ഇനി ഒന്നാം സ്ഥാനം ഷവോമിക്ക്, സാംസങ്ങിനെയും ആപ്പിളിനെയും പിന്തള്ളി മുന്നേറ്റം
ചൈനയിലെയും യൂറോപ്പിലെയും ഇന്ത്യയിലെയും കൊവിഡ് വ്യാപനം കുറഞ്ഞത് ജൂൺ മാസത്തിൽ ഷവോമിക്ക് നേട്ടമായി.
ദില്ലി : ലോകത്തിലെ സ്മാർട്ട് ഫോൺ വിപണിയിൽ ഒന്നാം നമ്പർ സ്ഥാനം കരസ്ഥമാക്കി ഷവോമി. ചരിത്രത്തിലാദ്യമായാണ് സാംസങ്ങിനെയും ആപ്പിളിനെയും പിന്തള്ളി ഷവോമി ഒന്നാംസ്ഥാനത്തേക്ക് എത്തുന്നത്. വ്യാഴാഴ്ച കൗണ്ടർപോയിന്റ് പുറത്തുവിട്ട പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ജൂൺ മാസത്തിൽ ഷവോമിയുടെ വിൽപ്പനയിൽ 26 ശതമാനത്തിന്റെ വർധനവുണ്ടായി. ജൂണിൽ ലോകത്ത് ഏറ്റവും കൂടുതൽ വളർച്ച കൈവരിച്ച കമ്പനിയും ഷവോമിയായി. 2020 21 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ ലോകത്ത് ഏറ്റവും കൂടുതൽ സ്മാർട്ട്ഫോണുകൾ വിറ്റഴിച്ച രണ്ടാമത്തെ കമ്പനി ഷവോമി ആയിരുന്നു. 2011 നു ശേഷം ഇതുവരെ 800 ദശലക്ഷം സ്മാർട്ട്ഫോണുകൾ കമ്പനി വിറ്റഴിച്ചത് ഉണ്ട് എന്നാണ് കൗണ്ടർപോയിന്റ് റിപ്പോർട്ടിലുള്ളത്.
ചൈനയിലെയും യൂറോപ്പിലെയും ഇന്ത്യയിലെയും കൊവിഡ് വ്യാപനം കുറഞ്ഞത് ജൂൺ മാസത്തിൽ ഷവോമിക്ക് നേട്ടമായി. ഇതേ സമയത്ത് സാംസങ്ങിന് വിതരണശൃംഖല തടസ്സപ്പെടുകയും അത് സാരമായി വിൽപ്പനയെ ബാധിക്കുകയും ചെയ്തു. ജൂൺ മാസത്തിൽ മാത്രം ചൈനീസ് വിപണിയിൽ 16 ശതമാനത്തിലേറെ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വിയറ്റ്നാമിലെ പുതിയ കോവിഡ് തരംഗമാണ് സാംസങ്ങിന്റെ ഉൽപ്പാദനത്തെ ബാധിച്ചത്. ഇതോടെ ലോകത്തെമ്പാടും കമ്പനിയുടെ ഉൽപ്പന്നങ്ങൾ കിട്ടാതെ വന്നു. ഉർവശി ശാപം ഉപകാരം എന്നതുപോലെ ഇത് ഷവോമിക്ക് നേട്ടമാവുകയായിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona