ബിഗ് ബസാറിന്റെ സാരഥിക്ക് പുതിയ ചുമതല; ഫ്യൂച്ചർ റീടെയ്‌ലിന്റെ തലവര മാറുമോ?
ബിഗ് ബസാർ, എഫ്ബിബി, ഫുഡ്ഹാൾ, ഈസിഡേ, നിൽഗിരിസ് തുടങ്ങിയ റീടെയ്ൽ സ്റ്റോറുകളെല്ലാം ഇനി സദാശിവ് നായകിന്റെ മേൽനോട്ടത്തിലാവും പ്രവർത്തിക്കുക.
മുംബൈ: സദാശിവ് നായകിനെ ഫ്യൂചർ റീടെയ്ൽ കമ്പനി സിഇഒയായി നിയമിച്ചു. ഇന്ന് ചേർന്ന ബോർഡ് യോഗത്തിൽ സദാശിവ് നായകിന്റെ നിയമനം അംഗീകരിച്ചു. ഇക്കാര്യം റെഗുലേറ്ററി ഫയലിങിൽ കമ്പനി വ്യക്തമാക്കി.
ഫ്യൂചർ ഗ്രൂപ്പിന്റെ ഭാഗമായി കഴിഞ്ഞ 17 വർഷമായി പ്രവർത്തിക്കുന്നയാളാണ് സദാശിവ് നായക്. കഴിഞ്ഞ എട്ട് വർഷമായി അദ്ദേഹമാണ് ബിഗ് ബസാറിന്റെ സിഇഒ. ഇന്നത്തെ നിലയിലേക്ക് ബിഗ് ബസാറിനെ ഉയർത്തിയതിൽ ഇദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല. അത് തന്നെയാണ് ഫ്യൂചർ റീടെയ്ൽ ബിസിനസിന്റെ തലവനായുള്ള സ്ഥാനക്കയറ്റത്തിന്റെ കാരണവും.
ബിഗ് ബസാർ, എഫ്ബിബി, ഫുഡ്ഹാൾ, ഈസിഡേ, നിൽഗിരിസ് തുടങ്ങിയ റീടെയ്ൽ സ്റ്റോറുകളെല്ലാം ഇനി സദാശിവ് നായകിന്റെ മേൽനോട്ടത്തിലാവും പ്രവർത്തിക്കുക.
കർണാടകത്തിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെയും ജംഷഡ്പൂരിലെ എക്സ്എൽആർഐയിലെയും പൂർവ വിദ്യാർത്ഥിയായ ഇദ്ദേഹത്തിന് 27 വർഷത്തെ സേവന പരിചയമുണ്ട്. ഫ്യൂചർ ഗ്രൂപ്പിലെത്തുന്നതിന് മുൻപ് അദ്ദേഹം ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡിന്റെയും ഏഷ്യൻ പെയിന്റ്സ് ലിമിറ്റഡിന്റെയും ഭാഗമായിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona