അനിൽ അംബാനിക്ക് കുരുക്ക് മുറുകുന്നു; സ്റ്റേറ്റ് ബാങ്ക് സമർപ്പിച്ച അപേക്ഷയിൽ ഉത്തരവുമായി കമ്പനി ലോ ട്രൈബ്യൂണല്‍

ഒരു വിഭാ​ഗ കമ്പനികൾക്കായി കോർപ്പറേറ്റ് പാപ്പരത്ത പ്രക്രിയ നടക്കുന്നുണ്ടെന്ന് അംബാനിയുടെ അഭിഭാഷകൻ വാദിച്ചു. 

National Company Law Tribunal appoint Jitender Kothari as resolution professional

മുംബൈ: അനില്‍ അംബാനിയും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും തമ്മിലുളള വായ്പാ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ (എന്‍സിഎല്‍ടി) റസല്യൂഷന്‍ പ്രൊഫഷണലിനെ (ആര്‍പി) നിയമിച്ചു. ജിതേന്തര്‍ കോത്താരിയെയാണ് എന്‍സിഎല്‍ടി ആര്‍പിയായി നിയമിച്ചത്. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, റിലയന്‍സ് ഇന്‍ഫ്രാടെല്‍ എന്നിവയുടെ വായ്പ സംബന്ധിച്ചാണ് ഇരുകൂട്ടരും തമ്മിലുളള തര്‍ക്കങ്ങള്‍ തുടരുന്നത്. 

റെസല്യൂഷൻ പ്രൊഫഷണലിന്റെ നിയമിക്കുന്നതിനെതിരെ നാഷണൽ കമ്പനി അപ്പലേറ്റ് ലോ ട്രിബ്യൂണലിൽ (എൻസിഎൽഎടി) നിയമ പോരാട്ടത്തിനൊരുങ്ങുകയാണ് അംബാനി. ഇത് സംബന്ധിച്ച് അദ്ദേഹം നിയമോപദേശം സ്വീകരിക്കുകയും ചെയ്യുന്നു.

കേസിലെ പ്രതിഭാ​ഗത്തെ വ്യക്തി (അനിൽ അംബാനി) റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, റിലയന്‍സ് ഇന്‍ഫ്രാടെല്‍ എന്നിവയ്ക്ക് നൽകിയ വായ്പയുമായി ബന്ധപ്പെട്ട് വ്യക്തിപരമായ ഗ്യാരണ്ടി നൽകി എന്നതിൽ സംശയമില്ല. കൂടാതെ, ഐ ബി സിയുടെ സെക്ഷൻ 95 പ്രകാരം വായ്പാ ദാതാവ് അപേക്ഷ സമർപ്പിക്കുമ്പോൾ, അത്തരമൊരു അപേക്ഷ സമർപ്പിച്ച് ഏഴ് ദിവസത്തിനുള്ളിൽ റെസല്യൂഷൻ പ്രൊഫഷണലിനെ നാമനിർദ്ദേശം ചെയ്യുകയല്ലാതെ ട്രൈബ്യൂണലിന് മറ്റ് മാർഗമില്ലെന്ന് ട്രൈബ്യൂണൽ ഉത്തരവിൽ പറയുന്നു.

ഒരു വിഭാ​ഗ കമ്പനികൾക്കായി കോർപ്പറേറ്റ് പാപ്പരത്ത പ്രക്രിയ നടക്കുന്നുണ്ടെന്ന് അംബാനിയുടെ അഭിഭാഷകൻ വാദിച്ചു. പ്രസ്തുത പ്രക്രിയയുമായി ബന്ധപ്പെട്ട് വായ്പാ സമിതി പദ്ധതിക്ക് അംഗീകാരം നൽകിയിട്ടുണ്ട്, ഇത് ട്രൈബ്യൂണലുകളുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്, എൻസിഎൽടിക്ക് പാപ്പരത്ത നടപടികൾ പൂർത്തിയാകുന്നതുവരെ വരെ കാത്തിരിക്കാമെന്ന വാദമുഖം അംബാനിയുടെ അഭിഭാഷകൻ ഉയർത്തിയെങ്കിലും ട്രൈബ്യൂണൽ അംഗീകരിച്ചില്ല.
 

Latest Videos
Follow Us:
Download App:
  • android
  • ios