കിഷോർ ബിയാനിക്ക് പിഴച്ചതെവിടെ? ബിഗ് ബസാറിനെ അംബാനി വിഴുങ്ങിയതിന്റെ അണിയറക്കഥകൾ
ഓരോ വിശേഷദിവസങ്ങളിലും ബിഗ് ബസാറിലെ ഓഫറുകൾ വരാൻ വേണ്ടി ഷോപ്പിംഗ് പ്രിയരായ മധ്യവർഗ ഇന്ത്യൻ സമൂഹം കാത്തുകാത്തിരുന്നിരുന്ന ഒരു സുവർണ്ണകാലമുണ്ടായിരുന്നു ഫ്യൂച്ചർ ഗ്രൂപ്പിന്.
ബിസിനസ് സ്‌കൂളുകളിൽ അടുത്തിടെ വരെ പഠിപ്പിച്ചിരുന്ന ഒരു കച്ചവടവിജയത്തിന്റെ ക്ലാസിക് കേസ് സ്റ്റഡികളിൽ ഒന്നായിരുന്നു കിഷോർ ബിയാനിയുടെ ഫ്യൂച്ചർ ഗ്രൂപ്പിന്റേത്. 2001 -ൽ തുടങ്ങിയ ബിഗ് ബസാർ എന്ന റീട്ടെയിൽ സൂപ്പർ മാർക്കറ്റ് സംരംഭം വളരെ പെട്ടെന്നാണ് പടർന്നു പന്തലിച്ച് കോടിക്കണക്കിനു രൂപ ആസ്തിയുള്ള ഒരു വലിയ പ്രസ്ഥാനമായി മാറിയത്. എന്നാൽ, ഒരു കാലത്ത് ഇന്ത്യൻ റീട്ടെയിൽ മാർക്കറ്റിലെ അറിയപ്പെടുന്ന ബ്രാൻഡ് നെയിം ആയിരുന്ന ഫ്യൂച്ചർ ഗ്രൂപ്പും അതിന്റെ ഉടമ ബിയാനിയും 2019 -ന്റെ അവസാനത്തോടെ കടക്കെണിയുടെ നിലയില്ലാക്കയങ്ങളിലേക്ക് കൂപ്പുകുത്തുന്ന കാഴ്ചയും നമ്മൾ കണ്ടു.
2019 വരെയും ഫോർബ്‌സ് മാസികയുടെ സമ്പന്നരുടെ പട്ടികയിൽ എൺപതാമതായി കിഷോർ ബിയാനി ഉണ്ടായിരുന്നു. 2020 -ന്റെ തുടക്കത്തിലാണ്, കടം തലക്കുമീതെ പോയിക്കഴിഞ്ഞു എന്നതിന്റെ സൂചനകൾ കിട്ടിത്തുടങ്ങുന്നത്. കടങ്ങൾ സമയത്ത് വീട്ടുന്നതിൽ അവർ പരാജയപ്പെട്ടതോടെയാണ് ഈ വിവരം പുറത്തറിയുന്നതും, നാണക്കേടാകുന്നതും. അതിനു ശേഷം ബാങ്കുകൾ സെക്യൂരിറ്റി ആയി കിട്ടിയിരുന്ന ഓഹരികൾ പിടിച്ചെടുത്തു തുടങ്ങി. അതോടെ ഫ്യൂച്ചർ ഗ്രൂപ്പിന്റെ സാമ്പത്തിക അടിത്തറ ഇളകി.
ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരങ്ങൾ വിശ്വസിച്ചാൽ, കിഷോർ ബിയാനി തന്റെ ഫ്യൂച്ചർ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള പാന്റലൂൺസ്, ബിഗ് ബസാർ, ഫുഡ് ബസാർ, സെൻട്രൽ, FBB, തുടങ്ങിയ 24 ബ്രാൻഡുകളാണ് 24,713 കോടി രൂപയ്ക്ക് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് കൈമാറിയിരിക്കുന്നത്. RIL -ന്റെ സബ്സിഡിയറി ആയ റിലയൻസ് റീട്ടെയിൽ ലിമിറ്റഡ് ആണ് ഈ ഏറ്റെടുക്കൽ നടത്തുക. അതോടെ ഫ്യൂച്ചർ ഗ്രൂപ്പിന് ഇന്ത്യലെ 420 -ലധികം നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 1800 -ലധികം റീട്ടെയിൽ ഷോറൂമുകൾ ഇനി മുതൽ അംബാനിക്ക് സ്വന്തമാകും. അതെ സമയം ഈ ഏറ്റെടുക്കൽ കഴിഞ്ഞാലും, തങ്ങളുടെ FMCG ഉത്പന്നങ്ങളുടെ നിർമാണവും, വിപണനവും, അതുപോലെ ജെനറാലി ഗ്രൂപ്പുമായുള്ള ഇൻഷുറൻസിലെ കൂട്ടുകെട്ടും, എൻടിസി മിൽസുമായുള്ള വസ്ത്രവ്യാപാരത്തിലെ കൂട്ടുകെട്ടുമെല്ലാം ഫ്യൂച്ചർ ഗ്രൂപ്പ് തന്നെ നിലനിർത്തും.
ബിഗ് ബസാർ കടക്കെണിയുടെ പാതാളത്തിലേക്ക് വീണുപോയത് എങ്ങനെയാണ് ?
രാജസ്ഥാനിൽ നിന്നുള്ള മാർവാഡി തുണിക്കച്ചവടക്കാരുടെ കുടുംബമായിരുന്നു കിഷോർ ബിയാനിയുടേത്. അത്യാവശ്യത്തിനു സമ്പത്തൊക്കെ ആർജ്ജിച്ചിരുന്ന ബിയാനി കുടുംബം മുംബൈയിലെ മലബാർ ഹിൽസ് എന്നറിയപ്പെടുന്ന പോഷ് ഏരിയയിലായിരുന്നു താമസിച്ചിരുന്നത്. അദ്ദേഹം തന്റെ കോളേജ് പഠനം പൂർത്തിയാക്കുന്നത് മുംബൈയിലെ പ്രസിദ്ധമായ HR കോളേജ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇക്കണോമിക്‌സിൽ നിന്നായിരുന്നു. അവിടെ നിന്ന് ബിരുദം നേടിയ ശേഷം കുടുംബസ്ഥാപനമായ 'ബൻസി സിൽക് മിൽസി'ന്റെ മാനേജുമെന്റിന്റെ ഭാഗമായി പ്രവർത്തിച്ചു തുടങ്ങുകയായിരുന്നു ബിയാനി. എന്നാൽ അദ്ദേഹത്തിന് തന്റെ കുടുംബത്തിലെ മുതിർന്നവർ ബിസിനസിൽ പുലർത്തുന്ന യാഥാസ്ഥിതിക മനോഭാവം ഒട്ടും രസിക്കുന്നുണ്ടായിരുന്നില്ല. അതിനോട് മല്ലുപിടിച്ച് മടുത്തപ്പോൾ, 1987 -ൽ കിഷോർ സ്വന്തമായി 'മാൻസ് വെയർ'(Manzwear) എന്ന ഒരു വസ്ത്ര വ്യാപാര സ്ഥാപനം തുടങ്ങുന്നു
പത്തുവർഷം കൊണ്ട് അയാളുടെ ബിസിനസ് കാര്യമായി പച്ചപിടിച്ചു. 1997 -ൽ അയാൾ കൽക്കത്തയിൽ 'പാന്റലൂൺസ്'(Pantaloons) പേരിൽ ഒരു ഗാർമെൻറ് റീറ്റെയിലിങ് ഔട്ട് ലെറ്റ് തുടങ്ങുന്നു. അന്ന് കൽക്കത്തയിൽ ഉണ്ടായിരുന്ന ഏറ്റവും വലിയ തുണിക്കടയുടെ രണ്ടിരട്ടി വലിപ്പമുണ്ടായിരുന്നു ബിയാനി തുടങ്ങിയ പുതിയ ഫാഷൻ ഔട്ട്ലെറ്റിന്. 1991 -ലെ ഉദാരീകരണ നയങ്ങളുടെ ഗുണഫലങ്ങൾ അനുഭവിച്ചുകൊണ്ട് പാന്റലൂൺസ് വളർന്നു. ഒപ്പം ബിയാനിയും. മധ്യവർഗ കുടുംബങ്ങളുടെ പ്രിയപ്പെട്ട വസ്ത്രവ്യാപാരശാലയായി അത് മാറാൻ അധികനാൾ എടുത്തില്ല.
2001 -ൽ പാന്റലൂൺസിന്റെ വിജയം നൽകിയ ആത്മവിശ്വാസത്തിന്റെ ചിറകിലേറി ബിയാനി തന്റെ സ്വപ്ന സംരംഭമായ 'ബിഗ് ബസാർ' ലോഞ്ച് ചെയ്യുന്നു. അന്ന് റീട്ടെയിൽ സൂപ്പർ മാർക്കറ്റ് വിപണിയിൽ ഇന്നത്തെയത്ര നിക്ഷേപങ്ങളൊന്നും ഇല്ലാതിരുന്ന കാലമാണ്. ആകെയുണ്ടായിരുന്നത് സ്‌പെൻസർസ് മാത്രമായിരുന്നു. വളരെ പെട്ടെന്ന് വികസിച്ചുകൊണ്ടിരുന്ന ഒരു ബിസിനസ് സെഗ്മെന്റ് ആയിരുന്നു FMCG അക്കാലത്ത്. അങ്ങനെ 'ഇന്ത്യൻ വാൾമാർട്ട്' എന്നറിയപ്പെട്ടിരുന്ന ബിഗ്ബസാർ ഇന്ത്യ മുഴുവൻ പടർന്നു പന്തലിച്ചു. ഇന്ന് മുന്നൂറോളം ബിഗ് ബസാർ ഔട്ട്ലെറ്റുകളാണ് രാജ്യം മുഴുവനുമുള്ളത്. ഓരോ വിശേഷദിവസങ്ങളിലും ബിഗ് ബസാറിലെ ഓഫറുകൾ വരാൻ വേണ്ടി ഷോപ്പിംഗ് പ്രിയരായ മധ്യവർഗ ഇന്ത്യൻ സമൂഹം കാത്തുകാത്തിരുന്നിരുന്ന ഒരു സുവർണ്ണകാലമുണ്ടായിരുന്നു ഫ്യൂച്ചർ ഗ്രൂപ്പിന്.
ഒരു സംരംഭത്തിൽ നന്നായി വിജയിക്കുന്ന ഏതൊരു ബിസിനസുകാരനും ചെയ്യുന്നതേ കിഷോർ ബിയാനിയും ചെയ്തുള്ളൂ. റീട്ടെയ്ൽ/FMCG മാർക്കെറ്റിൽ ഒതുങ്ങി നിൽക്കാതെ തന്റെ ബിസിനസ് മറ്റു മേഖലകളിലേക്കും വ്യാപിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചു. ആദ്യം കൈവെച്ചത് ബോളിവുഡിൽ ആയിരുന്നു. ഋഥ്വിക് റോഷനെ നായകനാക്കി എടുത്ത 'നാ തും ജാനോ നാ ഹം', സംഗീത ശിവൻ സംവിധാനം ചെയ്ത ;ചുരാ ലിയാ ഹെ തുംനേ' എന്നീ രണ്ടു ചിത്രങ്ങളും കൊമേർഷ്യൽ, ക്രിട്ടിക്കൽ ദുരന്തങ്ങളായിരുന്നു. കന്നി സംരംഭങ്ങൾ കൈപൊള്ളിച്ചതോടെ ബിയാനി ബോളിവുഡ് സ്വപ്‌നങ്ങൾ പൂട്ടിക്കെട്ടി.
സിനിമാപിടുത്തം പാളിയ ശേഷം ബിയാനി കൈവെച്ചത് ഇൻഷുറൻസ് മേഖലയിൽ ആയിരുന്നു. ഇറ്റാലിയൻ ഇൻഷുറൻസ് ഭീമന്മാരായ ജെനറാലി ഗ്രൂപ്പുമായി ചേർന്ന് ബിയാനി 2007 -ൽ 'ഫ്യൂച്ചർ ജെനറാലി' എന്ന പേരിൽ ഒരു ഇൻഷുറൻസ് തുടങ്ങി. അതേ കൊല്ലം തന്നെയാണ് അദ്ദേഹം ഫ്യൂച്ചർ കാപ്പിറ്റൽ എന്നപേരിൽ ഫിനാൻഷ്യൽ സർവീസസിലേക്കും കാലെടുത്തു വെക്കുന്നത്. വെൽത്ത് മാനേജ്‌മെന്റ്, ഇക്വിറ്റി ബ്രോക്കിങ്, റിയൽ എസ്റ്റേറ്റ് ബ്രോക്കിങ് എന്നിവയായിരുന്നു ആ ബ്രാൻഡിൽ അദ്ദേഹം നൽകിയിരുന്ന സേവനങ്ങൾ. 'ബിസിനസ് വ്യാപനം' എന്ന സങ്കല്പത്തിൽ കിഷോർ ബിയാനി തുടങ്ങിയ ഈ രണ്ടു സ്ഥാപനങ്ങൾ ചേർന്നാണ്, നല്ല നിലക്ക് പോവുകയായിരുന്ന ഫ്യൂച്ചർ റീറ്റെയിലിങ് ബിസിനസിനെക്കൂടി കടക്കെണിയിലേക്ക് തള്ളിവിട്ടത്. തനിക്ക് നല്ല പരിചയമുള്ള ഫുഡ്, ഹോം ഫർണിഷിങ്, ഫാഷൻ മേഖലകളിൽ തന്നെ ഒതുങ്ങി നിന്നിരുന്നു എങ്കിൽ ഇന്ന് ബിയാനിക്ക് ഒരു പക്ഷെ ഈ ദുർഗതി വരുമായിരുന്നില്ല എന്നുതന്നെ പറയാം.
2020 മാർച്ച് ആയപ്പോഴേക്കും ICRA ഫ്യൂച്ചർ ഗ്രൂപ്പിന്റെ സ്ഥാപനമായ ഫ്യൂച്ചർ കോർപ്പപ്രീറ്റ് റിസോഴ്സസിനെ നോൺ ഇൻവെസ്റ്റ്മെന്റ് ഗ്രേഡിൽ ഉള്ള നെഗറ്റീവ് റേറ്റിങ്ങിലേക്ക് മാറ്റിയിരുന്നു. ആ സമയത്തേക്ക് ഫ്യൂച്ചർ ഗ്രൂപ്പിന്റെ ആകെ കടം 12,989 കോടി കടന്നിട്ടുണ്ടായിരുന്നു. 2009 -ൽ കടക്കെണിയിൽ നിന്ന് പുറത്തുകടക്കാൻ വേണ്ടി ബിയാനി തന്റെ ഫ്യൂച്ചർ ഗ്രൂപ്പിന്റെ നോൺ റീട്ടെയിൽ അസറ്റുകൾ ടീമെർജ് ചെയ്തിരുന്നു. എന്നാൽ, കടത്തിൽ നിന്ന് പുറത്തുകടക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ വിജയം കണ്ടില്ല.
2008 -ലെ ആഗോള മാന്ദ്യത്തെ അതിജീവിക്കാൻ ഫ്യൂച്ചർ ഗ്രൂപ്പിന്റെ FMCG /റീട്ടെയിലിംഗ് കമ്പനികൾക്ക് സാധിച്ചിരുന്നു എങ്കിലും, മറ്റു മേഖലകളിൽ നടത്തിയ നിക്ഷേപങ്ങൾക്കേറ്റ തിരിച്ചടി അദ്ദേഹത്തിന്റെ കടങ്ങൾ വർധിപ്പിച്ചു. 2012 -ൽ ഫ്യൂച്ചർ ഗ്രൂപ്പിന്റെ കടം 5,800 കോടി കടന്നിരുന്നു. ഒപ്പം ഡെബ്റ്റ്-ഇക്വിറ്റി അനുപാതം 1.8 മടങ്ങായി വർധിച്ചിട്ടുണ്ടായിരുന്നു. അറ്റാദായത്തിന്റെ 55 ശതമാനത്തോളമായി കടം വളർന്നുവന്നു. അക്കൊല്ലം തന്നെ, തന്റെ ആദ്യവിജയമായ പാന്റലൂൺസിനെ ആദിത്യ ബിർളക്ക് വിറ്റൊഴിച്ച് നഷ്ടം നികത്താൻ ഒരു ശ്രമം കിഷോർ ബിയാനി നടത്തി. 2020 മാർച്ചിൽ ഫ്യൂച്ചർ റീറ്റെയ്ൽ ഗ്രൂപ്പും ഡൗൺഗ്രേഡ് ചെയ്യപ്പെട്ടു. ഫോർബ്‌സ് മാസികയിൽ ബിയാനിയുടെ ആസ്തി 12,400 കോടിയിൽ നിന്ന് 3000 കോടിയായി ചുരുങ്ങി. ബിയാനി കുടുംബം കൈവശം വെച്ചിരുന്ന ഫ്യൂച്ചർ ഗ്രൂപ്പിന്റെ മൂന്നിലൊന്ന് ഓഹരികളും കടക്കാർക്ക് പണയമായി നൽകേണ്ട ഗതികേടിലേക്കെത്തി.
അവസാനത്തെ ഇരുട്ടടിയായി കൊവിഡ് ലോക്ക് ഡൗൺ
അങ്ങനെ ആകെ ഗതികെട്ട അവസ്ഥയിൽ ഇരുന്ന ഫ്യൂച്ചർ ഗ്രൂപ്പിന്റെയും കിഷോർ ബിയാനിയുടെയും തലയിലേക്കാണ് മാർച്ച് അവസാനത്തോടെ കൊവിഡ് ലോക്ക് ഡൌൺ കേറി വരുന്നത്. ബിഗ് ബസാറിന്റെ ഒരുവിധം സൂപ്പർ/ഹൈപ്പർ മാർക്കറ്റുകൾ എല്ലാം തന്നെ വലിയ ഷോപ്പിംഗ് മാളുകളിൽ ആയിരുന്നു. അവ രണ്ടുമാസത്തിലധികം അടഞ്ഞു കിടന്നതോടെ പിന്നെ പിടിച്ചു നില്ക്കാൻ ഫ്യൂച്ചർ ഗ്രൂപ്പിന് സാധിച്ചില്ല. രണ്ടു മൂന്നു മാസത്തിനുള്ളിൽ പല മാളുകളും തുറന്നു എങ്കിലും കസ്റ്റമേഴ്സ് പഴയപോലെ വന്നില്ല. വന്നവർ തന്നെ കാര്യമായൊന്നും വാങ്ങിയില്ല. ബിഗ് ബസാറിന്റെ വരുമാനം കൂടി ഇടിഞ്ഞതോടെ ഫ്യൂച്ചർ ഗ്രൂപ്പ് കടുത്ത സാമ്പത്തിക നഷ്ടത്തിലേക്ക് കൂപ്പുകുത്തി. അത് ഏറ്റവും അധികം ബാധിച്ചത് കമ്പനിയുടെ ഓഹരി വിലയെ ആണ്. സ്റ്റോക്ക് മാർക്കറ്റിൽ വെറും നാലുമാസം കൊണ്ട് ഫ്യൂച്ചർ ഗ്രൂപ്പ് ഓഹരികൾ ഇടിഞ്ഞത് 80 ശതമാനത്തോളമാണ്.
റിലയൻസ് റീട്ടെയിൽ എന്നത് ഇപ്പോൾ തന്നെ രാജ്യത്ത് 1600 -ൽ പരം ഷോപ്പുകൾ ഉള്ള, 1.6 ലക്ഷം കോടി വരുമാനമുള്ള ഒരു സ്ഥാപനമാണ്. അത് എന്തിനാണ് 1500 -ൽ താഴെ സ്റ്റോറുകൾ മാത്രമുള്ള, 15,000 കോടി രൂപയുടെ നഷ്ടമുള്ള ഫ്യൂച്ചർ ഗ്രൂപ്പിനെ വിഴുങ്ങിയത് എന്ന ന്യായമായ ഒരു ചോദ്യം ആരുടെയും മനസ്സിൽ തോന്നാം. അത് ഗ്രോസറി, ഫാഷൻ രംഗങ്ങളിൽ കിഷോർ ബിയനിയുടെ ഫ്യൂച്ചർ ഗ്രൂപ്പിനുള്ള ഹോൾഡ് മുതലെടുക്കാൻ വേണ്ടി മാത്രമാണ്. വില്പനയിൽ ഉയർന്ന മാർജിൻ ഉള്ള FMCG സെക്ടറിൽ ബിഗ് ബസാർ ഹൈപ്പർ മാർക്കറ്റുകൾ വളരെ പെട്ടെന്ന് തന്നെ തിരികെ ലാഭത്തിലേക്കെത്തിക്കാനാകും എന്ന പ്രതീക്ഷയാവും ഈ ഇങ്ങനെ ഒരു വൻ 'ഷോപ്പിങ്ങി'ന് ഇറങ്ങാൻ നേരം മുകേഷ് അംബാനിക്കും റിലയൻസ് ഗ്രൂപ്പിനും ഉണ്ടായിട്ടുണ്ടാവുക.