കൂടിയ ഡിസ്കൗണ്ടിൽ സാധനങ്ങൾ വിൽക്കുമെന്ന് ആശങ്ക: ഫ്ലിപ്‌കാർട്ടിനെതിരെ പരാതിയുമായി ഓൺലൈൻ വ്യാപാരികൾ
ഫ്ലിപ്കാർട്ട് അടുത്തിടെ തുടങ്ങിയ പലചരക്ക് വിപണിയായ ഫ്ലിപ്കാർട്ട് സൂപ്പർമാർക്കറ്റിൽ വാൾമാർട്ട് ഇന്ത്യയുടെ സെല്ലേർസ് കൂടിയ ഡിസ്കൗണ്ടിൽ സാധനങ്ങൾ വിൽക്കുമെന്ന ആശങ്ക പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.
മുംബൈ: വാൾമാർട്ട് ഇന്ത്യയെ ഏറ്റെടുത്ത ഫ്ലിപ്കാർട്ടിന്റെ നടപടിക്കെതിരെ ഓൾ ഇന്ത്യ ഓൺലൈൻ വെന്റേർസ് അസോസിയേഷൻ പരാതി നൽകി. കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യക്കാണ് പരാതി നൽകിയത്. ഇടപാടിലൂടെ വാൾമാർട്ട് ഇന്ത്യയിലെ വിൽപ്പനക്കാർക്ക് പ്രത്യേക ആനുകൂല്യം ലഭിക്കുമെന്നാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.
ഫ്ലിപ്കാർട്ട് അടുത്തിടെ തുടങ്ങിയ പലചരക്ക് വിപണിയായ ഫ്ലിപ്കാർട്ട് സൂപ്പർമാർക്കറ്റിൽ വാൾമാർട്ട് ഇന്ത്യയുടെ സെല്ലേർസ് കൂടിയ ഡിസ്കൗണ്ടിൽ സാധനങ്ങൾ വിൽക്കുമെന്ന ആശങ്ക പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. മാർച്ചിൽ ഫ്ലിപ്‌കാർട്ടിനെതിരെ അന്വേഷണം നടത്താൻ നാഷണൽ കമ്പനി ലോ അപ്പല്ലറ്റ് ട്രൈബ്യൂണൽ സിസിഐക്ക് നിർദ്ദേശം നൽകിയിരുന്നു. വിപണിയിലെ മേൽക്കോയ്മയുമായി ബന്ധപ്പെട്ടാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
വാൾമാർട്ട് ഇന്ത്യയെ ഏറ്റെടുത്ത് ഹോൾസെയിൽ വിപണിയിൽ തങ്ങളുടെ സ്വാധീനം വർധിപ്പിച്ചിരിക്കുകയാണ് ഫ്ലിപ്കാർട്ട്. ഈയിടെ ഫ്ലിപ്‌കാർട്ട് ഹോൾസെയിൽ എന്ന പുതിയ സംരംഭത്തിനും തുടക്കം കുറിച്ചിരുന്നു. ഒൻപത് സംസ്ഥാനങ്ങളിലായി 28 ബെസ്റ്റ് പ്രൈസ് സ്റ്റോറുകൾ ഫ്ലിപ്കാർട്ട് നടത്തുന്നുണ്ട്.