ജീവനക്കാരെ തിരികെ വിളിക്കാൻ ടിസിഎസ്: നടപടി ഈ വർഷം തന്നെ ഉണ്ടായേക്കും
ബിബിസിയുടെ റിപ്പോർട്ട് അനുസരിച്ച്, കമ്പനിയുടെ 90% സ്റ്റാഫുകൾക്കും ഇതുവരെ ഒരു ഡോസ് വാക്സിൻ ലഭിച്ചിട്ടുണ്ട്.
മുംബൈ: ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ജീവനക്കാരെ ഓഫീസിലേക്ക് തിരികെ കൊണ്ടുവരാൻ ലക്ഷ്യമിടുന്നു. പകർച്ചവ്യാധിയെ തുടർന്ന് 18 മാസത്തെ വർക്ക് ഫ്രം ഹോം ഉൾപ്പടെയുളള റിമോർട്ട് വർക്കിംഗ് പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് ക്യാമ്പസുകൾ സജീവമാക്കാനാണ് ടിസിഎസ്സിന്റെ ആലോചന. എന്നാൽ, കൊവിഡ് മൂന്നാം തരംഗത്തിന്റെ ആഘാതത്തെ കൂടി വിലയിരുത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം.
ജീവനക്കാരിൽ ഭൂരിഭാഗവും വാക്സിനേഷൻ പൂർത്തീകരിച്ചതായാണ് കമ്പനിയുടെ വിലയിരുത്തൽ. കലണ്ടർ വർഷത്തിന്റെ അവസാനത്തിലോ അടുത്ത വർഷത്തിന്റെ തുടക്കത്തിലോ, മൂന്നാം തരംഗത്തെ കൂടി കണക്കിലെടുത്ത് ഓഫീസിലെ ജീവനക്കാരുടെ 70-80 ശതമാനത്തെ തിരികെയെത്തിക്കാനാണ് പദ്ധതിയെന്ന് ടിസിഎസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രാജേഷ് ഗോപിനാഥൻ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ബിബിസിയുടെ റിപ്പോർട്ട് അനുസരിച്ച്, കമ്പനിയുടെ 90% സ്റ്റാഫുകൾക്കും ഇതുവരെ ഒരു ഡോസ് വാക്സിൻ ലഭിച്ചിട്ടുണ്ട്. കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും തിരികെ വിളിക്കുന്ന നടപടികളിലേക്ക് കമ്പനി കടക്കുക.
ഇക്കണോമിക് ടൈംസ് റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സർവീസ് കമ്പനികളിലൊന്നായ ടിസിഎസ്, രാജ്യത്തെ 150 ബില്യൺ ഡോളർ സോഫ്റ്റ്വെയർ കയറ്റുമതിയിൽ ഏകദേശം 15% സംഭാവന ചെയ്യുന്നു, കൂടാതെ 4.6 ദശലക്ഷം വരുന്ന ഈ രംഗത്തെ പ്രൊഫഷണലുകളിൽ പത്തിലൊന്ന് ജോലി ചെയ്യുന്നതും ടിസിഎസ്സിലാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona