ഉൽപാദനം പുനരാരംഭിച്ചു, വിതരണ ശൃംഖല ശക്തമായി: മെച്ചപ്പെട്ട വിൽപ്പനക്കണക്കുകളുമായി മാരുതി സുസുക്കി

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്, ആഭ്യന്തര പാസഞ്ചർ വാഹന വിൽപ്പനയിൽ 53.8 ശതമാനം ഇടിവ് രേഖപ്പെടുത്തി. 

maruti suzuki sales report June 2020

മുംബൈ: ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ അൺ‌ലോക്ക് ചെയ്തതോടെ, വാഹന നിർമ്മാതാക്കൾക്ക് മുൻ മാസങ്ങളെ അപേക്ഷിച്ചിച്ച് വിൽപ്പനക്കണക്കുകളിൽ മുന്നേറ്റമുണ്ടായി. എന്നാൽ, കൊവിഡിന് മുൻപ് ഉണ്ടായിരുന്ന വിൽപ്പനക്കണക്കുകളിലേക്ക് വ്യവസായത്തിന് ഇതേവരെ എത്താനായിട്ടില്ല. 

പ്രമുഖ വാഹന നിർമാതാക്കൾക്ക് ജൂൺ മാസത്തെ മൊത്തവിൽപ്പനയിൽ (കമ്പനികളിൽ നിന്ന് ഡീലർമാർക്കുള്ള വിൽപ്പന) ശരാശരി 50 ശതമാനം ഇടിവ് രേഖപ്പെടുത്തി. ട്രാക്ടറും ഇരുചക്രവാഹനങ്ങളും ഗ്രാമീണ ആവശ്യകതയെത്തുടർന്ന് ജൂൺ മാസത്തെ വിൽപ്പനക്കണക്കുകളിൽ മെച്ചപ്പെട്ടിട്ടുണ്ട്. 

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്, ആഭ്യന്തര പാസഞ്ചർ വാഹന വിൽപ്പനയിൽ 53.8 ശതമാനം ഇടിവ് രേഖപ്പെടുത്തി. ജൂൺ മാസത്തെ വിൽപ്പന 51,274 യൂണിറ്റായിരുന്നു. എന്നാൽ, മെയ് മാസത്തെ അപേക്ഷിച്ച് വിൽപ്പനയിൽ 13,865 യൂണിറ്റിന്റെ വർധനയുണ്ടായി. ജൂൺ മാസത്തിൽ വിൽപ്പന ഗണ്യമായി വർദ്ധിച്ചു എന്നാണ് ഡീലർമാരും കണക്കാക്കുന്നത്. 

കമ്പനി പ്ലാന്റുകളിൽ ഉൽ‌പാദനം പുനരാരംഭിക്കുകയും ഉൽപ്പന്ന ശ്രേണി സജീവമാകുകയും ചെയ്തത് രാജ്യത്തെ വാഹനങ്ങളുടെ വിതരണം വേഗത്തിലാക്കിയിട്ടുണ്ട്. കമ്പനിയുടെ പ്രതിമാസ വിൽപ്പനയുടെ ഭൂരിഭാഗവും സംഭാവന ചെയ്യുന്ന ഹാച്ച്ബാക്ക് വിഭാ​ഗമാണ്. 37,154 യൂണിറ്റായിരുന്നു ഹാച്ച്ബാക്ക് വിൽപ്പന. കഴിഞ്ഞ വർഷം ഇത് 81,630 യൂണിറ്റുകളായിരുന്നു. 55 ശതമാനമാണ് ഈ വിഭാ​ഗത്തിലെ കുറവ്.  

Latest Videos
Follow Us:
Download App:
  • android
  • ios