അലയൻസ് ഓഫ് ഡിജിറ്റൽ ഇന്ത്യ ഫൗണ്ടേഷൻ തലപ്പത്തേക്ക് സിജോ കുരുവിള ജോര്‍ജ്

യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റിന്റെ ഇന്‍ര്‍നാഷണല്‍ വിസിറ്റേഴ്‌സ് ലീഡര്‍ഷിപ്പ് പ്രോഗ്രാമടക്കമുള്ള രാജ്യാന്തര അംഗീകാരങ്ങള്‍ നേടിയ സിജോ രാജ്യത്തെ ഒട്ടനവധി മികച്ച സ്റ്റാര്‍ട്ടപ്പ് ഫ്‌ളാഗ് ഷിപ്പ് പ്രോഗ്രാമുകളുടെ ഉപദേശകസമിതിയംഗമായും പ്രവര്‍ത്തിച്ചുവരുന്നു. 

Sijo Kuruvilla George joins Alliance of Digital India Foundation as Executive Director

സ്റ്റാര്‍ട്ടപ്പ് സംരഭകരുടെ സംഘടനയായ എഡിഐഎഫ് (അലയൻസ് ഓഫ് ഡിജിറ്റൽ ഇന്ത്യ ഫൗണ്ടേഷൻ) തലപ്പത്തേക്ക് സിജോ കുരുവിള ജോര്‍ജ്. എഡിഐഎഫിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി സിജോ ചുമതലയേറ്റു. സ്റ്റാര്‍ട്ടപ്പ് വില്ലേജ് സ്ഥാപക സിഇഒയും റീതിങ്ക് ഫൗണ്ടേഷന്‍ സ്ഥാപകനുമായ സിജോ കൈവരിച്ച നേട്ടം കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് മേഖലയുടെ വളര്‍ച്ചയ്ക്കും ഗുണകരമാകും.   

ഐടി മേഖലയിലെ സംഘടനയായ നാസ്‌കോമിന് സമാനമായി രാജ്യം മുഴുവനുമുള്ള സ്റ്റാര്‍ട്ടപ്പ് സംരഭകര്‍ ചേര്‍ന്ന് രൂപീകരിച്ച സംഘടനയാണ് എഡിഐഎഫ് (അലയന്‍സ് ഓഫ് ഡിജിറ്റല്‍ ഇന്ത്യ ഫൗണ്ടേഷന്‍). ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ മുന്നോട്ടുള്ള കുതിപ്പിന് ഇന്ധനമാകുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തെ മുന്‍പന്തിയിലുള്ള സ്റ്റാര്‍ട്ടപ്പുകളുടെ മേധാവികള്‍ ചേര്‍ന്ന് സംഘടന രൂപീകരിച്ചത്. 

ഒരു ബില്യണും അതിനടുത്തും വിറ്റുവരവുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ (യൂണികോണ്‍സ്, സൂണികോണ്‍സ്) ഇതില്‍ അംഗങ്ങളാണ്. ആറുമാസം മുമ്പ് രൂപീകരിച്ച ഈ സംഘടനയുടെ ആദ്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനത്തേക്കാണ് സിജോ കുരുവിളയെ പരിഗണിച്ചത് എന്നത് ഏറെ ശ്രദ്ധേയമാണ്. രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റത്തെ ലോകത്തെ മികച്ച മൂന്ന് സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റത്തില്‍ ഒന്നാക്കി മാറ്റുക എന്നതാണ്  സിജോയ്ക്ക് മുന്നിലുള്ള പ്രധാന ദൗത്യം. 

വിപണിയുടെ വലിപ്പം വച്ചുനോക്കിയാല്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് രംഗം മൂന്നാമതാണെങ്കിലും സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റാങ്കിങ്ങില്‍ ഏറെ പിന്നിലാണ്. സ്റ്റാര്‍ട്ടപ്പ് നയരൂപീകരണത്തില്‍ സര്‍ക്കാരിനെ സഹായിക്കുക വഴി എഡിഐഎഫിനെ സ്റ്റാര്‍ട്ടപ്പ് ഇന്‍ഡസ്ട്രിക്കും സര്‍ക്കാരിനുമിടയിലുള്ള ചാലകശക്തിയാകുകയാണ് മറ്റൊരു ലക്ഷ്യം. ഇതോടൊപ്പം സ്റ്റാര്‍ട്ടപ്പുകൾക്കും വഴികാട്ടിയാകേണ്ടതുണ്ട്. സാങ്കേതിക രംഗം സംബന്ധിച്ച സര്‍ക്കാരിന്റെ നയങ്ങള്‍, കോടതി വിധികള്‍ എന്നിവയെക്കുറിച്ച് സ്റ്റാര്‍ട്ടപ്പ് കമ്പനികളെ ബോധവത്കരിക്കുകയും അവരുടെ ആശങ്കകള്‍ നിയമമുഖത്ത് എത്തിക്കുകയും ചെയ്യുക എന്നതും എഡിഐഎഫിന്റെ ദൗത്യമാണെന്ന് സിജോ കുരുവിള പറയുന്നു.

കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യുവാക്കളില്‍ നിന്ന് ശാസ്ത്ര സാങ്കേതിക രംഗത്തെ സംരഭകരെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ  പൊതു സ്വകാര്യ പങ്കാളിത്തത്തോടെ സ്ഥാപിച്ച രാജ്യത്തെ ആദ്യ ടെലികോം ഇന്‍ക്യുബേറ്ററായ സ്റ്റാര്‍ട്ടപ്പ് വില്ലേജിനെ മൂന്നുവര്‍ഷം മുന്നില്‍ നിന്ന് നയിച്ചത് സിജോ കുരുവിളയായിരുന്നു. യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റിന്റെ ഇന്‍ര്‍നാഷണല്‍ വിസിറ്റേഴ്‌സ് ലീഡര്‍ഷിപ്പ് പ്രോഗ്രാമടക്കമുള്ള രാജ്യാന്തര അംഗീകാരങ്ങള്‍ നേടിയ സിജോ രാജ്യത്തെ ഒട്ടനവധി മികച്ച സ്റ്റാര്‍ട്ടപ്പ് ഫ്‌ളാഗ് ഷിപ്പ് പ്രോഗ്രാമുകളുടെ ഉപദേശകസമിതിയംഗമായും പ്രവര്‍ത്തിച്ചുവരുന്നു. രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് രംഗത്തെ തുടക്കം മുതല്‍ അടുത്തറിഞ്ഞ വിരലില്‍ എണ്ണാവുക വ്യക്തികളിലൊരാളാണ് സിജോ. കേന്ദ്രസര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക നയരൂപീകരണത്തിനുള്ള വിദഗ്ധസമിതി അംഗമായ സിജോ കുരുവിള സ്റ്റാര്‍ട്ടപ്പ് മേഖലയിലെ അവസരങ്ങളും സാങ്കേതിക നയങ്ങളും സംബന്ധിച്ച് സംരഭകര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്ന റീ തിങ്ക് ഫൗണ്ടേഷന്റെ സ്ഥാപകന്‍ കൂടിയാണ്.

സ്റ്റാര്‍ട്ടപ്പ് മേഖലയിലെ പ്രമുഖരുടെയും  യൂണികോണ്‍, സൂണികോണ്‍ കമ്പനി സ്ഥാപകരുടെയും അഭിപ്രായങ്ങള്‍ തേടി, അവരുടെ കാഴ്ചപ്പാടുകള്‍ കോര്‍ത്തിണക്കി ഭാവിയിലേക്കുള്ള ഒരു സംയുക്ത റോഡ്മാപ്പ് രൂപപ്പെടുത്തുകയാണ് ആദ്യലക്ഷ്യമെന്ന് ചുമതലയേറ്റ ശേഷം സിജോ കുരുവിള പറഞ്ഞു. ഇതുവഴി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാനാകും. ഇതുതന്നെയാണ് എഡിഐഎഫിന് ചെയ്യാനാകുന്ന ആദ്യത്തെ പ്രധാനകാര്യമെന്നും സിജോ പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് മേഖല സമ്പദ് വ്യവസ്ഥയില്‍ കൊണ്ടുവന്നിരിക്കുന്ന നേട്ടങ്ങളും അവ സമ്പദ്വ്യവസ്ഥയിലുണ്ടാക്കിയിരിക്കുന്ന പ്രതിഫലനവും ധനകാര്യ വിദഗ്ധരുടെ  ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള ശ്രമമുണ്ടാകുമെന്നും സിജോ വ്യക്തമാക്കി.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios