48 മണിക്കൂർ മുമ്പ് വിലക്ക് വരുന്നു: ജാക്ക് മായെ കാണാതാകുന്നു; ഒക്ടോബറിൽ നടത്തിയ പ്രസം​ഗം ലോകത്ത് ചർച്ചയാകുന്നു

ദശലക്ഷക്കണക്കിന് ഉപയോക്താക്കളും കോടിക്കണക്കിന് ഡോളർ വിറ്റുവരവുമുള്ള ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്സ് കമ്പനിയാണ് ജാക്ക് മായുടെ ആലിബാബ. 

jack ma missing may due to investment issues and ipo of ant group

ജാക്ക് മായെ കാണാനില്ലെന്ന റിപ്പോർട്ടുകൾ അന്താരാഷ്ട്ര തലത്തിൽ വൻ ചർച്ചയാകുകയാണ്. പ്രമുഖരടക്കം നിരവധി പേർ ജാക്ക് മായുടെ വിവരങ്ങൾ അറിയാനായി ശ്രമങ്ങൾ തുടരുകയാണ്. ചൈനയിലെ ധനകാര്യ രം​ഗത്തെ നിയന്ത്രണ സംവിധാനങ്ങളെ വിമർശിച്ച് രം​ഗത്ത് എത്തിയ അദ്ദേഹം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അപ്രീതിക്ക് ഇരയായിരുന്നു.

അടുത്ത തലമുറയുടെ രക്ഷയ്ക്കായി ഇപ്പോഴത്തെ സമ്പ്രദായങ്ങൾ പൊളിച്ചെഴുതണമെന്നും ബാങ്കുകൾ പണയം വയ്ക്കുന്ന കടകളായെന്നും അദ്ദേഹം വിമർശിച്ചിരുന്നു. ഇതോടെയാണ് പാർട്ടി അം​ഗം കൂടിയായ ജാക്ക് മാ ചൈനീസ് ഭരണ നേതൃത്വത്തിന്റെ നോട്ടപ്പുള്ളിയായി മാറിയത്. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുളള ആന്റ് ഫിനാൻഷ്യലിന്റെ 37 ബില്യൺ ഡോളറിന്റെ പ്രാരംഭ പബ്ലിക് ഓഫറിംഗിന് (ഐപിഒ) ചൈനീസ് സർക്കാർ വിലക്ക് ഏർപ്പെടുത്തി. ഷാങ്ഹായിലും ഹോങ്കോങ്ങിലും ലിസ്റ്റിം​ഗിന് ശ്രമിച്ച കമ്പനിക്ക് ഇത് വലിയ ആഘാതമായിരുന്നു.

ജാക്ക് മായെ ഒരു വേദികളിലും കാണുന്നില്ലെന്ന തരത്തിൽ ചില മാധ്യമങ്ങൾ റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് വ്യവസായ ലോകത്ത് ആശങ്ക വർധിച്ചത്. കഴിഞ്ഞ രണ്ട് മാസമായി ആലിബാബ എന്ന വ്യവസായ ​ഗ്രൂപ്പിന്റെ ഉടമയും ചൈനീസ് ശതകോടീശ്വരനുമായ ജാക്ക് മായെക്കുറിച്ച് പുറം ലോകത്തിന് വിവരങ്ങളില്ല. അദ്ദേഹം ചൈനീസ് സർക്കാരിന്റെ തടവിലാണെന്ന തരത്തിൽ ചില റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ജാക്ക് മാ ചൈനീസ് സർക്കാരുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായ കാരണത്താൽ തൽക്കാലം നിശബ്ദനായി മാറി നിൽക്കുകയാണെന്നും സൂചനകളുണ്ട്.

'ഷെഡ്യൂൾ തെറ്റി'

ബിസിനസ് രം​ഗത്തെ ഹീറോകളെ കണ്ടെത്തുന്നതിനായുളള ടിവി ഷോയിൽ കഴിഞ്ഞ ദിവസം വിധികർത്താവായി ജാക്ക് മാ വരേണ്ടതായിരുന്നു. എന്നാൽ, അതുണ്ടായില്ല. ടെലിവിഷനിൽ പ്രത്യക്ഷപ്പെടാത്തത് മുൻ നിശ്ചയിച്ച പ്രകാരമുളള ഷെഡ്യൂൾ തെറ്റിയത് മൂലമാണെന്നാണ് ആലിബാബ കമ്പനി പ്രതികരിച്ചത്. 

ആന്റ് ഫിനാൻഷ്യലിന്റെ (ആന്റ് ​ഗ്രൂപ്പ്) ചില നിക്ഷേപ താൽപര്യവും ധനകാര്യ ഇടപാടുകളുമാണ് സർക്കാരിന്റെ എതിർപ്പിന് കാരണമെന്നും ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരം താൽപര്യങ്ങൾ ജാക്ക് മായും ചൈനീസ് സർക്കാരുമായുളള ബന്ധം വഷളാകാൻ കാരണമായതായി സൂചനകളുണ്ട്. 

ആലിബാബയും ടെൻസെന്റ് ഹോൾഡിംഗ്സ് പോലുള്ള അവരുടെ ബിസിനസ് എതിരാളികളും കോടിക്കണക്കിന് ഉപയോക്താക്കളെ സ്വരൂപിച്ചതിലൂടെ ചൈനയിലെ ദൈനംദിന ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്വാധീനം ചെലുത്തിയിരുന്നു. ഇതോടെ റെഗുലേറ്റർമാരിൽ നിന്ന് കൂടുതൽ സമ്മർദ്ദം ഈ ബിസിനസ് ​ഗ്രൂപ്പികളിലുണ്ടായിരുന്നു.

കഴിഞ്ഞ മാസം ചൈനയുടെ ആന്റിട്രസ്റ്റ് അധികൃതർ മായുടെ ഇ-കൊമേഴ്സ് കമ്പനിയായ ആലിബാബ ഗ്രൂപ്പ് ഹോൾഡിംഗിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. ചൈനയുടെ കേന്ദ്ര ബാങ്ക് വ്യവസായ ​ഗ്രൂപ്പിന്റെ ഉപഭോക്തൃ ധനകാര്യ പ്രവർത്തനങ്ങളിലും കമ്പനികളുമായി ബന്ധപ്പെട്ട വായ്പാ ഇടപാടുകളിലും മാറ്റങ്ങൾ വരുത്തണമെന്ന് നിർദ്ദേശിച്ചിരുന്നു.  

നിക്ഷേപം ഇന്ത്യയിലും

ലോകത്തിലെ ഏറ്റവും വലിയ പബ്ലിക് ഓഫറായി കണക്കാക്കപ്പെട്ടിരുന്ന ആന്റ് ഗ്രൂപ്പ് ഐപിഒ, നവംബർ അഞ്ചിന് ഷാങ്ഹായ്, ഹോങ്കോംഗ് ബോഴ്സുകളിൽ ലിസ്റ്റുചെയ്യാൻ തീരുമാനിച്ചിരുന്നു. ഐപിഒ പ്രവർത്തനങ്ങൾക്ക് 48 മണിക്കൂറിന് മുൻപ് വിലക്കുമായി സർക്കാർ ഏജൻസികളെത്തി. ഈ വിലക്കിനെ ചുറ്റിപ്പറ്റിയാണ് ദുരൂഹമായ നിരവധി റിപ്പോർട്ടുകൾ എപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഒക്ടോബറിൽ നടത്തിയ ഒരു പ്രസംഗത്തിൽ ജാക്ക് മാ ചൈനീസ് റെഗുലേറ്റർമാർ ഏത് വിഷയത്തിലും കാലതാമസം വരുത്തുന്നവരാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഈ പ്രസം​ഗവും അദ്ദേ​ഹത്തിന്റെ കാണാതാകലിന് ശേഷം വലിയ ചർച്ചയായിട്ടുണ്ട്.

ദശലക്ഷക്കണക്കിന് ഉപയോക്താക്കളും കോടിക്കണക്കിന് ഡോളർ വിറ്റുവരവുമുള്ള ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്സ് കമ്പനിയാണ് ജാക്ക് മായുടെ ആലിബാബ. ടൊബാവോ, ടമാൽ, അലിബാബ ഡോട്ട് കോം എന്നിവയുൾപ്പെടെ മൂന്ന് പ്രധാന സൈറ്റുകളും വ്യവസായ ​ഗ്രൂപ്പിന്റേതാണ്.

ഇന്ത്യയിൽ, പേയ്മെന്റ് കമ്പനിയായ പേറ്റിഎം, കമ്പനിയുടെ ഇ-കൊമേഴ് സ് വിഭാഗമായ പേറ്റിഎം മാൾ, ഫുഡ് ഡെലിവറി സ്റ്റാർട്ടപ്പായ സോമാറ്റോ, ഓൺലൈൻ ​ഗ്രേസറി സംരംഭമായ ബിഗ് ബാസ്ക്കറ്റ്, ഓൺലൈൻ റീട്ടെയിലർ സ്നാപ്ഡീൽ എന്നിവയിൽ ആലിബാബയ്ക്ക് നിക്ഷേപമുണ്ട്.

അധ്യാപകനായി തുടങ്ങി സംരംഭകനായി മാറി, ലോകത്തെ അത്ഭുതപ്പെടുത്തി ശതകോടീശ്വരനായി നേട്ടം കൊയ്ത വ്യക്തിത്വത്തിന് ഉടമയാണ് ജാക്ക് മാ. 
 

Latest Videos
Follow Us:
Download App:
  • android
  • ios