റിലയൻസിന്റെ റീട്ടെയ്ൽ ബിസിനസ്സിൽ നിക്ഷേപിക്കാൻ സിൽവർ ലേക്ക്: ചർച്ചകൾ പുരോഗമിക്കുന്നതായി റിപ്പോർട്ട്
അടുത്ത ഏതാനും പാദങ്ങളിൽ നിക്ഷേപകരെ റിലയൻസ് റീട്ടെയിലിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി അറിയിച്ചു.
മുംബൈ: സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സിൽവർ ലേക്ക് പാർട്ണർമാർ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ റീട്ടെയിൽ വിഭാഗത്തിൽ ഒരു ബില്യൺ ഡോളർ നിക്ഷേപിക്കാനുള്ള ചർച്ചകൾ നടത്തിവരികയാണെന്ന് പ്രമുഖ ദേശീയ മാധ്യമമായ ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഏകദേശം 57 ബില്യൺ ഡോളർ വിലമതിക്കുന്ന 10 ശതമാനം പുതിയ ഓഹരികൾ വിൽക്കാൻ കമ്പനി ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ട്. എന്നാൽ, റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കാൻ സിൽവർ ലേക്ക് വിസമ്മതിച്ചു.
ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യത്ത് റീട്ടെയിൽ ബിസിനസിനെ ശക്തിപ്പെടുത്താൻ റിലയൻസ് നടത്തിവരുന്ന പ്രവർത്തനങ്ങൾ നിക്ഷേപകരെ വലിയ തോതിൽ ആകർഷിച്ചിട്ടുണ്ട്. ജിയോ പ്ലാറ്റ്ഫോം ഡിജിറ്റൽ ബിസിനസ്സിലെ ഓഹരികൾ വിറ്റ് ഫേസ്ബുക്ക് ഉൾപ്പടെയുളള ആഗോള നിക്ഷേപകരിൽ നിന്ന് റിലയൻസ് 20 ബില്യൺ ഡോളറിലധികം സമാഹരിച്ചു. അടുത്ത ഏതാനും പാദങ്ങളിൽ നിക്ഷേപകരെ റിലയൻസ് റീട്ടെയിലിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി അറിയിച്ചു.