IPL 2022 : ഈ പ്രകടനവും വച്ചാണോ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്നത്? സീനിയര്‍ താരത്തിനെതിരെ ആകാശ് ചോപ്ര
ജയത്തിനിടയിലും കൊല്‍ക്കത്തയെ വിഷമത്തിലാക്കുന്നത് ഓപ്പണര്‍ അജിന്‍ക്യ രഹാനെയുടെ (Ajinkya Rahane) പ്രകടനമാണ്. മുംബൈക്കെതിരെ ഏഴ് റണ്‍സ് മാത്രമാണ് നേടിയത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ 28 റണ്‍സാണ് 33 കാരന്റെ സമ്പാദ്യം.
മുംബൈ: ഐപിഎല്‍ (IPL 2022) ചരിത്രത്തിലെ വേഗമേറിയ അര്‍ധ സെഞ്ചുറിയെന്ന റെക്കോര്‍ഡ് പങ്കിടാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം പാറ്റ് കമ്മിന്‍സിനായിരുന്നു (Pat Cummins). 14 പന്തിലാണ് താരം അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനൊപ്പമാണ് താരം റെക്കോര്‍ഡ് പങ്കിടുന്നത്. കമ്മിന്‍സിന്റെ ബാറ്റിംഗ് കരുത്തില്‍ കഴിഞ്ഞ ദിവസം കൊല്‍ക്കത്ത മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിക്കുകയും ചെയ്തു.
ജയത്തിനിടയിലും കൊല്‍ക്കത്തയെ വിഷമത്തിലാക്കുന്നത് ഓപ്പണര്‍ അജിന്‍ക്യ രഹാനെയുടെ (Ajinkya Rahane) പ്രകടനമാണ്. മുംബൈക്കെതിരെ ഏഴ് റണ്‍സ് മാത്രമാണ് നേടിയത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ 28 റണ്‍സാണ് 33 കാരന്റെ സമ്പാദ്യം. 44 റണ്‍സുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ തുടങ്ങിയെങ്കിലും പിന്നീട് ആ പ്രകടനം നിലനിര്‍ത്താനായില്ല.
നേരത്തെ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ നിന്നും രഹാനെയെ ഒഴിവാക്കിയിരുന്നു. ടി20 ക്രിക്കറ്റും ടെസ്റ്റും തമ്മില്‍ ബന്ധമില്ലെങ്കില്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്ത് താരമത്തിന് ടെസ്റ്റ് ടീമില്‍ തിരിച്ചെത്താമെന്ന് കരുതുന്നവരുണ്ട്. എന്നാലിപ്പോള്‍ രഹാനെയുടെ ഫോമിനെ കുറിച്ചും തിരിച്ചുവരവിനെ കുറിച്ചും സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര.
ഈ പ്രകടനം താരത്തിന് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനാവില്ലെന്നാണ് ചോപ്ര പറയുന്നത്. അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ... ''രഹാനെയ്ക്ക് ഇതുവരെ അവസരം മുതലാക്കാന്‍ സാധിച്ചിട്ടില്ല. ശരിയാണ് ഐപിഎല്ലും ടെസ്റ്റും തമ്മില്‍ ബന്ധമൊന്നുമില്ലെന്നുള്ളത് ശരിതന്നെ. എന്നാല്‍ ഈ പോക്ക് ശരിയല്ല. അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിലേക്ക് ഒരു തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഈ സീസണില്‍ 600-700 റണ്‍സ് നേടേണ്ടിയിരിക്കുന്നു.'' ചോപ്ര തന്റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.
കഴിഞ്ഞ രണ്ട് വര്‍ഷം രഹാനെ ഡല്‍ഹി കാപിറ്റല്‍സിന് വേണ്ടിയാണ് കളിച്ചിരുന്നത്. ഈ താരലേലത്തില്‍ അടിസ്ഥാന വിലയായ ഒരു കോടിക്കാണ് കൊല്‍ക്കത്ത രഹാനെയെ ടീമിലെത്തിച്ചത്. മെന്റര്‍ ഡേവിഡ് ഹസ്സിയുടെ പിന്തുണയും അദ്ദേഹത്തിനുണ്ട്. അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെ രഹാനെയ്ക്ക് ക്രിക്കറ്റില്‍ തുടരാമെന്നാണ് ഹസ്സിയുടെ പക്ഷം. അദ്ദേഹം ഇക്കാര്യം തുറന്നുപറയുകയും ചെയ്തു. ''രഹാനെ ക്ലാസ് പ്ലയറാണ്. കഴിഞ്ഞ പത്ത് വര്‍ഷമായി അദ്ദേഹം സജീവ ക്രിക്കറ്റിലുണ്ട്. രാജസ്ഥാന് വേണ്ടി മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ രഹാനെയ്ക്കായിരുന്നു. ഇനിയും 5 മുതല്‍ 10 വര്‍ഷങ്ങള്‍ രഹാനെയ്ക്കുണ്ടെന്നാണ് ഞാന്‍ കരുതുന്നത്.'' ഹസി പറഞ്ഞു.
എന്നാല്‍ അടുത്ത മത്സരത്തില്‍ രഹാനെയ്ക്ക് അവസരം ലഭിക്കുമോയെന്ന് കണ്ടറിയണം. ഞായറാഴ്ച്ച ഡല്‍ഹി കാപിറ്റല്‍സുമായിട്ടാണ് കൊല്‍ക്കത്തയുടെ അടുത്ത മത്സരം.