ആരോഗ്യമേഖലയിലെ സ്റ്റാർട്ടപ്പായ ക്യുർ.ഫിറ്റ് ജീവനക്കാരെ പിരിച്ചുവിട്ടു, ശമ്പളം വെട്ടിക്കുറച്ചു
മാർച്ച് മാസത്തിൽ സിങ്കപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെമസെക് അടക്കമുള്ളവർ 110 ദശലക്ഷം ഡോളറിന്റെ നിക്ഷേപമാണ് കമ്പനിയിൽ നടത്തിയത്.
ദില്ലി: ആരോഗ്യമേഖലയിലെ സ്റ്റാർട്ടപ്പ് സംരംഭമായ ക്യുർ.ഫിറ്റ് (Cure.fit) തങ്ങളുടെ പത്ത് ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിട്ടു. ശേഷിച്ച ജീവനക്കാരുടെ വേതനം വെട്ടിക്കുറയ്ക്കുകയും ചെയ്തു. കൊവിഡിന്റെ പശ്ചാത്തലത്തിലേറ്റ സാമ്പത്തിക തിരിച്ചടികളെ തുടർന്നാണ് കടുത്ത തീരുമാനം.
ട്രെയിനേഴ്സ്, സെന്റർ മാനേജർമാർ, ഹ്യുമൻ റിസോർസ് പേഴ്സണൽ എന്നീ വിഭാഗങ്ങളിലെ ജീവനക്കാരോടാണ് മെയ് ഒന്ന് മുതൽ രാജിവയ്ക്കാൻ ആവശ്യപ്പെട്ടത്. കമ്പനിയുടെ തീരുമാനം 500 ഓളം ജീവനക്കാരെ ബാധിച്ചെന്നാണ് വിവരം.
മഹാമാരി കമ്പനിയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചെന്നാണ് മാനേജ്മെന്റ് വിശദീകരണം. ഇന്ത്യയിലെ ചെറു നഗരങ്ങളിലെയും യുഎഇയിലെയും പ്രവർത്തനങ്ങൾ തീർത്തും തടസപ്പെട്ടു. കമ്പനിയുടെ സ്ഥാപകരായ മുകേഷ് ബൻസൽ, അങ്കിത് നഗോറി എന്നിവർ തങ്ങളുടെ വേതനം പൂർണ്ണമായും വേണ്ടെന്ന് വച്ചു. മിന്ത്ര, ഫേസ്ബുക്ക് എന്നിവയിൽ ഉന്നത സ്ഥാനം വഹിച്ചവരായിരുന്നു ബൻസാലും നഗോറിയും. അവിടെ നിന്നും രാജിവച്ച ശേഷമാണ് അവർ പുതിയ സംരംഭം ആരംഭിച്ചത്. മാനേജ്മെന്റ് വിഭാഗത്തിലെ ജീവനക്കാർക്ക് 50 ശതമാനം വരെ ശമ്പളം പിടിച്ചു. ശേഷിച്ചവർക്ക് 20 ശതമാനം മുതൽ 30 ശതമാനം വരെ കുറവ് വേതനമേ ഇനി ലഭിക്കൂ.
ക്രഞ്ച്ബേസ് റിപ്പോർട്ട് പ്രകാരം ഒമ്പത് തവണകളിലായി കമ്പനി 404.6 ദശലക്ഷം ഡോളർ സമാഹരിച്ചിരുന്നു. മാർച്ച് മാസത്തിൽ സിങ്കപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെമസെക് അടക്കമുള്ളവർ 110 ദശലക്ഷം ഡോളറിന്റെ നിക്ഷേപമാണ് കമ്പനിയിൽ നടത്തിയത്.