ഡിഎച്ച്എഫ്എൽ ലേലം: ഓക് ട്രീയെക്കാൾ 250 കോടി കൂടുതൽ ഓഫർ ചെയ്ത് അദാനി, എതിർപ്പ് അറിയിച്ച് പിഇഎൽ രംഗത്ത്
അടുത്ത ആഴ്ചയോടെ റെസല്യൂഷൻ പ്ലാൻ സമർപ്പിക്കുമെന്ന് അദാനി ഗ്രൂപ്പ് സമിതിയെ അറിയിച്ചു.
മുംബൈ: ദിവാൻ ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിന്റെ (ഡിഎച്ച്എഫ്എൽ) മുഴുവൻ ഓഹരികളും സ്വന്തമാക്കാനുളള അദാനി ഗ്രൂപ്പിന്റെ ശ്രമങ്ങളെ എതിർത്ത് പിരാമൽ എന്റർപ്രൈസസ് ലിമിറ്റഡ് (പിഇഎൽ). ഡിഎച്ച്എഫ്എല്ലിന്റെ ആസ്തികൾ വിൽപ്പനയ്ക്ക് വയ്ക്കുന്ന ലേലത്തിൽ പിഇഎല്ലും പങ്കെടുക്കുന്നുണ്ട്.
കമ്പനിയുടെ മുഴുവൻ പോര്ട്ട്ഫോളിയോയ്ക്കും ലേലം വിളിക്കാൻ തയ്യാറാണെന്ന് അദാനി എന്റർപ്രൈസസ് ലിമിറ്റഡ് കഴിഞ്ഞ ദിവസം വായ്പാദാതാക്കളുടെ സമിതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിരാമൽ ഡിഎച്ച്എഫ്എല്ലിന്റെ വായ്പാദാതാക്കളുടെ സമിതിക്ക് മുന്നിൽ എതിർപ്പ് ഉന്നയിച്ചത്. ഓക് ട്രീ ക്യാപിറ്റൽ, പിഇഎൽ തുടങ്ങിയ അനേകം കമ്പനികൾ ഡിഎച്ച്എഫ്എല്ലിനെ വാങ്ങാൻ രംഗത്തുണ്ട്.
അദാനിയുടെ ഓഫറിൽ, എതിരാളിയായ ഓക് ട്രീയുടെ ബിഡിനേക്കാൾ 250 കോടി കൂടിയ ബിഡ് വില അദാനി നിർദ്ദേശിച്ചിട്ടുണ്ട്. അടുത്ത ആഴ്ചയോടെ റെസല്യൂഷൻ പ്ലാൻ സമർപ്പിക്കുമെന്ന് അദാനി ഗ്രൂപ്പ് സമിതിയെ അറിയിച്ചു.