ഇ കൊമേഴ്സ് കമ്പനികൾക്കെതിരെ വ്യാപക പരാതി, അന്വേഷണം തുടങ്ങി; ഇളവുകളുടെ കാലം അവസാനിക്കുന്നോ?
ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ സേവന ദാതാക്കൾ മാത്രമാണ്. വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും സാധനങ്ങൾ വാങ്ങാനും വിൽക്കാനുമുള്ള ഒരു ഓൺലൈൻ പ്രതലം മാത്രമാണിത്.
ദില്ലി: ആഗോള കുത്തക കമ്പനികൾ അടക്കമുള്ള ഇ-കൊമേഴ്സ് കമ്പനികൾക്കെതിരെ അന്വേഷണം നടക്കുന്നതായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. ഇ-കൊമേഴ്സ് ചട്ടങ്ങൾ ലംഘിക്കുന്നതായി ഉപഭോക്താക്കളും റീടെയ്ൽ വ്യാപാരികളും പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്.
ഇ-കൊമേഴ്സ് പോളിസിയിലെ ചില നിർദ്ദേശങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുമെന്നും മന്ത്രി പറഞ്ഞു. കമ്പനികൾക്ക് കൂടി സ്വീകാര്യമായ വിധത്തിൽ പ്രവർത്തിക്കാനാവും വിധത്തിലാണ് വ്യക്തത വരുത്തുന്നത്. എന്നാൽ, ഇ-കൊമേഴ്സ് പോളിസിയിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം അർത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം വിശദീകരിച്ചു.
ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ സേവന ദാതാക്കൾ മാത്രമാണ്. വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും സാധനങ്ങൾ വാങ്ങാനും വിൽക്കാനുമുള്ള ഒരു ഓൺലൈൻ പ്രതലം മാത്രമാണിത്. കമ്പനികൾ വ്യാപാര ഇടപാടുകളുടെ ഭാഗമാകരുതെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം ഉൽപ്പന്നത്തിന് കൂടുതൽ പ്രചാരം നൽകാനോ ഒരു കമ്പനിയുടെ ഉൽപ്പന്നത്തിന്റെ വില സമാനമായ മറ്റൊരു ഉൽപ്പന്നത്തിന്റെ വിലയിൽ നിന്നും വളരെയധികം കുറയ്ക്കരുതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
മൊബൈൽ, എഫ്എംസിജി, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ അപ്ലയൻസ്, സ്പോർട്സ് ആന്റ് ഫിറ്റ്നെസ് എന്നിവയുടെ നിർമ്മാതാക്കളായ വിദേശ കുത്തക കമ്പനികളും തദ്ദേശീയ കോർപറേറ്റ് ഭീമന്മാരും ആമസോണും ഫ്ലിപ്‌കാർട്ടും അടക്കമുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ വമ്പൻ ഇളവുകൾ നൽകുന്നതിനെതിരാണ് വ്യാപാരി സമൂഹം. അതിനാൽ തന്നെ ദീർഘകാലമായി കേന്ദ്രസർക്കാരിന് മേൽ വ്യാപാരി സമൂഹം സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഇതാണ് പുതിയ പോളിസി രൂപീകരണത്തിനും പിന്നിൽ.