ജോലി നഷ്ടപ്പെടാന്‍ പോകുന്നത് 40,000 ത്തോളം പേര്‍ക്ക്: അഞ്ച് വര്‍ഷം കൂടുമ്പോഴുളള പ്രവണതയെന്നും വിലയിരുത്തല്‍
വലിയ തുക ശമ്പളമായി ലഭിക്കുന്ന സ്ഥാനത്തിരിക്കുകയും എന്നാല്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്താല്‍ ആ ശമ്പളത്തിനും, ഉയര്‍ന്ന ശമ്പളമുള്ള ഒരു ജോലിക്കും നിങ്ങള്‍ക്ക് അര്‍ഹതയില്ല എന്നാണ്.
ബെംഗളൂരു: ഇന്ത്യയിലെ ഐടി കമ്പനികള്‍ ഈ വര്‍ഷം മധ്യനിരയിലുള്ള 30,000 മുതല്‍ 40,000 വരെ ജീവനക്കാരെ പിരിച്ചുവിടുമെന്ന് ആരിന്‍ ക്യാപ്പിറ്റൽ ആന്‍ഡ് മണിപാല്‍ ഗ്ലോബല്‍ എജ്യുക്കേഷന്‍ സര്‍വീസസ് ചെയര്‍മാന്‍ ടി.വി. മോഹന്‍ദാസ് പൈ. കൂട്ടപ്പിരിച്ചുവിടലും തൊഴില്‍നഷ്ടവും അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ആഗോള പ്രതിഭാസമാണെന്നും ഇന്‍ഫോസിസിന്റെ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കൂടിയായ പൈ പറഞ്ഞു. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ പോലെ ഇന്ത്യയിലും ഒരു മേഖലയിലെ വളര്‍ച്ച പക്വതയാര്‍ജ്ജിക്കുമ്പോഴോ സമ്പദ് വ്യവസ്ഥ തകരാറിലാവുമ്പോഴോ മധ്യനിരയിലുള്ള കുറേയധികം ആള്‍ക്കാര്‍ക്ക് വെറുതെ ശമ്പളം നല്‍കേണ്ടിവരും. ഇവര്‍ക്ക് നല്‍കുന്ന ശമ്പളത്തിന്റെ ഗുണം കമ്പനിക്ക് ലഭിക്കുകയുമില്ല, സാമ്പത്തികബാധ്യത ഉണ്ടാവുകയും ചെയ്യും. കമ്പനി അതിവേഗ വളര്‍ച്ചയുടെ പാതയിലാണെങ്കില്‍ പ്രമോഷനുകള്‍ നല്‍കാം. അപ്പോള്‍ ശമ്പളവും സ്വാഭാവികമായി കൂടും.
എന്നാല്‍, മാന്ദ്യകാലത്ത് ഒരു വലിയ തുക ഇങ്ങനെ ശമ്പളയിനത്തില്‍ ചെലവഴിക്കേണ്ടി വരും. ഇതൊഴിവാക്കുന്നതിന് കമ്പനികള്‍ തൊഴില്‍പരമായ ഘടനകളില്‍ മാറ്റം വരുത്താന്‍ നിര്‍ബന്ധിതരാകും. തൊഴില്‍ പുനക്രമീകരണത്തിന്റെ ഭാഗമായി ആളുകളെ പിരിച്ചുവിടുകയും ചെയ്യും. ഇത് എല്ലാ അഞ്ചുകൊല്ലം കൂടുമ്പോഴും ആവര്‍ത്തിക്കും. വലിയ തുക ശമ്പളമായി ലഭിക്കുന്ന സ്ഥാനത്തിരിക്കുകയും എന്നാല്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്താല്‍ ആ ശമ്പളത്തിനും, ഉയര്‍ന്ന ശമ്പളമുള്ള ഒരു ജോലിക്കും നിങ്ങള്‍ക്ക് അര്‍ഹതയില്ല എന്നാണ്.
രാജ്യത്തെമ്പാടുമുള്ള 40,000 പേര്‍ക്ക് വര്‍ഷം ജോലി നഷ്ടപ്പെടാം. ഇതില്‍ ഏതെങ്കിലും മേഖലയില്‍ സ്‌പെഷ്യലൈസേഷന്‍ നേടിയിട്ടുള്ള 80 ശതമാനത്തിലധികം പേര്‍ക്കും രാജ്യത്ത് ധാരാളം തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നും പൈ പറഞ്ഞു.
സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന ഐടി രംഗത്തെ ഭീമന്മാരായ കൊഗ്നിസന്റും ഇന്‍ഫോസിസും ജീവനക്കാരെ വെട്ടിക്കുറച്ച് ചെലവ് ചുരുക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. കൂട്ടപ്പിരിച്ചുവിടലിനെ എതിര്‍ത്ത എഫ്‌ഐറ്റിഇ യൂണിയന്‍ ജനറല്‍ സെക്രട്ടറി ഇളവരശന്‍ രാജയെ കൊഗ്നിസന്റ് കഴിഞ്ഞദിവസം പുറത്താക്കിയിരുന്നു. എട്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ള രാജയെ മോശം
പെര്‍ഫോമന്‍സിന്റെ പേരിലാണ് പിരിച്ചുവിട്ടത്. ഐടി രംഗത്തെ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി സര്‍ക്കാരും ഐടി കമ്പനികളും ചേര്‍ന്ന ത്രികക്ഷിയുടെ ഭാഗമാണ് ഈ യൂണിയന്‍. അതിന്റെ നേതാവിനെത്തന്നെ പിരിച്ചുവിട്ടത് വരാനിരിക്കുന്ന കടുത്ത നടപടികളുടെ ഭാഗമാണെന്നാണ് അവലോകനം.
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇന്‍ഫോസിസും കൂട്ടപ്പിരിച്ചുവിടല്‍ നടത്തുമെന്ന് അറിയിച്ചിരുന്നു. ഉയര്‍ന്ന റാങ്കിലുള്ള ജീവനക്കാരെയാണ് പുറത്താക്കുക. അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്,സീനിയര്‍ വൈസ് പ്രസിഡന്റ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, സീനിയര്‍ മാനേജര്‍, അസോസിയേറ്റ്‌സ് തുടങ്ങി ഉന്നത സ്ഥാനത്തുള്ളവര്‍ക്കാണ് ജോലി നഷ്ടപ്പെടുക. ജോലിയിലെ പ്രകടനം കണക്കിലെടുത്ത് മുമ്പ് ആളുകളെ പിരിച്ചുവിട്ടിട്ടുണ്ടെങ്കിലും ഇത്രയും ഉയര്‍ന്ന തോതിലുള്ള പിരിച്ചുവിടല്‍ സമീപകാലത്തുണ്ടായിട്ടില്ല.