ഒയോയിൽ നിക്ഷേപിക്കാൻ മൈക്രോസോഫ്റ്റ് എത്തുന്നു
ടെക് ക്രഞ്ചാണ് ഇതുമായി ബന്ധപ്പെട്ട വാർത്ത ആദ്യം പുറത്തുവിട്ടത്.
മുംബൈ: ഇന്ത്യൻ ബജറ്റ് ഹോട്ടൽ ശൃംഖലയായ ഒയോയിൽ നിക്ഷേപം നടത്താൻ മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ മികച്ച രീതിയിൽ പുരോഗമിക്കുകയാണ്.
എത്ര കോടി രൂപയാവും മൈക്രോസോഫ്റ്റ് നിക്ഷേപിക്കുകയെന്നത് ഇനിയും വ്യക്തമായിട്ടില്ല. എന്നാലും സോഫ്റ്റ്ബാങ്കിന്റെ പിന്തുണയുള്ള ഒയോയുടെ ഇപ്പോഴത്തെ മൂല്യം ഒൻപത് ബില്യൺ ഡോളറാണ്.
ടെക് ക്രഞ്ചാണ് ഇതുമായി ബന്ധപ്പെട്ട വാർത്ത ആദ്യം പുറത്തുവിട്ടത്. ഇടപാടിന് ശേഷം മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സർവീസിലേക്ക് ഒയോ മാറുമെന്നും വാർത്തയിൽ പറഞ്ഞിരുന്നു.
ആഗോള തലത്തിൽ നിന്ന് 660 ദശലക്ഷം ഡോളറിന്റെ വായ്പാ സഹായം ഒയോ കഴിഞ്ഞ മാസം തേടിയിരുന്നു. ഒയോക്ക് ഇന്ത്യയിൽ മാത്രമല്ല, അമേരിക്കയിലും യൂറോപ്പിലും ദക്ഷിണേഷ്യയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനായത് ഇപ്പോഴത്തെ പ്രതിസന്ധി കാലത്തും കാലൂന്നി നിൽക്കാനുള്ള സഹായമായിട്ടുണ്ട്.
വാക്സീനേഷൻ നടപടികൾ എല്ലാ രാജ്യത്തും ശക്തമായി പുരോഗമിക്കുന്നതും യാത്രാ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതും പ്രതീക്ഷയോടെയാണ് ഒയോ സ്ഥാപകനും സിഇഒയുമായ റിതേഷ് അഗർവാൾ കാണുന്നത്. സമ്മർ സീസണിലേക്ക് യൂറോപ്പിലേക്കുള്ള പ്രതിദിന ബുക്കിങ് ഇരട്ടിച്ചതായും അദ്ദേഹം പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona