സൊമാറ്റോ ഐപിഒ: ഓഹരി അലോട്ട്മെന്റിന് വ്യാഴാഴ്ച അന്തിമരൂപം നൽകും, ജൂലൈ 27 വിപണിയിൽ പട്ടികപ്പെടുത്തിയേക്കും
സൊമാറ്റോ ഓഹരികൾ അടുത്ത ആഴ്ച, ജൂലൈ 27 ന് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ), ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്ഇ) എന്നിവയിൽ പട്ടികപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ.
മുംബൈ: ജൂലൈ 14 മുതൽ 16 വരെ നടന്ന സൊമാറ്റോയുടെ പ്രാഥമിക ഓഹരി വിൽപ്പനയുടെ (ഐപിഒ) അവസാന ദിവസം ഓഹരികൾ 40 തവണയിലേറെ സബ്സ്ക്രൈബ് ചെയ്തു. ക്യുഐബികളിൽ നിന്നും റീട്ടെയിൽ വിഭാഗത്തിൽ നിന്നുമുള്ള മികച്ച പ്രതികരണം ഐപിഒയ്ക്കുണ്ടായി. ബിഡ്ഡിംഗിന്റെ മൂന്നാമത്തെയും അവസാനത്തെയും ദിവസം, സൊമാറ്റോ ഐപിഒയുടെ 29.04 ബില്യൺ ഇക്വിറ്റി ഷെയറുകൾക്കായി ബിഡ് ലഭിച്ചു.
യോഗ്യതയുളള സ്ഥാപന നിക്ഷേപ (ക്യുഐബി) വിഭാഗത്തിൽ 55 തവണയും റീട്ടെയിൽ വിഭാഗത്തിൽ എട്ട് തവണയും അധിക സബ്സ്ക്രിബ്ഷൻ നടന്നു. സ്ഥാപനേതര നിക്ഷേപ വിഭാഗത്തിലെ ഓഹരികൾക്ക് 34.80 തവണ ആവശ്യക്കാരെത്തി. ജീവനക്കാരുടെ വിഭാഗത്തിൽ 62 ശതമാനവും വിറ്റുപോയി.
ബ്രോക്കറേജ് ഓഹരി അലോട്ട്മെന്റിന് വ്യാഴാഴ്ച അന്തിമരൂപം നൽകും. സൊമാറ്റോ ഓഹരികൾ അടുത്ത ആഴ്ച, ജൂലൈ 27 ന് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ), ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്ഇ) എന്നിവയിൽ പട്ടികപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona