ഭർത്താവിന്റെ പ്രേരണയാൽ ഭാര്യ പാസ്സാക്കിയത് 3250 കോടിയുടെ ലോൺ, വീഡിയോകോൺ-ഐസിഐസിഐ ബാങ്ക് തട്ടിപ്പിന്റ നാൾവഴികൾ

തട്ടിപ്പുകളെല്ലാം പുറത്തുകൊണ്ടുവന്നത് അരവിന്ദ് ഗുപ്ത എന്നൊരു നിക്ഷേപകൻ സ്വന്തം നിലയ്ക്ക് നടത്തിയ അന്വേഷണങ്ങളാണ് 

timeline of Videocon ICICI Bank fraud, how Kochhars and Dhoot took us all for a ride

ഐസിഐസിഐ ബാങ്കിന്റെ മുൻ ചെയർപേഴ്സൺ ആയിരുന്ന ചന്ദാ കൊച്ചാർ ബാങ്കിങ് രംഗത്ത് ഏറെ ബഹുമാന്യയായ ഒരു വ്യക്തിത്വമാണ്. ബാങ്കിങ് രംഗത്തിനു നൽകിയ സേവനങ്ങൾ മാനിച്ച് രാഷ്ട്രം 2011 -ൽ, പദ്‌മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട് ഈ വനിതയെ. ഒരുകാലത്ത് ഇന്ത്യൻ ബാങ്കിങ്ങിന്റെ ശുഭ്രതാരകമായി വാഴ്ത്തപ്പെട്ടിരുന്ന ഈ വനിത ഇന്ന് നിരവധി സാമ്പത്തിക കുറ്റാരോപണങ്ങളുടെ നിഴലിൽ അകപ്പെട്ടിരിക്കുകയാണ്. ഭർത്താവ് ദീപക് കൊച്ചാറിന്റെ നിർദേശപ്രകാരം  വേണുഗോപാൽ ദൂത് ചെയർമാനായുള്ള വീഡിയോകോൺ ഗ്രൂപ്പ് എന്ന കടക്കെണിയിലാണ്ട കമ്പനിക്ക് 2012 -ൽ ചന്ദ കൊച്ചാർ നിയമങ്ങൾ കാറ്റിൽ പറത്തി ലോണായി അനുവദിച്ചു നൽകിയത് 3250 കോടിയിലധികം രൂപയാണ്. അതിന്റെ പ്രത്യുപകാരമായി വേണുഗോപാൽ ദൂത്, താനും ചന്ദയുടെ ഭർത്താവ് ദീപക് കൊച്ചാറും ചേർന്ന് തുടങ്ങിയ ന്യൂ പവർ റിന്യൂവബിൾസിന്റെ അക്കൗണ്ടിലേക്ക് വീഡിയോകോണിൽ നിന്ന് 64  കോടി കൈമാറി എന്നതാണ് ഈ വിഷയത്തിൽ ഉയർന്നിട്ടുള്ള ആരോപണം. 

 

timeline of Videocon ICICI Bank fraud, how Kochhars and Dhoot took us all for a ride

 

2016 ഒക്ടോബറിൽ അരവിന്ദ് ഗുപ്ത എന്ന ഒരു നിക്ഷേപകൻ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റിസർവ് ബാങ്ക് ഗവർണർക്കും എല്ലാം അയച്ചുനൽകിയ ഒരു പരാതിയുടെ പകർപ്പ്, തന്റെ ബ്ലോഗിൽ പ്രസിദ്ധപ്പെടുത്തുന്നു. അതിൽ ഐസിഐസിഐ ബാങ്കിന്റെ നടത്തിപ്പിൽ വന്നിട്ടുള്ള, മേൽപ്പറഞ്ഞ ഗുരുതരമായ ക്രമക്കേടുകളെപ്പറ്റിയുള്ള പരാമർശങ്ങൾ ഉണ്ടായിരുന്നു. മാർച്ചിൽ അയച്ച ആ കത്ത് ഗുപ്ത പ്രസിദ്ധപ്പെടുത്തിയത് ഒക്ടോബർ മാസത്തിൽ മാത്രമായിരുന്നു. ട്രേഡിങ് മേഖലയിലെ ഒരു കൺസൽട്ടൻറ് ആയി ജോലി നോക്കിയിരുന്ന ഗുപ്തയ്ക്ക് സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റും ഉണ്ട്. കഴിഞ്ഞ പത്തുനാല്പതു വർഷമായി വാണിജ്യരംഗത്തെ ക്രമക്കേടുകൾക്കെതിരെ വ്യവഹാരങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരുന്ന ഒരാൾ കൂടി ആയിരുന്നു. അദ്ദേഹം അയച്ച ഏറ്റവും പുതിയ ഈ കത്തിൽ ഐസിഐസിഐഐ ബാങ്കിന്റെ ചെയർ പേഴ്സൺ ചന്ദ കൊച്ചാർ  വീഡിയോകോണിന്  ലോൺ അനുവദിക്കുന്ന കാര്യത്തിൽ പ്രവർത്തിച്ച അഴിമതിയെപ്പറ്റിയും അതിൽ അവരുടെ ഭർത്താവ് ദീപക് കൊച്ചാറിനും വീഡിയോകോൺ തലവൻ വേണുഗോപാൽ ദൂതിനുമുള്ള പങ്കിനെപ്പറ്റിയും ഒക്കെയുള്ള വിശദാംശങ്ങൾ നൽകിയിരുന്നു. 

 

timeline of Videocon ICICI Bank fraud, how Kochhars and Dhoot took us all for a ride

 

അദ്ദേഹം വെളിപ്പെടുത്തിയ കാര്യങ്ങൾ ഇങ്ങനെയായിരുന്നു. 2008 -ൽ തുടങ്ങിയ സ്റ്റാർട്ടപ്പ് സംരംഭമായ ന്യൂ പവർ റിന്യൂവബിൾസിൽ വേണുഗോപാൽ ദൂതിനും പങ്കാളിത്തമുണ്ടായിരുന്നതാണ്. ഐസിഐസിഐ ബാങ്കിന്റെ ലോണുകൾക്കായി വീഡിയോകോൺ ഗ്രൂപ്പ് അപേക്ഷിക്കുന്നതിനു തൊട്ടുമുമ്പ് വേണുഗോപാൽ ദൂത് തന്റെ ഷെയറുകൾ മഹേഷ് ചന്ദ്ര പുങ്ഗ്ലിയ എന്നൊരു അനുയായിക്ക് തുച്ഛമായ തുകക്ക് വിറ്റതാണ്. ലോൺ ക്രെഡിറ്റായതിന്റെ അടുത്ത തൊട്ടടുത്ത ദിവസം തന്നെ അതിനുള്ള പ്രത്യുപകാരമായി വീഡിയോകോൺ ഗ്രൂപ്പിൽ നിന്ന് ന്യൂ പവർ റിന്യൂവബിൾസ് എന്ന സ്റ്റാർട്ടപ്പ് സംരംഭത്തിന്റെ അക്കൗണ്ടിലേക്ക് വേണുഗോപാൽ ദൂതിൽ നിന്ന് ഉപകാരസ്മരണയായിട്ടാണ് 64 കോടി രൂപ ട്രാൻസ്ഫർ ചെയ്യപ്പെട്ടിട്ടുള്ളത്. ലോൺ അനുവദിക്കപ്പെട്ടതിനു തൊട്ടു പിന്നാലെ തന്നെ വേണുഗോപാൽ ദൂതിൽ നിന്ന് താൻ വാങ്ങിയ ഷെയറുകൾ മഹേഷ് ചന്ദ്ര പുങ്ഗ്ലിയ വെറും ഒൻപതു ലക്ഷം രൂപ നൽകി ദീപക് കൊച്ചാറിന് വിൽക്കുകയും ചെയ്തിരിക്കുന്നു. 

 

timeline of Videocon ICICI Bank fraud, how Kochhars and Dhoot took us all for a ride

 

എന്നാൽ, ഇങ്ങനെ വിശദമായൊരു കത്ത് പുറത്തുവന്നപ്പോഴും ഐസിഐസിഐ ബാങ്കോ വീഡിയോകോണോ അതിനോട് പ്രതികരിക്കാൻ കൂട്ടാക്കിയില്ല. കത്ത് പുറത്തുവന്നതിന് പിന്നാലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഈ അഴിമതി ആരോപണം അന്വേഷിച്ചു എങ്കിലും, അവർക്കും ഇക്കാര്യത്തിൽ ഐസിഐസിഐ ബാങ്കിനെയോ ചന്ദാ കൊച്ചാറിനെയോ പ്രതിക്കൂട്ടിൽ നിർത്താനും മാത്രം തെളിവുകൾ ഒന്നും തന്നെ കിട്ടിയില്ല. എന്നാലും, ബാങ്ക് അധികൃതർ ഒരു കാര്യം ചെയ്യാൻ ശ്രദ്ധിച്ചു. തങ്ങളുടെ പരിമിതമായ അന്വേഷണ സംവിധാനങ്ങളിൽ തെളിവൊന്നും കിട്ടിയില്ലെങ്കിലും, ഇക്കാര്യത്തിൽ തുടരന്വേഷണത്തിന് വകുപ്പുണ്ട് എന്നൊരു നോട്ട് അവർ കേന്ദ്ര സർക്കാരിന് മുന്നിൽ വെച്ചു. അതിന്റെ പിന്നാലെ നടന്ന തുടരന്വേഷണങ്ങൾക്കൊടുവിലാണ് ഇപ്പോൾ ദീപക് കൊച്ചാറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്യുന്നിടം വരെ എത്തിയിരിക്കുന്നത്.

ഇന്ത്യൻ ബാങ്കിങ് രംഗത്തെ പിടിച്ചു കുലുക്കിയ ഈ തട്ടിപ്പിന്റെ നാൾവഴികളിലൂടെ...


2008 :  ദീപക് കൊച്ചാർ, വേണുഗോപാൽ ദൂത് എന്നിവർ ചേർന്ന് ന്യൂപവർ റിന്യൂവബിൾസ് എന്ന സ്ഥാപനം തുടങ്ങുന്നു. 

2009 മെയ് : ചന്ദ കൊച്ചാർ ഐസിഐസിഐ ബാങ്കിന്റെ സിഇഒ ആകുന്നു. കെവി കാമത്തിന്റെ പിൻഗാമിയായി ചുമതലയേറ്റെടുക്കുന്നു. 

2012 : വീഡിയോകോൺ ഗ്രൂപ്പിന് 3250 കോടിയുടെ ലോൺ പല ഘട്ടങ്ങളിൽ ആയി അനുവദിക്കുന്നു. 

2016 ഒക്ടോബർ : അരവിന്ദ് ഗുപ്തയുടെ കത്ത് പുറത്തു വരുന്നു.

2017 :  ലോണിന്റെ 86 ശതമാനവും, അതായത് ഏകദേശം 2,810 കോടിയോളം രൂപ തിരിച്ചടക്കപെടാതെ നിഷ്ക്രിയ ആസ്തിയായി(NPA) പ്രഖ്യാപിക്കപ്പെടുന്നു.

 2018  മാർച്ച് 8 : ബാങ്കിന്റെ ഇന്റേണൽ അന്വേഷണ സമിതിയുടെ റിപ്പോർട്ട് പുറത്തുവന്നു. സിറിൽ അമർചന്ദ് മംഗൾദാസ് എന്ന നിയമസ്ഥാപനമായിരുന്നു ഈ വിഷയത്തിൽ എൻക്വയറി നടത്തിയത്. ആ അന്വേഷണത്തിലും ചന്ദാ കൊച്ചാർക്ക് ക്ളീൻ ചിറ്റ് തന്നെ ആയിരുന്നു. വീഡിയോകോണിന് ലോൺ അനുവദിക്കാനുള്ള തീരുമാനം കൺസോർഷ്യം ലെവലിൽ ആണ് കൈക്കൊണ്ടത് എന്നും അതിൽ ചന്ദയ്ക്ക് മാത്രമായി ഒരു പങ്കില്ല എന്നുമായിരുന്നു ആ അന്വേഷണ സമിതിയുടെ കണ്ടെത്തൽ. 

2018  മാർച്ച് 29 : ന്യൂപവർ റിന്യൂവബിൾസ് എന്ന ദീപക് കൊച്ചാറിന്റെ സ്റ്റാർട്ട് അപ്പ് സ്ഥാപനവും വേണുഗോപാൽ ദൂതിന്റെ കമ്പനികളും തമ്മിലുള്ള സംശയാസ്പദമായ ഇടപാടുകളുടെ വിശദമായ വിവരങ്ങൾ അടങ്ങിയ ഒരു അന്വേഷണാത്മക റിപ്പോർട്ട് ഇന്ത്യൻ എക്സ്പ്രസ് പത്രത്തിൽ അച്ചടിച്ചു വരുന്നു. അന്ന് വൈകുന്നേരം തന്നെ, ഐസിഐസിഐ ബാങ്ക് ചെയർമാൻ എം കെ ശർമ്മ പത്രങ്ങളെ കാണുന്നു. വീഡിയോകോണിന് ലോൺ അനുവദിച്ചതിൽ യാതൊരുവിധ അസ്വാഭാവികതകളും ഇല്ല എന്നുള്ള തങ്ങളുടെ മുൻ നിലപാട് ആവർത്തിക്കുന്നു. റിസർവ് ബാങ്കിന്റെ എല്ലാ ചോദ്യങ്ങൾക്കും തങ്ങൾ തൃപ്തികരമായ വിശദീകരണങ്ങൾ നൽകിക്കഴിഞ്ഞു നിന്നും, ഇനി അന്വേഷിക്കാൻ ഒന്നുമില്ല എന്നുമായിരുന്നു ശർമ്മ മാധ്യമങ്ങളെ അറിയിച്ചത്. 

2018 മാർച്ച് 31 : കേന്ദ്രം ഈ കേസിന്റെ അന്വേഷണം സിബിഐക്ക് വിടുന്നു. ദീപക് കൊച്ചാറും സഹോദരൻ രാജീവ് കൊച്ചാറും സിബിഐ ചോദ്യം ചെയ്യലിന് വിധേയരാകുന്നു. 

2018 മെയ് 7 : ഐസിഐസിഐ ബാങ്കിന്റെ ജനുവരി-മാർച്ച് പാദത്തിന്റെ പെർഫോമൻസ് റിവ്യൂ മീറ്റിങ് നടക്കുന്നു. ബാങ്കിലെ സർക്കാർ പ്രതിനിധി ലോക് രഞ്ജൻ ഈ അഴിമതി ആരോപണങ്ങൾ പ്രസ്തുത മീറ്റിങ്ങിൽ അവതരിപ്പിക്കും എന്ന് എല്ലാവരും പ്രതീക്ഷിക്കുന്നു. പക്ഷേ, രഞ്ജൻ വളരെ ദുരൂഹമായി ഈ മീറ്റിങ്ങിൽ പങ്കെടുക്കാതെ മാറി നിൽക്കുന്നു. മീറ്റിങ്ങിൽ ഇങ്ങനെ ഒരു വിഷയമേ ചർച്ചയ്ക്ക് വരുന്നില്ല. മെയിൽ തന്നെ ഐസിഐസിഐ ബാങ്കിന് സെബി (Securities and Exchanges Bureau of India - ഓഹരി വ്യാപാരങ്ങൾ നിയന്ത്രിക്കുന്ന സർക്കാർ സംവിധാനം) ഈ വിഷയത്തിൽ വിശദീകരണം തേടി നോട്ടീസ് അയക്കുന്നു. 

2018 മെയ് 25: സെബിക്ക് നൽകിയ വിശദീകരണത്തിൽ ചന്ദ കൊച്ചാർ തനിക്ക് സെബിയിൽ നിന്ന് കിട്ടിയ 'കാരണം കാണിക്കൽ' നോട്ടീസിനെപ്പറ്റി പരാമർശിക്കുന്നു. 

2018 ജൂൺ :  കോർപ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയം ഈ വിഷയത്തിൽ ഒരു വിശദമായ അന്വേഷണം നടത്താൻ തീരുമാനിക്കുന്നു. ഐസിഐസിഐ ബാങ്ക് മുൻ ജഡ്ജ് ബി എൻ ശ്രീകൃഷ്ണയുടെ നേതൃത്വത്തിൽ ഒരു എക്സ്റ്റേണൽ കമ്മിറ്റിയെ വെച്ച് ഒരിക്കൽ കൂടി അന്വേഷിക്കാൻ തീരുമാനിക്കുന്നു. അതിനിടെ ചന്ദാ കൊച്ചാർ തന്റെ വാർഷിക അവധിയിൽ പ്രവേശിക്കുന്നു. പക്ഷേ, ആ അവധി കഴിഞ്ഞ് ചന്ദ തിരികെ ജോലിയിൽ പ്രവേശിക്കും മുമ്പ് ബാങ്ക്, അവരോട് അന്വേഷണം അവസാനിക്കും വരെ അവധിയിൽ തന്നെ തുടരാൻ ആവശ്യപ്പെടുന്നു. ചെണ്ടയുടെ അസാന്നിധ്യത്തിൽ അവർക്ക് പകരം കൃതഹസ്തനായ എക്സിക്യൂട്ടിവ് സന്ദീപ് ബക്ഷി താൽക്കാലികമായി ബാങ്കിന്റെ തലപ്പത്ത് സ്ഥാനമേൽക്കുന്നു. 

2018 ഒക്ടോബർ:  ചന്ദാ കൊച്ചാർ ചെയർ പേഴ്സൺ സ്ഥാനത്തുനിന്ന് രാജിവെക്കാൻ തീരുമാനിക്കുന്നു. പകരം താത്കാലിക ചുമതല വഹിച്ചിരുന്ന ബക്ഷി എത്തുന്നു. 

2019 ജനുവരി :  സിബിഐ ഈ കേസിൽ എഫ്‌ഐആർ ഇടുന്നു. പ്രസ്തുത എഫ്‌ഐആറിൽ ചന്ദാ കൊച്ചാറും ഭർത്താവ് ദീപക് കൊച്ചാറും ചേർന്ന് ഈ ഇടപാടിൽ ക്രിമിനൽ ഗൂഢാലോചന നടത്തിയിട്ടുണ്ട് എന്ന് ആരോപിക്കപ്പെട്ടു. അതേ എഫ്‌ഐആറിൽ തന്നെ വീഡിയോകോണിന്റെ വേണുഗോപാൽ ദൂതിന്റെയും, ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ് കമ്മിറ്റിയിൽ ഉണ്ടായിരുന്ന പല സീനിയർ ബാങ്കർമാരുടെയും പേരുകൾ ഉണ്ടായിരുന്നു. അതിനിടെ ജസ്റ്റിസ് എസ്എൻ ശ്രീകൃഷ്ണയുടെ നേതൃത്വത്തിലുള്ള എക്സ്റ്റേണൽ പാനലും അവരുടെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നു. അവരുടെ റിപ്പോർട്ടിന്റെ ഉള്ളടക്കം പരസ്യപ്പെടുത്താൻ ബാങ്ക് തയ്യാറായില്ല എങ്കിലും, ചന്ദാ കൊച്ചാർ കുറ്റക്കാരിയാണ് എന്നുകണ്ടെത്തി ഐസിഐസിഐ ബാങ്ക് അവരെ പിരിച്ചുവിടുന്നു. സിഇഒ ആയിരുന്ന കാലത്ത് അവർക്ക് അനുവദിച്ചിരുന്ന എല്ലാ സൗകര്യങ്ങളും നൽകിയിരുന്ന ബോണസുകളും ഒക്കെ പിൻവലിക്കാൻ കൂടി ഉത്തരവായി. 

2019 ജനുവരിയിൽ തന്നെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഈ കേസിൽ കള്ളപ്പണം വെളുപ്പിച്ചു എന്ന കുറ്റം ചുമത്തി ചന്ദ കൊച്ചാർ, ദീപക് കൊച്ചാർ, വേണുഗോപാൽ ദൂത് എന്നിവർക്ക് പുറമെ ആറു ബാങ്കർമാരെക്കൂടി പ്രതി ചേർത്തുകൊണ്ട് കേസെടുക്കുന്നത്. വീഡിയോകോണിന് ചന്ദാ കൊച്ചാർ അനുവദിച്ച വായ്പയുടെ പ്രത്യുപകാരമായിരുന്നു ദീപക് കൊച്ചറിന്റെ ന്യൂപവർ റിന്യൂവബിൾസിന് വേണുഗോപാൽ ദൂത് നൽകിയ 64 കോടി എന്ന് സിബിഐ നേരത്തെ തന്നെ ആരോപിച്ചിരുന്നു. ഇത് പാടെ നിഷേധിച്ച ദീപക് തന്റെ കമ്പനിയും വീഡിയോകോണും തമ്മിൽ നടന്ന ഇടപാടിന് മറ്റൊന്നുമായും ബന്ധമില്ല എന്ന് സമർത്ഥിക്കാൻ ശ്രമിച്ചു. 

2020 ജനുവരി : എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചാർ ദമ്പതികളുടെ സൗത്ത് മുംബൈയിലെ അപ്പാർട്ട്മെന്റ് അടക്കം 78 കോടി വില വരുന്ന സ്വത്തുക്കൾ കണ്ടുകെട്ടി. ചന്ദാ കൊച്ചാർ താമസിക്കുന്ന ഫ്ലാറ്റ് പോലും ഏറെ ദുരൂഹമായ പല കൈകൾ മറിഞ്ഞ് നിസ്സാരമായ ഒരു തുക മാത്രം മുദ്രപത്രങ്ങളിൽ കാണിച്ച്, മാർക്കറ്റ് വിലയുടെ പതിലൊന്നിനാണ് അവരുടെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത് എന്ന് എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തി. അതിനു പിന്നാലെ ആദായനികുതി വകുപ്പിന്റെയും, കോർപ്പറേറ്റ് കാര്യ വകുപ്പിന്റെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെയും അന്വേഷണങ്ങൾ പ്രഖ്യാപിക്കപ്പെട്ടു.

ഒന്നരക്കൊല്ലം മുമ്പ് രജിസ്റ്റർ ചെയ്ത ആ തട്ടിപ്പുകേസിൽ നടന്ന തുടർച്ചയായ അന്വേഷണങ്ങൾക്കൊടുവിലാണ് കഴിഞ്ഞ തിങ്കളാഴ്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ദീപക് കൊച്ചാറിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. തങ്ങളുടെ ചോദ്യം ചെയ്യലിനോട് ദീപക് സഹകരിക്കാഞ്ഞതാണ് അറസ്റ്റിലേക്ക് നയിച്ചതെന്ന് എൻഫോഴ്‌സ്‌മെന്റ് അധികൃതർ പറയുന്നു. എന്തായാലും, ഈ കേസിന്റെ അന്വേഷണങ്ങൾ വേണ്ടും വിധം ഇനിയും തുടർന്നാൽ മാത്രമേ വരും ദിവസങ്ങളിൽ ആരൊക്കെ അറസ്റ്റു ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നത് കൂടുതൽ വ്യക്തമാകൂ. 


 

Latest Videos
Follow Us:
Download App:
  • android
  • ios