപകടസാധ്യത നിറഞ്ഞതാണ്. എന്നാല്‍ ആത്മവിശ്വാസത്തോടെ കളിക്കുമ്പോള്‍ ഈ പ്രശനം നേരിടേണ്ടിവരില്ല. ആക്രമണ ക്രിക്കറ്റാണ് രോഹിത് പുറത്തെടുക്കേണ്ടത്. അതാണ് അദ്ദേഹം ശീലമാക്കിയിട്ടുള്ളതും. ടെസ്റ്റ് ക്രിക്കറ്റിലും രോഹിത് ആ രീതി തുടരണം.'' കാര്‍ത്തിക് കൂട്ടിചേര്‍ത്തു.
ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടിയില്ലെങ്കില്‍ അടുത്തവര്‍ഷം ജൂണില്‍ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ നിന്ന് സീനിയര്‍ താരങ്ങളെ ടീമില്‍ നിന്നൊഴിവാക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഓസ്‌ട്രേലിയക്കെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ചാംപ്യന്‍സ് ട്രോഫിയിലും പിന്നാലെ ഐപിഎല്ലിലുമാകും ഇന്ത്യന്‍ താരങ്ങള്‍ കളിക്കുക. ഓസ്‌ട്രേലിയക്കെതിരായ പരമ്പര കഴിഞ്ഞാല്‍ ജൂണില്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലുണ്ട്. ഫൈനലിന് നേരിട്ട് യോഗ്യത നേടണമെങ്കില്‍ ഇന്ത്യക്കിനി ഓസ്‌ട്രേലിയയെ 4-0ന് എങ്കിലും തോല്‍പ്പിക്കണം.