IPL 2022 : ട്രയല്‍സില്‍ പങ്കെടുത്തപ്പോള്‍ മൂന്ന് തവണയും തഴഞ്ഞു; ഡല്‍ഹി കാപിറ്റല്‍സിനെതിരെ ബദോനിയുടെ പ്രതികാരം

മൂന്ന് പന്തില്‍ പത്ത് റണ്‍സുമായി പുറത്താവാതെ നിന്ന ബദോനി തന്നെ തഴഞ്ഞവരോട് ബാറ്റുകൊണ്ട് മറുപടി നല്‍കുകയായിരുന്നു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് നേടിയത്.

ayush badoni replies delhi capitals after three ball finish in last match

മുംബൈ: ഈ ഐപിഎല്ലിന്റെ (IPL 2022) കണ്ടുപിടുത്തമാവുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ യുവതാരം ആയുഷ് ബദോനി (Ayush Badoni). ഇന്നലെ ഡല്‍ഹി കാപ്റ്റില്‍സിനെതിരെ ജയിക്കാന്‍ അവസാന ഓവറില്‍ അഞ്ച് റണ്‍സ് വേണ്ടപ്പോള്‍ ഒരു ഫോറും സിക്‌സും നേടി അനായാസം ലക്ഷ്യം നിറവേറ്റുകയായിരുന്നു. അതും ഷാര്‍ദുല്‍ ഠാക്കൂറിനെതിരെ (Shardul Thakur) നേരിട്ട രണ്ടാം പന്ത് അതിര്‍ത്തി കടത്തി. മൂന്നാം പന്തില്‍ സിക്‌സും. 24കാരനായ ബദോനിക്ക് ഡല്‍ഹിക്കെതിരെ മധുരപ്രതികാരം കൂടിയാണിത്. 

ഡല്‍ഹി ടീമിലെത്താന്‍ മൂന്ന് തവണ ബദോനി ട്രയല്‍സില്‍ പങ്കെടുത്തിരുന്നു. മൂന്ന് ട്രയല്‍സിലും മികച്ച ബാറ്റിംഗ് പുറത്തെടുത്തിട്ടും ഡല്‍ഹി ബദോനിയെ തഴഞ്ഞു. താരലേലത്തിലും യുവതാരത്തെ ഡല്‍ഹി പരിഗണിച്ചില്ല. ഇന്ത്യയുടെ അണ്ടര്‍ 19 താരമായിരുന്ന ബദോനിയെ താരലേലത്തിലാണ് ലഖ്‌നൗ സ്വന്തമാക്കിയത്. അരങ്ങേറ്റ മത്സരത്തില്‍ അര്‍ധസെഞ്ച്വറി നേടിയ ബദോനി ഡല്‍ഹിക്കെതിരെ മികവ് ആവര്‍ത്തിച്ചു. 

മൂന്ന് പന്തില്‍ പത്ത് റണ്‍സുമായി പുറത്താവാതെ നിന്ന ബദോനി തന്നെ തഴഞ്ഞവരോട് ബാറ്റുകൊണ്ട് മറുപടി നല്‍കുകയായിരുന്നു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് നേടിയത്. 61 റണ്‍സെടുത്ത പൃഥ്വി ഷായാണ് ഡല്‍ഹി നിരയില്‍ തിളങ്ങിയത്. റിഷഭ് പന്ത് (36 പന്തില്‍ 39), സര്‍ഫറാസ് ഖാന്‍ (28 പന്തില്‍ 36) എന്നിവര്‍ക്ക് വേണ്ടത്ര വേഗത്തില്‍ റണ്‍നിരക്ക് ഉയര്‍ത്താന്‍ സാധിച്ചില്ല. രവി ബിഷ്‌ണോയ് രണ്ട് വിക്കറ്റ് വീഴ്ത്തി. 

മറുപടി ബാറ്റിംഗില്‍ ലഖ്‌നൗ 19.4 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ആറ് വിക്കറ്റിനായിരുന്നു ലഖ്‌നൗവിന്റെ ജയം. 52 പന്തില്‍ 80 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കാണ് വിജയം എളുപ്പമാക്കിയത്. കെ എല്‍ രാഹുല്‍ (24), എവിന്‍ ലൂയിസ് (5), ദീപക് ഹൂഡ (11) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ക്രൂനാല്‍ പാണ്ഡ്യ (19) പുറത്താവാതെ നിന്നു.

ഡല്‍ഹിക്കായി ഇന്നലെ പുതിയ സീസണില്‍ അരങ്ങേറിയ ഡേവിഡ് വാര്‍ണര്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. 12 പന്തില്‍ നാല് റണ്‍സെടുക്കാന്‍ മാത്രമാണ് താരത്തിന് സാധിച്ചത്. ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഡല്‍ഹി നിരയില്‍ തിരിച്ചെത്തിയ വാര്‍ണറെ ബിഷ്‌ണോയിയാണ് പുറത്താക്കിയത്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ അഞ്ചാമത്തെ താരമാണ് വാര്‍ണര്‍. ട്വന്റി 20യില്‍ മൂന്നാം തവണയാണ് ബിഷ്‌ണോയ് വാര്‍ണറെ പുറത്താക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios