Asianet News MalayalamAsianet News Malayalam

ജയിക്കാവുന്ന മത്സരം കൈവിട്ട് റോയല്‍സ്! അഖില്‍ സ്‌കറിയയുടെ ഓള്‍റൗണ്ട് പ്രകടനത്തില്‍ ഗ്ലോബ്‌സ്റ്റാര്‍സ് ഫൈനലില്‍

അവസാന ഓവറില്‍ 24 റണ്‍സാണ് റോയല്‍സിന് ജയിക്കാന്‍ വേണ്ടിയിരുന്നത്.

calicut globstars into the finals of kcl after beating trivandrum royals
Author
First Published Sep 17, 2024, 6:17 PM IST | Last Updated Sep 17, 2024, 6:17 PM IST

തിരുവനന്തപുരം: ത്രസിപ്പിക്കുന്ന പോരില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെ തകര്‍ത്ത് കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് പ്രഥമ കേരള പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍. ആവേശകരമായ പോരില്‍ 18 റണ്‍സിന് തോല്‍പ്പിച്ചാണ് ഗ്ലോബ്‌സ്റ്റാര്‍സ് ഫൈനലില്‍ കടന്നത്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗ്ലോബ്‌സ്റ്റാര്‍സ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ റോയല്‍സിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനാണ് സാധിച്ചത്. റിയ ബഷീര്‍ (69), ഗോവിന്ദ് പൈ (68) എന്നിവര്‍ റോയല്‍സിന് വിജയ പ്രതീക്ഷ നല്‍കിയിരുന്നു. നാല് വിക്കറ്റ് നേടിയ അഖില്‍ സ്‌കറിയയാണ് റോയല്‍സിന്റെ പ്രതീക്ഷകള്‍ തകര്‍ത്തു. നാല് ഓവറില്‍ 18 റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്. നേരത്തെ ബാറ്റിംഗില്‍ 55 റണ്‍സെടുക്കാനും അഖിലിന് സാധിച്ചിരുന്നു. രോഹന്‍ കുന്നുമ്മലാണ് ഗ്ലോബ്‌സ്റ്റാര്‍സിന് വേണ്ടി തിളങ്ങിയ മറ്റൊരു താരം.

അവസാന ഓവറില്‍ 24 റണ്‍സാണ് റോയല്‍സിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. അഖില്‍ ദേവ് എറിഞ്ഞ ഓവറില്‍ ആറ് റണ്‍സെടുക്കാനാണ് റോയല്‍സിന് സാധിച്ചത്. മോശമായിരുന്നു റോയല്‍സിന്റെ തുടക്കം. ആദ്യ ഓവറില്‍ തന്നെ എസ് സുബിന്റെ (0) വിക്കറ്റ് അവര്‍ക്ക് നഷ്ടമായി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഗോവിന്ദ് - ബഷീര്‍ സഖ്യം 136 റണ്‍സ് കൂട്ടിചേര്‍ത്തു. റോയല്‍സ് അനായാസം വിജയത്തിലേക്ക് നടന്ന് കയറുമെന്ന് തോന്നിച്ചു. ബഷീറും ഗോവിന്ദും അടുത്തടുത്ത ഓവറുകളില്‍ പുറത്തായത് റോയല്‍സിന് തിരിച്ചടിയായി. ഇരുവര്‍ക്കും ശേഷമെത്തിയ അബ്ദുള്‍ ബാസിത് (1), അഖില്‍ എം എസ് (1), ഗിരീഷ് പി ജി (0) എന്നിവര്‍ നിരാശപ്പെടുത്തിയതോടെ ഗ്ലോബ്‌സ്റ്റാര്‍സ് വിജയമുറപ്പിച്ചു. കെ എന്‍ ഹരികൃഷ്ണന്‍ (1), ആദര്‍ഷ് എ കെ (0)  പുറത്താവാതെ നിന്നു. നിഖില്‍ എം രണ്ട് വിക്കറ്റ് വീഴ്ത്തി.

ഒരേ ടൂര്‍ണമെന്റില്‍ സമിത് ദ്രാവിഡും അര്‍ജുന്‍ ടെന്‍ഡുല്‍ക്കറും! ഇരുവരും മികച്ച ഫോമില്‍, നേര്‍ക്കുനേര്‍ വരുമോ?

ഗ്ലോബ്‌സ്റ്റാര്‍സിനെ രോഹന്‍ കുന്നുമ്മല്‍ (34 പന്തില്‍ 64), അഖില്‍ സ്‌കറിയ (43 പന്തില്‍ 55) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മോശം തുടക്കമായിരുന്നു ഗ്ലോബ്‌സ്റ്റാര്‍സിന്. നാലാം ഓവിറില്‍ തന്നെ ഒമര്‍ അബൂബക്കറുടെ (14) വിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിന് നഷ്ടമായി. ഹരികൃഷ്ണനാണ് ഒമറിനെ വീഴ്ത്തിയത്. ഒരു സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഒമറിന്റെ ഇന്നിംഗ്‌സ്. പിന്നീട് രോഹന്‍ - അഖില്‍ സഖ്യം 88 റണ്‍സ് കൂട്ടിചേര്‍ത്തു. 14-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. രോഹനെ അഖില്‍ എം എസ് പുറത്താക്കി. ആറ് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹന്റെ ഇന്നിംഗ്‌സ്. തുടര്‍ന്നെത്തിയ അജ്‌നാസ് എം (1), പള്ളം അന്‍ഫല്‍ (2) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. 

വൈകാതെ അഖിലും മടങ്ങി. മൂന്ന് വീതം സിക്‌സും ഫോറും അഖില്‍ നേടിയിരുന്നു. പിന്നീട് സല്‍മാന്‍ നിസാര്‍ (23) - അഭിജിത് പ്രവീണ്‍ (9) സഖ്യം നിര്‍ണായക സംഭാവന നല്‍കി. 16 പന്തുകള്‍ നേരിട്ട സല്‍മാന്‍ ഒരു സിക്‌സും ഫോറും നേടിയിരുന്നു. റോയല്‍സിന് വേണ്ടി വിനില്‍ രണ്ട് വിക്കറ്റെടുത്തു. പുറമെ അഖില്‍ എംഎസ്, ശ്രീഹരി എസ് നായര്‍, ഹരികൃഷ്ണന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Latest Videos
Follow Us:
Download App:
  • android
  • ios