സര്‍ഫറാസും ജുറെലും കാത്തിരിക്കണം, പ്ലേയിംഗ് ഇലവനെക്കുറിച്ച് നിര്‍ണായക സൂചനയുമായി ഗൗതം ഗംഭീര്‍
മൂന്ന് ഫോര്‍മാറ്റിലും ജസ്പ്രീത് ബുമ്രയാണ് നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബൗളറെന്നും കളിയുടെ ഏത് ഘട്ടത്തിലും വഴിത്തിരിവുണ്ടാക്കാന്‍ കഴിയുന്ന താരമാണ് ബുമ്രയെന്നും ഗംഭീര്‍ പറഞ്ഞു.
ചെന്നൈ: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെക്കുറിച്ച് നിര്‍ണായക സൂചന നല്‍കി കോച്ച് ഗൗതം ഗംഭീര്‍. ആദ്യ ടെസ്റ്റില്‍ ബാറ്റിംഗ് നിരയില്‍ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെലിനും സര്‍ഫറാസ് ഖാനും ഇടമുണ്ടാകില്ലെന്ന് ഗൗതം ഗംഭീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ടീമില്‍ നിന്ന് ആരെയും ഒഴിവാക്കുന്നതസല്ലെന്നും ശരിയായ ടീം കോംബിനേഷന്‍ കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ ചില താരങ്ങള്‍ക്ക് പുറത്തിരിക്കേണ്ടിവരുമെന്നും ഗംഭീര്‍ പറഞ്ഞു.
വലിയ ടെസ്റ്റ് സീസണാണ് മുന്നിലുള്ളത് എന്നതിനാല്‍ ജുറെലിനും സര്‍ഫറാസിനുമെല്ലാം ഇനിയും അവസരങ്ങള്‍ ലഭിക്കുമെന്നും ഗംഭീര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കെ എല്‍ രാഹുലും റിഷഭ് പന്തും ടീമിനായി മികവ് കാട്ടിയവരാണെന്നും ഗംഭീര്‍ പറഞ്ഞു. പുറത്തുനില്‍ക്കുന്നവര്‍ക്ക് പലപ്പോഴും തോന്നിയില്ലെങ്കിലും ടീമിലെ സീനിയർ താരങ്ങളുമായുള്ള തന്‍റെ ബന്ധം ഊഷ്മളമാണെന്നും ഗംഭീര്‍ പറഞ്ഞു.
കോലിയെയും രോഹിത്തിനെയുമെല്ലാം പിന്നിലാക്കി ചരിത്രം കുറിക്കാൻ ജയ്സ്വൾ
ബംഗ്ലാദേശിനെ ദുര്‍ബലരായി കാണുന്നില്ലെന്നും എതിരാളികളെ ശക്തരെന്നോ ദുര്‍ബലരെന്നോ നോക്കാതെ 100 ശതമാനം മികച്ച പ്രകടനം നടത്താനാണ് ഇന്ത്യ ശ്രമിക്കുകയെന്നും ഗംഭീര്‍ പറഞ്ഞു. മൂന്ന് ഫോര്‍മാറ്റിലും ജസ്പ്രീത് ബുമ്രയാണ് നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബൗളറെന്നും കളിയുടെ ഏത് ഘട്ടത്തിലും വഴിത്തിരിവുണ്ടാക്കാന്‍ കഴിയുന്ന താരമാണ് ബുമ്രയെന്നും ഗംഭീര്‍ പറഞ്ഞു.
ഹാര്‍ദ്ദിക് പാണ്ഡ്യയെ ഒഴിച്ചു നിര്‍ത്തിയാല്‍ ഇന്ത്യക്ക് മികച്ചൊരു പേസ് ബൗളിംഗ് ഓള്‍ റൗണ്ടറില്ല എന്നതിനെക്കുറിച്ച് അധികം ചിന്തിക്കുന്നില്ലെന്നും ഇന്ത്യക്ക് മികച്ച സ്പിന്‍ ബൗളിംഗ് ഓള്‍ റൗണ്ടര്‍മാരുണ്ടല്ലോ എന്നും ഗംഭീര്‍ പറഞ്ഞു. രണ്ടോ മൂന്നോ ദിവസത്തില്‍ ടെസ്റ്റ് മത്സരങ്ങള്‍ പൂര്‍ത്തിയാവുന്നത് ഇന്ത്യയില്‍ മാത്രമല്ലെന്നും ദക്ഷിണാഫ്രിക്കയിലെ പേസ് പിച്ചില്‍ രണ്ട് ദിവസത്തിനുള്ളില്‍ ടെസ്റ്റ് മത്സരം പൂര്‍ത്തിയായപ്പോള്‍ ആരും ആക്ഷേപം ഉന്നിയിച്ചിട്ടില്ലെന്നും ഇന്ത്യയിലെ സ്പിന്‍ ട്രാക്കില്‍ മാത്രം ഇത്തരത്തില്‍ മത്സരം പൂര്‍ത്തിയാവുമ്പോള്‍ അതിനെ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും ഗംഭീര്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക