Ashes : ആഷസില്‍ നിന്നൊരു പ്രണയത്തീ; ഓസീസ് കാമുകിയെ എടുത്തുയര്‍ത്തി പ്രൊപ്പോസ് ചെയ്‌ത് ഇംഗ്ലണ്ട് ആരാധകന്‍
ഒരു ആഷസിനിടെയാണ് ഇരുവരും ആദ്യം കണ്ടുമുട്ടുന്നതും പ്രണയം മൊട്ടിടുന്നതും എന്നതാണ് കൗതുകകരം
ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് ആഷസ് ആദ്യ ടെസ്റ്റ് (Australia vs England 1st Test) ഗാബയില്‍ (The Gabba, Brisbane) പൊടിപൊടിക്കുമ്പോള്‍ ഗാലറിയില്‍ പ്രണയത്തീ ആളി. റോബ് (Rob) എന്ന് പേരുള്ള ഇംഗ്ലീഷ് ആരാധകനാണ് തന്‍റെ ഓസ്‌ട്രേലിയന്‍ കാമുകി നെറ്റിനോട് (Nat) വിവാഹഭ്യത്ഥന നടത്തിയത്. ഗാബ ടെസ്റ്റിന്‍റെ മൂന്നാം ദിനത്തിലെ ആദ്യ സെഷനിലായിരുന്നു വ്യത്യസ്‌ത വിവാഹഭ്യത്ഥന.
ഒരു ആഷസിനിടെയാണ് ഇരുവരും ആദ്യം കണ്ടുമുട്ടുന്നതും പ്രണയം മൊട്ടിടുന്നതും എന്നതാണ് കൗതുകകരം. ഓസ്‌ട്രേലിയയില്‍ 2017-18 ആഷസിനിടെ മെല്‍ബണിലായിരുന്നു ആദ്യ കൂടിക്കാഴ്‌ച. നാല് വര്‍ഷത്തെ പ്രണയം ഗാബയില്‍ പൂത്തുലഞ്ഞു. 'നാല് വര്‍ഷമായി, നീ എന്നെ വിവാഹം കഴിക്കുമോ? നെറ്റിനെ എടുത്തുയര്‍ത്തി റോബ് ഗാബയില്‍ വച്ച് ചോദിച്ചു'. ഇരുവരുടേയും പ്രൊപ്പോസല്‍ ബിഗ്‌സ്‌ക്രീനില്‍ പതിഞ്ഞതോടെ ഗാലറി ഇളകിമറിഞ്ഞു. ക്രിക്കറ്റ് മൈതാനത്ത് ഇംഗ്ലീഷ്, ഓസീസ് ആരാധകര്‍ ബന്ധവൈരികളാണെങ്കിലും ഈ രംഗങ്ങള്‍ അവര്‍ ആഘോഷമാക്കി.
'ഇത് പ്രതീക്ഷിച്ചിരുന്നില്ല, ഞാനിപ്പോഴും വിവാഹാഭ്യത്ഥനയുടെ ഞെട്ടലിലാണ്'- നെറ്റ് സെവന്‍ ക്രിക്കറ്റിനോട് പ്രതികരിച്ചു.
മൂന്നാം ദിനം ഇംഗ്ലീഷ് തിരിച്ചുവരവ്
അതേസമയം ഗാബ ക്രിക്കറ്റ് ടെസ്റ്റ് ആവേശത്തോടെ പുരോഗമിക്കുകയാണ്. മൂന്നാം ദിനം ശക്തമായ തിരിച്ചുവരവാണ് ഇംഗ്ലണ്ട് കാഴ്‌ചവെച്ചത്. ഇന്ന് സ്റ്റംപ് എടുക്കുമ്പോള്‍ 220-2 എന്ന നിലയിലാണ് ഇംഗ്ലണ്ട്. നായകന്‍ ജോ റൂട്ടും(86*), ഡേവിഡ് മാലനുമാണ്(80*) ക്രീസില്‍. ഓസീസ് സ്‌കോറിനേക്കാള്‍ 58 പിന്നിലാണ് ഇപ്പോഴും ഇംഗ്ലണ്ട്.
നേരത്തെ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 147 റണ്‍സ് പിന്തുടര്‍ന്ന് ഓസീസ് മൂന്നാം ദിനം 425 റണ്‍സില്‍ പുറത്തായി. 148 പന്തില്‍ 152 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് ഓസീസിനെ മികച്ച സ്‌കോറിലെത്തിച്ചത്. വാലറ്റത്ത് സ്റ്റാര്‍ക്കിന്‍റെ 35 റണ്‍സ് കരുത്തായി. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍(94), മൂന്നാമന്‍ മാര്‍നസ് ലബുഷെയ്‌ന്‍(74) എന്നിവരും ഓസീസ് നിരയില്‍ തിളങ്ങി. ഇംഗ്ലണ്ടിനായി വുഡും റോബിന്‍സണും മൂന്ന് വീതവും വോക്‌സ് രണ്ടും ലീച്ചും റൂട്ടും ഓരോ വിക്കറ്റും നേടി.
എന്നാല്‍ വന്‍ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങിയ ഇംഗ്ലണ്ട് മൂന്നാം വിക്കറ്റില്‍ അതിശക്തമായ കൂട്ടുകെട്ടുമായി കുതിക്കുകയാണ്. റൂട്ട്-മാലന്‍ സഖ്യം ഇതിനകം 159 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിക്കഴിഞ്ഞു. ഓപ്പണര്‍മാരായ ഹസീബ് ഹമീദ്, റോറി ബേണ്‍സ് എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്‌ടമായത്. 13 റണ്ണെടുത്ത ബേണ്‍സിനെ കമ്മിന്‍സും 27 റണ്‍സെടുത്ത ഹസീബിനെ സ്റ്റാര്‍ക്കും പുറത്താക്കി.
Ashes : ക്രീസിലുറച്ച് ജോ റൂട്ടും മലാനും; ഓസീസിനെതിരെ ഇംഗ്ലണ്ട് തിരിച്ചടിക്കുന്നു